28 February Sunday
നടക്കാവ്‌, വാടാനാംകുറുശി

മേൽപ്പാലങ്ങളുടെ 
നിര്‍മാണോദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

പാലക്കാട്‌

ജില്ലയിലെ നടക്കാവ്‌, വാടാനാംകുറുശി ഉൾപ്പെടെ സംസ്ഥാനത്തെ പത്ത്‌ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്‌ഘാടനം ശനിയാഴ്ച  പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.  അകത്തേത്തറ റെയിൽവേ ഗേറ്റിന്സമീപം സംഘടിപ്പിക്കുന്ന യോഗത്തിൽ വി കെ ശ്രീകണ്ഠൻ എംപി വിശിഷ്ടാതിഥിയാകും. വി എസ് അച്യുതാനന്ദൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും.   അകത്തേത്തറ സ്വദേശികളുടെ വർഷങ്ങളായുള്ള സ്വപ്‌നമാണ്‌ എൽഡിഎഫ്‌ സർക്കാർ യാഥാർഥ്യമാക്കുന്നത്‌. പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്‌റ്റേഷനോട്‌ തൊട്ടടുത്തായതിനാൽ ഷ​ന്റിങ്ങിന്‌ ഉൾപ്പെടെ ഗേറ്റ്‌ അടച്ചിടുന്നത്‌ ജനങ്ങൾക്ക്‌ ബുദ്ധിമുട്ടാണ്‌. അടച്ചിട്ട ഗേറ്റിൽ കുടുങ്ങി ചികിത്സ കിട്ടാതെ നിരവധിപേർ മരിച്ചിട്ടുണ്ട്‌. ഈ പ്രശ്‌നങ്ങൾക്ക്‌ മേൽപ്പാലം വരുന്നതോടെ പരിഹാരമാകുകയാണ്‌.  നടക്കാവ് മേൽപ്പാലത്തിന്‌ 2017–-18 ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയിൽനിന്ന്‌ 36 കോടി രൂപ നീക്കിവച്ചു. പ്രദേശത്തെ 35 സ്ഥലംഉടമകളിൽനിന്നായി ഒരേക്കർ ഏഴ് സെന്റ് ഭൂമി ഏറ്റെടുത്തു. വി എസ് അച്യുതാനന്ദൻ ഇടപെട്ടതിനെത്തുടർന്ന്‌ സ്ഥലമുടമകൾക്ക് പരമാവധി നഷ്ടപരിഹാരത്തുക ലഭ്യമായി.  കല്ലേക്കുളങ്ങര മുതൽ ആണ്ടിമഠംവരെ റെയിൽപ്പാതയ്ക്ക്കുറുകെ രണ്ടുവരിപാതയായി 10.90 മീറ്റർ വീതിയിലും 690 മീറ്റർ നീളത്തിലുമാണ് മേൽപ്പാലം നിർമിക്കുക. ഇരുഭാഗത്തും ഒരുമീറ്റർ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റർ വീതിയിലായിരിക്കും ഗതാഗതം. വാടാനാംകുറുശിയിലൂടെ കടന്നുപോകുന്ന ഷൊർണൂർ–-‌നിലമ്പൂർ റെയിൽപ്പാതയിലെ ഗെയ്റ്റ് തുടർച്ചയായി അടയ്ക്കുന്നത്‌ പാലക്കാട്–-‌ഗുരുവായൂർ പാതയിലെ സുഗമമായ ഗതാഗതത്തിന്‌ തടസ്സമാണ്‌.  ഈ സാഹചര്യം മറികടക്കാൻ വാടാനാംകുറുശിയിൽ മേൽപ്പാലം നിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യമാണ് യാഥാർഥ്യമാവുന്നത്‌. മുഹമ്മദ് മുഹ്‌സിൻ എംഎൽഎ ഇടപെട്ടതിനാലാണ്‌   സർക്കാർ നടപടി. പദ്ധതിക്ക്‌ 34 കോടി രൂപയാണ് നിർമാണചെലവ് പ്രതീക്ഷിക്കുന്നത്.  സാധാരണ കോൺക്രീറ്റ് നിർമാണരീതിയിൽനിന്ന്‌ വ്യത്യസ്തമായി  കൂടുതൽ സ്‌റ്റീൽ ഉപയോഗിച്ചാണ് പാലം നിർമിക്കുക.  ആറുമാസത്തിനുള്ളിൽ മേൽപ്പാലംപണി പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top