02 March Tuesday

ആർത്തിരമ്പി നിളാതീരം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

വികസന മുന്നേറ്റ ജാഥയ്ക്ക് ജില്ലാ അതിർത്തിയായ വിളയൂർ സെന്ററിൽ നൽകിയ വരവേൽപ്പ്

 പാലക്കാട്‌ 

നിളയുടെ തീരത്തിലൂടെ വള്ളുവനാടിന്റെ ഹൃദയഭൂവിലേക്ക്‌‌ എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥ പ്രവേശിച്ചു. മലപ്പുറം ജില്ലയിലെ ഹൃദ്യമായ സ്വീകരണത്തിനുശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ നയിക്കുന്ന വടക്കൻമേഖലാ ജാഥ പാലക്കാട് ജില്ലയിലേക്ക് തിങ്കളാഴ്ച രാത്രി പ്രവേശിച്ചു. ജില്ലാ അതിർത്തിയായ പട്ടാമ്പി വിളയൂർ സെന്ററിൽ എത്തുമ്പോൾ വരവേൽക്കാൻ കാത്തുനിന്നത്‌ ആയിരങ്ങൾ.
     ആവേശം അലയടിച്ച്  ഇടിമുഴക്കംപോലെ മുദ്രാവാക്യങ്ങൾ ഉയർന്നു. ജനം വരിവരിയായിനിന്ന് പുഷ്‌പവൃഷ്ടി ചൊരിഞ്ഞു.  ഇരുചക്രവാഹനങ്ങളുടെയും  ബാന്റ്‌‌വാദ്യത്തിന്റെയും അകമ്പടിയോടെ ജാഥയെ ജില്ലയിലേക്ക് വരവേറ്റു. നാടിന്റെ വികസന സന്ദേശവുമായി ജാഥ ഇനി കേരളത്തിന്റെ നെല്ലറയിൽ രണ്ടുനാൾ പര്യടനം നടത്തും.  
എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ വികസനമുന്നേറ്റവും ക്ഷേമപ്രവർത്തനവും തിരമാലകളായി  ജനമനസ്സിൽ അലയടിക്കുന്നതിന്റെ നേർസാക്ഷ്യമായിരുന്നു ജില്ലയിലെ ആദ്യവരവേൽപ്പ്‌.  ‘നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്‌’ എന്ന മുദ്രാവാക്യമുയർത്തിയുള്ള   ജാഥയുടെ ക്യാപ്‌റ്റൻ എ വിജയരാഘവനെ ജില്ലാ അതിർത്തിയിൽ എൽഡിഎഫ്‌ ജില്ലാകൺവീനർ വി ചാമുണ്ണി ഹാരമണിയിച്ച്‌‌ വരവേറ്റു‌. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി മമ്മിക്കുട്ടി, ടി കെ നാരായണദാസ്‌, വി കെ ചന്ദ്രൻ, ഏരിയ സെക്രട്ടറി എൻ പി വിനയകുമാർ, എൽഡിഎഫ്‌ നേതാക്കളായ കെ പി അബ്ദുറഹ്‌മാൻ, നൈസ്‌ മാത്യൂ, കെ കുശലകുമാർ എന്നിവരും ജില്ലാ അതിർത്തിയിൽ ജാഥയെ വരവേൽക്കാനെത്തി.
    വിളയൂർ സെന്ററിൽ വി ചാമുണ്ണി, എം ചന്ദ്രൻ, കെ കുശലകുമാർ, ജില്ലാപഞ്ചായത്തംഗം എ എൻ നീരജ്‌ എന്നിവർ സംസാരിച്ചു.  
തുടര്‍ന്ന് നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങളുടെയും ബാന്റ്‌‌വാദ്യത്തിന്റെറേയും അകമ്പടിയോടെ ജാഥ പട്ടാമ്പിയിലേക്ക്‌ നീങ്ങി. മേലെ പട്ടാമ്പിയിൽനിന്ന്‌ ജാഥാക്യാപ്‌റ്റനെ തുറന്ന ജീപ്പിൽ ആദ്യസ്വീകരണകേന്ദ്രമായ പട്ടാമ്പി പൊലീസ്‌ സ്‌റ്റേഷൻ പരിസരത്തെ പൊതുയോഗ വേദിയിലേക്ക് ആനയിച്ചു.‌ സ്വീകരണകേന്ദ്രത്തിലും വൻ ജനാവലി പങ്കെടുത്തു. കോവിഡ്‌ മാനദണ്ഡം പാലിച്ചുള്ള ജനമുന്നേറ്റത്തിനാണ്‌‌ പട്ടാമ്പി നഗരം സാക്ഷ്യംവഹിച്ചത്‌. 
പൊതുയോഗത്തിൽ മുഹമ്മദ്‌ മുഹ്‌സിൻ എംഎൽഎ അധ്യക്ഷനായി. ജാഥാക്യാപ്‌റ്റൻ എ വിജയരാഘവനുപുറമെ ജാഥാംഗങ്ങളായ പി സതീദേവി, ബാബു ഗോപിനാഥ്‌, കെ ലോഹ്യ എന്നിവർ സംസാരിച്ചു. എൻ ഉണ്ണിക്കൃഷ്‌ണൻ സ്വാഗതവും ഇ പി ശങ്കരൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top