21 November Thursday

അറിവിന്റെ അക്ഷരയാത്ര തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

"അക്ഷരയാത്ര 2019' ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട് 
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്  ജില്ലയിൽ സംഘടിപ്പിക്കുന്ന "അക്ഷരയാത്ര 2019' ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്‌ഘാടനം ചെയ്‌തു. ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയേംഗം ടി കെ നാരായണദാസ് അധ്യക്ഷനായി. 
മുതിർന്ന അധ്യാപികയായ സി ഓമനയെ ചടങ്ങിൽ ആദരിച്ചു. സാഹിത്യമത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകി. സ്‌കൂൾ പ്രിൻസിപ്പൽ പി അനിൽ, പിടിഎ പ്രസിഡന്റ് ജിസ ജോമോൻ, എസ്എംസി ചെയർപേഴ്സൺ നസീമ ജാഫർ, മദർ പിടിഎ പ്രസിഡന്റ് സുമതി സുരേഷ്, പ്രധാനാധ്യാപകരായ കെ ശിവദാസൻ, യു ശിവദാസൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രേറിയൻ സി ജി ഉല്ലാസ് എന്നിവർ സംസാരിച്ചു. അക്ഷരയാത്രയോട് അനുബന്ധിച്ച് സ്‌കൂളിൽ നടത്തുന്ന പുസ്തകമേളയിൽ 230 ബാലസാഹിത്യപുസ്തകങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
 കുട്ടികൾക്ക് പകുതിവിലയ്ക്ക് പുസ്തകങ്ങൾ വാങ്ങാം. ഒരു സ്കൂളിൽ രണ്ടുദിവസമാണ് പുസ്തകമേള ഉണ്ടാവുക. ജില്ലയിലെ പത്ത്‌സ്‌കൂളുകൾ കേന്ദ്രീകരിച്ച്‌ നടത്തുന്ന പരിപാടി ഒരു മാസം നീളും.  
മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിനെത്തുടർന്ന് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തുടക്കം കുറിച്ച വായനപ്രോത്സാഹനപദ്ധതിയാണ് അക്ഷരയാത്ര. മുതിർന്ന അധ്യാപകരെ ആദരിക്കൽ, കുട്ടികൾക്കുള്ള സാഹിത്യമത്സരങ്ങൾ, സാംസ്കാരിക സമ്മേളനം, വിപുലമായ ബാലസാഹിത്യ പുസ്തകമേള തുടങ്ങിയവയാണ് ‘അക്ഷരയാത്ര–- 2019’ൽ ഉൾപ്പെടുന്നത്.
പ്രധാന വാർത്തകൾ
 Top