06 December Friday
ആനയെ കാട‌് കയറ്റാൻ ശ്രമം

കൃഷിനാശം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

ആറങ്ങോട്ടുകുളമ്പിൽ പുഴയിലിറങ്ങുന്ന കാട്ടാനക്കൂട്ടം

മുണ്ടൂർ/ കൊല്ലങ്കോട്‌
കാടുകയറാതെ നാട്ടിൽ തുടരുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു.  
മലമ്പുഴ, കൊല്ലങ്കോട്‌, നെല്ലിയാമ്പതി പ്രദേശങ്ങളിൽലാണ്‌ കാട്ടാനകൾ ഭീതി വിതയ്‌ക്കുന്നത്‌.  മലമ്പുഴയിലെ ആറങ്ങോട്ടുകുളമ്പിലും പരിസരത്തും നാശംവിതയ്‌ക്കുന്ന കാട്ടാനകളെ കാട‌് കയറ്റാൻ ശ്രമം തുടരുന്നു. പകൽസമയത്ത‌് കാടിനുള്ളിലേക്കു കയറുന്ന കാട്ടാനകൾ ഇരുട്ട‌് വീഴുമ്പോഴേക്കും നാട്ടിലിറങ്ങുകയാണ‌്. പുഴ കടന്ന് അരികുനി ഭാഗത്തിറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ‌്. 
മൂന്ന് ആനകളെയും കാട‌് കയറ്റാൻ വനപാലകർ ശ്രമിക്കുന്നുവെങ്കിലും ഫലം കാണുന്നില്ല. തിങ്കളാഴ‌്ച രാത്രിയും ആറങ്ങോട്ടുകുളമ്പിൽത്തന്നെ ചുറ്റിക്കറങ്ങുകയാണ‌് കാട്ടാനകൾ. 
മുണ്ടൂരിൽ കാട്ടാന വീണ്ടും കൃഷിനശിപ്പിച്ചു. മോഴികുന്നം പാടശേഖരത്തിലാണ്  രണ്ട‌് കാട്ടാനകൾ വ്യാപക കൃഷിനാശം വരുത്തിയത‌്. ശ്രീകൃഷ്ണന്റെ രണ്ട് ഏക്കർ നെൽകൃഷിയാണ് നശിപ്പിച്ചത്. ഞായറാഴ‌്ച രാത്രി ഒടുവൻകാട്ടിൽ ദേവകിയുടെ വേലി പൊളിച്ചെത്തിയ ആനകൾ നേരംപുലരുവോളം പ്രദേശത്ത് ചുറ്റിയതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ആഴ്ച‌്‌യും പ്രദേശത്ത് കൃഷിനശിപ്പിച്ചിരുന്നു.
കൊല്ലങ്കോട് പഞ്ചായത്തിലെ നെല്ലിയാമ്പതി മലയോട് ചേർന്ന് കിടക്കുന്ന പറത്തോട്, പുത്തൻപാടം, കൊട്ടക്കുറുശി എന്നീ പ്രദേശങ്ങളിലാണ്  ഞായറാഴ‌്ച രാത്രി രണ്ട‌് ഏക്കറോളം നെൽപ്പാടം ആന ചവിട്ടിമെതിച്ചത‌്. 
ചാത്തുണ്ണി, നരേന്ദ്രൻ, ശശീന്ദ്രൻ, രവീന്ദ്രൻ എന്നിവരുടെ കൃഷിയിടമാണ് നശിപ്പിച്ചത്. രണ്ടാഴ്ചയിലേറെയായി ജനവാസ മേഖലയിൽ എത്തിയ പത്തോളം വരുന്നകാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട‌്. രാത്രിയിൽ നാശനഷ്ടമുണ്ടാക്കിയശേഷം പകൽസമയം കാടുകയറുന്നതിനാൽ വനംവകുപ്പ‌്  ഉദ്യോഗസ്ഥർക്ക് ആനക്കൂട്ടത്തെ   കാണാൻ കഴിയുന്നുമില്ല .
പ്രധാന വാർത്തകൾ
 Top