28 February Sunday

തൊഴിലിനുള്ള സമരം വേണ്ടത് കേന്ദ്രത്തിനെതിരെ : എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

എൽഡിഎഫ് വടക്കൻമേഖലാ ജാഥയ്ക്ക് പാലക്കാട് കോട്ടമെെതാനത്ത് നൽകിയ സ്വീകരണത്തിൽ ജാഥാക്യാപ്റ്റൻ എ വിജയരാഘവൻ സംസാരിക്കുന്നു

പാലക്കാട്‌
ബിജെപി മാടിവിളിച്ചാൽ ഓടിപ്പോകുന്നവരാണ്‌ കോൺഗ്രസ്‌ എംഎൽഎമാരെന്നും ഇനിയും പോകാത്തവർ ഒരു കാല്‌ ബിജെപിയിൽ വച്ച്‌ തയ്യാറായി ഇരിക്കുകയാണെന്നും‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ  ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ്‌ വടക്കന്‍ മേഖല വികസന മുന്നേറ്റജാഥയ്ക്ക് പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുച്ചേരിയിലെ കോൺഗ്രസ്‌ ഭരണം കേന്ദ്ര ഏജൻസികളെയും മറ്റും  ഉപയോഗിച്ച്‌  ബിജെപി പൊളിച്ചു. എന്നാൽ ഈ ഏജൻസികൾക്ക്‌ കുഴലൂത്ത്‌ നടത്തുകയാണ്‌ കേരളത്തിലെ കോൺഗ്രസുകാർ.   ഇടതുപക്ഷത്തുനിന്ന്‌ എംഎൽഎമാരെ കാലുമാറ്റി ബിജെപിക്ക്‌ സർക്കാർ ഉണ്ടാക്കാൻ കഴിയില്ല. അതാണ്‌‌ ഇടതുപക്ഷത്തെ അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നത്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌,  ബിജെപിയെയും മതതീവ്രവാദ ശക്തികളെയുമായി   കൂട്ടുകൂടിയിട്ടും രക്ഷയുണ്ടായില്ല. അടുത്ത തെരഞ്ഞെടുപ്പിലും ഇത്‌ തുടരുമോയെന്ന ചോദ്യത്തിന്‌ ഉത്തരവുമില്ല.
 യുഡിഎഫ്‌ ദുർബലമായി. രണ്ട്‌ ചിറക്‌ പോയ പക്ഷിയുടെ അവസ്ഥയാണ്‌.  ഇടതുപക്ഷ മുന്നണിയിൽനിന്ന്‌ ഒരു കക്ഷിയെയും അടർത്തിയെടുത്താനുള്ള ശേഷി യുഡിഎഫിനില്ല.
 സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന തീവ്രഹിന്ദുത്വത്തിന്റെ മൃദുവായ പകര്‍പ്പാണ് കോണ്‍ഗ്രസ്‌. പിഎസ്‌സിയിലെ കാലാവധി കഴിഞ്ഞ റാങ്ക്‌ ലിസ്‌റ്റിലുള്ളവരെ നിയമിക്കണമെന്നാണ് ഇപ്പോഴത്തെ‌ ആവശ്യം.  നിയമപരമായി പറ്റാത്ത കാര്യമാണെന്ന്‌ ബോധ്യപ്പെടുത്തിയിട്ടും കാര്യമില്ല. റാങ്ക്‌ ഹോൾഡേഴ്‌സ്‌ സമരം നിർത്തിയാലോയെന്ന്‌ പേടിച്ചിട്ടാണ്‌ തൊട്ടടുത്ത്‌ തന്നെ കോൺഗ്രസ്‌ എംഎൽഎമാർ സത്യഗ്രഹമിരിക്കുന്നത്‌. പിഎസ്‌സിയ്‌ക്കെതിരെ തിരിയുന്നവർ കേന്ദ്രത്തിനെതിരെയാണ്‌ സമരം ചെയ്യേണ്ടത്‌. 13 ലക്ഷം  ഒഴിവുകളിലാണ്‌ കേന്ദ്ര സർക്കാർ നിയമനം നടത്താത്തത്. 
കോവിഡ് വാക്സിനേഷന്‍ പൂർത്തിയാകുന്ന മുറയ്ക്ക് ദേശീയ പൗരത്വ നിയമം നടപ്പാക്കുമെന്നാണ് നരേന്ദ്രമോഡിയുടെ പ്രഖ്യാപനം. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ഒരു നിയമവും കേരളത്തില്‍ നടപ്പാക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. കര്‍ഷകരെ മണ്ണില്‍നിന്ന് അറുത്തുമാറ്റാനാണ് ബിജെപിയും കോര്‍പറേറ്റുകളും ശ്രമിക്കുന്നത്. എന്നാല്‍ കര്‍ഷകരെ ചേർത്തുപിടിക്കുകയാണ്‌ പിണറായി സര്‍ക്കാര്‍–- എ വിജയരാഘവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top