02 June Tuesday
പ്രതിരോധം ശക്തം

5 കോവിഡ് കേസ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
പാലക്കാട് 
ഏഴുമാസം പ്രായമുള്ള ആൺകുഞ്ഞിനുൾപ്പെടെ ജില്ലയിൽ അഞ്ചുപേർക്ക് വെള്ളിയാഴ്ച കോവിഡ് –- 19 സ്ഥിരീകരിച്ചു. മുംബൈയിൽനിന്ന്‌ വന്ന കൂറ്റനാട് പെരിങ്ങോട് സ്വദേശികളുടെ കുഞ്ഞിനാണ്‌ രോഗം സ്ഥിരീകരിച്ചത്‌‌. കുഞ്ഞിന്റെ അച്‌ഛൻ (32) , അമ്മൂമ്മ (58) , അമ്മയുടെ സഹോദരി (30) എന്നിവരും കോവിഡ്‌ ബാധിതരാണ്‌. അമ്മയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന്‌ ഡിഎംഒ കെ പി റീത്ത അറിയിച്ചു.
ആദ്യമായാണ് ജില്ലയിൽ കുഞ്ഞിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ചെന്നൈയിൽനിന്ന്‌ നാട്ടിലെത്തിയ കടമ്പഴിപ്പുറം കുളക്കാട്ടുകുറുശി സ്വദേശിയായ, 45 വയസ്സുള്ള സ്ത്രീയാണ് മറ്റൊരാൾ. രോഗം സ്ഥിരീകരിച്ചവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
കൂറ്റനാട് സ്വദേശികൾ മുംബൈയിൽനിന്ന്‌ ഈ മാസം 16ന് പുറപ്പെട്ട് 18ന് തലപ്പാടി ചെക്‌പോസ്റ്റ് വഴി പെരിങ്ങോട്ടെ വീട്ടിലെത്തി. രണ്ട് കാറുകളിലായി ഇവരുൾപ്പടെ ഒമ്പത്പേരാണ് മുംബൈയിൽനിന്ന് എത്തിയത്.  ഒരാൾക്ക് പനി ബാധിച്ചതിനെത്തുടർന്ന് മെയ് 20ന് എല്ലാവരുടെയും സ്രവം പരിശോധനയ്ക്ക് എടുത്തു. തുടർന്നാണ്‌ രോഗം സ്ഥിരീകരിച്ചത്. ഇവരുടെകൂടെ മറ്റൊരു വാഹനത്തിൽ വന്ന അഞ്ചുപേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. 
കടമ്പഴിപ്പുറം കുളക്കാട്ടുകുറുശി സ്വദേശിനി എട്ടിന് ചെന്നൈയിൽനിന്ന്‌ നാട്ടിലെത്തി. 16ന് രോഗം സ്ഥിരീകരിച്ച കാരാകുറുശി സ്വദേശി ഉൾപ്പെടുന്ന സംഘത്തോടൊപ്പമാണ് ഇവർ എത്തിയത്.  ഭർത്താവ് ചെന്നൈയിൽ ചായക്കട നടത്തുകയാണ്. ഭർത്താവും മകനും നേരത്തേ രോഗം സ്ഥിരീകരിച്ച വ്യക്തിയും ഉൾപ്പെടെ 11 പേരാണ് സംഘത്തിലുണ്ടായിരുന്നത്. എട്ടിന് വാളയാർ ചെക്പോസ്റ്റിൽ എത്തിയശേഷം ടാക്സിയിലാണ് ഇവർ വീടുകളിലേക്ക് പോയത്. ഭർത്താവിന്റെയും മകന്റെയും പരിശോധനാഫലം നെഗറ്റീവ് ആണ്. 
മെയ് 16ന് കാരാകുറുശി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ 20ന് മറ്റുള്ളവരുടെയും സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു.  എല്ലാവർക്കും യാത്രാപാസ് ഉണ്ടായിരുന്നു.
 ഇതോടെ ജില്ലയിൽ കോവിഡ്–-19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 26പേരായി. ആലത്തൂർ , മങ്കര സ്വദേശികൾ ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ചികിത്സയിലുണ്ട്.
പ്രധാന വാർത്തകൾ
 Top