29 May Sunday

‘നാട്ടിൻപുറം ബൈ ആനപ്പുറ’ത്തിന്‌ സഡൻ ബ്രേക്ക്‌

സ്വന്തം ലേഖകൻUpdated: Sunday Jan 23, 2022
പാലക്കാട്‌
കോവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി വിനോദയാത്രാ സർവീസുകൾ താൽക്കാലികമായി നിർത്തി കെഎസ്‌ആർടിസി. നെല്ലിയാമ്പതിയിലേക്ക്‌ ‘നാട്ടിൻപുറം ബൈ ആനപ്പുറം’ എന്ന പേരിൽ നടത്തിയ പ്രത്യേക സർവീസുകള്‍  അറിയിപ്പുണ്ടാകുന്നതു വരെ അവസാനിപ്പിച്ചു. കോവിഡ്‌ വ്യാപനം ഉയരുന്നതും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള സാധ്യതയും മുന്നിൽക്കണ്ടാണ്‌ നടപടി. 
ജില്ലയിലെ കെഎസ്‌ആർടിസിയുടെ ലാഭകരമായ സർവീസായിരുന്നു ‘നാട്ടിൻപുറം ബൈ ആനപ്പുറം’. നവംബർ 14ന്‌ ഒരു സർവീസ്‌ മാത്രമായി ആരംഭിച്ച ഉല്ലാസയാത്രാ പദ്ധതി ആളുകൾ സ്വീകരിച്ചതോടെ അവധി ദിവസം അഞ്ചും മറ്റ്‌ ദിവസങ്ങളിൽ രണ്ടും സർവീസ് നടത്തി. ഒരാൾക്ക് 600 രൂപയാണ് നിരക്ക്‌. രാവിലെ ഏഴിന് പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാരംഭിച്ച്‌ രാത്രി എട്ടോടെ തിരിച്ചെത്തുന്ന രീതിയിലായിരുന്നു സർവീസ്. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ടുള്ള ചായ, ലഘുഭക്ഷണം എന്നിവയും പോത്തുണ്ടി ഡാമിലെ സാഹസിക റൈഡുകളിൽ 20 ശതമാനം ഇളവും യാത്രയിൽ ഉൾപ്പെടുത്തിയിരുന്നു. 
കോവിഡ് നിയന്ത്രണത്തിനുശേഷം ഉണർന്ന വിനോദസഞ്ചാര മേഖലയ്ക്കും പദ്ധതി സഹായമായിരുന്നു. ജീപ്പ്‌ സവാരി ഉൾപ്പെടെ യാത്രയുടെ ഭാഗമാക്കി വരുമാനം വർധിപ്പിക്കാനുള്ള മാർഗം സ്വീകരിക്കാനൊരുങ്ങുമ്പോഴാണ്‌ രോഗവ്യാപനം തിരിച്ചടിയായത്‌. കോവിഡ്‌ കുറഞ്ഞാൽ സർവീസ്‌ പുനരാരംഭിക്കുമെന്ന്‌ കെഎസ്‌ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു.
■ 88 സർവീസ്‌, 
കലക്‌ഷൻ 14 ലക്ഷം 
നവംബർ 14 മുതൽ 88 സർവീസാണ്‌ ‘നാട്ടിൻ പുറം ബൈ ആനപ്പുറം’ പദ്ധതിയിൽ നടത്തിയത്‌. ശരാശരി 16,000 രൂപയോളം ഒരു സർവീസിന്‌ ലഭിച്ചു. 14 ലക്ഷത്തോളം രൂപയാണ്‌ കലക്‌ഷൻ ലഭിച്ചത്‌. ഇപിആർ (ഏർണിങ് പെർ കിലോമീറ്റർ) 100ന്‌ മുകളിൽ എല്ലാ സർവീസുകൾക്കും ലഭിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.
 
കെഎസ്ആർടിസി ഇന്ന് സർവീസ് നടത്തും
പാലക്കാട്
കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ച അടച്ചിടലിനുസമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കെഎസ്ആർടിസി ജില്ലയിൽ സർവീസ് നടത്തും. പാലക്കാട് ഡിപ്പോയിൽനിന്ന് 30 സർവീസുകളുണ്ടാകും. അന്തർ സംസ്ഥാന സർവീസുകൾ ഉണ്ടാവില്ല. കോയമ്പത്തൂരിൽനിന്ന് തമിഴ്നാട് ബസ്  ഞായർ അർധരാത്രി വരെ ഓടില്ല. 
തിരുവനന്തപുരത്തേക്കുള്ള ദീർഘദൂര സർവീസുകൾ സാധാരണ പോലെയുണ്ടാകും. കോഴിക്കോട്, പട്ടാമ്പി, തൃശൂർ, കോഴിക്കോട്, ഗുരുവായൂർ ഭാഗങ്ങളിലേക്ക് ഓരോ മണിക്കൂർ ഇടവിട്ട് സർവീസ് ഉണ്ടാകും. തോലനൂർ, കുറ്റിപ്പുറം, നെല്ലിയാമ്പതി ഭാഗത്തേക്കുള്ള സർവീസുകളും ഉണ്ടാകും. യാത്രക്കാർ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന്‌ അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top