19 March Tuesday
കാനായിക്ക്‌ ആദരം

‘യക്ഷിയാനം’26 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019
പാലക്കാട‌്
മലമ്പുഴ ഉദ്യാനത്തിലെ യക്ഷിപ്രതിമയുടെ അമ്പതാണ്ടിനോടനുബന്ധിച്ച‌് ശിൽപ്പി കാനായി കുഞ്ഞിരാമനെ ആദരിക്കും.  26 മുതൽ മാർച്ച‌് ഒമ്പത‌് വരെ നീളുന്ന ‘യക്ഷിയാനം’ പരിപാടിയിലാണ‌് ആദരം. പാലക്കാടൻ മുത്തശ്ശി കഥകളിൽ നിറഞ്ഞുനിൽക്കുന്ന യക്ഷിയുടെ പൂർണ നഗ‌്ന പ്രതിമയാണ‌് കാനായി നിർമിച്ചത‌്. 12 നാൾ നീണ്ടുനിൽക്കുന്ന പരിപാടികളോടെ ഉജ്വലമായ ആദരം നൽകുമെന്ന‌് സംഘാടകസമിതി ജനറൽ കൺവീനർ ടി ആർ അജയൻ, നേമം പുഷ‌്പരാജ‌്, പൊന്ന്യൻ ചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
കേരള ലളിത കലാ അക്കാദമി, ജില്ലാ ടൂറിസംപ്രൊമോഷൻ കൗൺസിൽ, ഒ വി വിജയൻ സ‌്മാരക സമിതി, സാംസ‌്കാരിക വകുപ്പ‌് എന്നിവ സംയുക്തമായാണ‌് പരിപാടി സംഘടിപ്പിക്കുന്നത‌്.  മലമ്പുഴ ഉദ്യാനത്തിൽ 12 നാൾ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ പ്രശസ‌്തമായ ശിൽപ്പവിദ്യകൾ, പെയിന്റിങ്ങുകൾ, നാടൻ കലാരൂപങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന ക്യാമ്പും ഒരുക്കും. വിവിധ സംസ്ഥാനങ്ങളിലെ ചുമർ ചിത്രകലയും അവതരിപ്പിക്കും. ഭാരതീയ പാരമ്പര്യ–-ഗ്രാമീണ–-ആദിവാസി ഗോത്ര ചിത്ര–-ശിൽപ്പ കലാക്യാമ്പുകളും സാംസ‌്കാരിക മേളകളും അരങ്ങേറും.
 26 ന‌് രാവിലെ പത്തിന‌് മലമ്പുഴ ഉദ്യാനത്തിൽ ‘യക്ഷിയാനം’ മന്ത്രി എ കെ ബാലൻ ഉദ‌്ഘാടനം ചെയ്യും. അതിന‌് മുമ്പ‌് വിളംബര ഘോഷയാത്രയും നടക്കും. എം ബി രാജേഷ‌് എംപി അധ്യക്ഷനാകുന്ന ചടങ്ങിൽ കാനായി കുഞ്ഞിരാമൻ മുഖ്യാതിഥിയാകും. വൈകിട്ട‌് അഞ്ചിന‌് കലാവിഷ‌്കാരങ്ങളും അനുബന്ധ പരിപാടികളും മന്ത്രി കെ കൃഷ‌്ണൻകുട്ടി ഉദ‌്ഘാടനം ചെയ്യും. തുടർന്ന‌് ‘ജലം’ തിരുവനന്തപുരം സമുദ്ര പെർഫോർമിങ‌് ആർട‌്സ‌് അവതരിപ്പിക്കുന്ന നൃത്തവും അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു. ആർടിസ‌്റ്റ‌് ബൈജുദേവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top