29 February Saturday
വനിത കമീഷൻ അദാലത്ത്‌

പരാതികളില്‍ ഹാജരാകുന്നത് ഡമ്മികള്‍: എം സി ജോസഫൈൻ

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020
 
പാലക്കാട്
വനിത കമീഷന് മുന്നിലെത്തുന്ന പരാതികളിൽ ഹാജരാവുന്നത് പലതും ഡമ്മികളെന്ന് വനിത കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ. ജില്ലയിലെ സേവിക സംഘടനയിലെ അധ്യാപിക സഹപ്രവർത്തകരെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതി പരിശോധിച്ചപ്പോഴാണ് കമീഷന്റെ നിരീക്ഷണം. വിശദമായ ചോദ്യം ചെയ്യലിൽ സംഘടനയിലെ മറ്റൊരു സ്‍ത്രീയാണ് പരാതിക്ക് പിന്നിലെന്ന് കണ്ടെത്തി. ഈ സ്‍ത്രീക്കെതിരെ എറണാകുളം ജില്ലയിലുൾപ്പെടെ വിവിധ പൊലീസ് സ്‍റ്റേഷനുകളിൽ പരാതിയുണ്ട്. എല്ലാ സ്‌റ്റേഷനുകളിൽ നിന്നും കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. 
പാലക്കാട് നഗരസഭാ പരിധിയിലുള്ള ഒന്നര സെന്റ് പുറമ്പോക്ക് ഭൂമിയിൽ ഭവന നിർമാണം നഗരസഭ സ്‌റ്റേ ചെയ്‍തുവെന്ന വയോധികയുടെ പരാതിയിൽ ഭവന നിർമാണത്തിന് അനുമതി നൽകുകയോ അല്ലെങ്കിൽ തത്തുല്യമായ സ്ഥലം അനുവദിച്ച് വീട് കൊടുക്കുകയോ ചെയ്യണമെന്ന് കമീഷൻ നഗരസഭയ്‍ക്ക് നിർദേശം നൽകി. സ്‍ത്രീയുടെ പരാതിയിൽ ഇരുപതുകാരിയെ സ്‍റ്റേഷനിൽ വിളിച്ചു വരുത്തി ഡിവൈഎസ്‍പി അപമാനിച്ചെന്ന കേസിൽ ഡിവൈഎസ്‌പിയോട് അടുത്ത അദാലത്തിൽ ഹാജരാകാൻ കമീഷൻ ആവശ്യപ്പെട്ടു. 67 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 14 പരാതികൾ തീർപ്പാക്കി. എട്ട് കേസുകളിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. 45 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. കലക്‍ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മെഗാ അദാലത്തിൽ കമീഷനംഗം ഷിജി ശിവജി, അഭിഭാഷകരായ അഞ്ജന, ശോഭന, രാധിക, വനിത സെൽ ഓഫീസർമാരായ സി ഗീത, ബി അനിത എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top