13 November Wednesday
കേരള ചിക്കൻ

വലിയ ബ്രീഡർ ഫാം അട്ടപ്പാടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
പാലക്കാട്‌
കേരള ചിക്കന്‍ പദ്ധതിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ബ്രീഡർ ഫാം അട്ടപ്പാടിയിൽ സ്ഥാപിക്കുമെന്ന്‌ ബ്രഹ്മഗിരി ഡെവലപ്‌മെന്റ്‌ സൊസൈറ്റി ചെയർമാൻ പി കൃഷ്‌ണപ്രസാദ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  29.5 കോടി രൂപയാണ്‌ ചെലവ്‌. പൂവൻ, പിട ഇനത്തിൽ  50,000 കോഴികളുണ്ടാകും. 1,89,000 കോഴിക്കുഞ്ഞുങ്ങളെ ആഴ്‌ചതോറും ലഭ്യമാക്കും. 2020 മാർച്ചിൽ ഒന്നാംഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഫാമിനായി ഷോളയൂർ പഞ്ചായത്തിലെ വട്ടിലക്കിയിൽ 24 ഏക്കർസ്ഥലം  കണ്ടെത്തി. കർഷകരുടെയും തൊഴിലാളികളുടെയും ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ വൻകിട   കാർഷികവ്യവസായസംരംഭമാണ്‌ ബ്രീഡർഫാം. വെങ്കിടേശ്വര ഹാച്ചറീസുമായി(വിഎച്ച്‌എൽ) സഹകരിച്ചാണ്‌ ഫാം സ്ഥാപിക്കുക.  കെ വി വിജയദാസ്‌ എംഎൽഎ ചെയർമാനും സി പി ബാബു സെക്രട്ടറിയുമായി പാലക്കാട്‌ ജില്ലാ ബ്രഹ്മഗിരി ഫാർമേഴ്‌സ്‌ സൊസൈറ്റിയും   രൂപീകരിച്ചു. 
ഫാമിന്റെ  നിർമാണച്ചെലവ്‌ കുടുംബശ്രീയും കോഴികളെ വാങ്ങാനും പരിപാലിക്കാനുമുള്ള ചെലവ്‌ റീബിൽഡ്‌ കേരളയും നൽകും.  പശ്ചാത്തലസൗകര്യം ഒരുക്കാൻ മലബാറിലെ പൗൾട്രി കർഷകരിൽനിന്ന്‌ തൊഴിലാളി–-കർഷക സാമൂഹ്യനിധിയിലേക്ക്‌ വായ്‌പയായി തുക സമാഹരിക്കും. 10,000 മുതൽ രണ്ടുലക്ഷംവരെ സമാഹരിക്കുന്ന വായ്‌പയ്‌ക്ക്‌ 10 ശതമാനം പലിശ നൽകും.  
മൃഗപരിപാലന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കേരള ചിക്കൻ  പദ്ധതിയുടെ ഭാ​ഗമായി  അഞ്ചുവർഷത്തിനകം 6,000 ഫാമുകൾ, 2000 കടകൾ,   ബ്രീഡർ ഫാമുകള്‍ എന്നിവ സ്ഥാപിക്കും. സംസ്ഥാനത്ത്‌ 10,000 പേർക്ക്‌ തൊഴിലും വരുമാനവും  ഇതുവഴി ഉറപ്പാക്കും. സ്വന്തമായി കോഴിഫാമുള്ളവർക്ക്‌ സ്വകാര്യകമ്പനികൾ കിലോയ്‌ക്ക്‌ ആറുരൂപ വളർത്തുകൂലി നൽകുമ്പോൾ കേരള ചിക്കൻ പദ്ധതിയിലൂടെ 11 രൂപ നൽകും. 
കർഷകർക്ക്‌ ഇടത്തട്ടുകാരുടെ ചൂഷണത്തിൽനിന്ന്‌ മുക്തരാകാനും ഇരട്ടിവരുമാനം ഉറപ്പുവരുത്താനും  ജനങ്ങൾക്ക്‌ മിതമായ വിലയ്‌ക്ക്‌  മേന്മയുള്ള കോഴിയിറച്ചി ലഭ്യമാക്കാനും പദ്ധതിക്ക് സാധിക്കും. കോഴിമാലിന്യം സംസ്‌കരിച്ച്‌ ഫീഡ്‌ ഗ്രേഡ്‌ ഉൽപ്പന്നങ്ങളാക്കും.  ഇതിലൂടെ പരിസ്ഥിതിമലിനീകരണവും ഒഴിവാകും. മലബാർമേഖല പൗൾട്രി കർഷകരുടെ കൺവൻഷൻ നവംബർ രണ്ടിന്‌ മണ്ണാർക്കാട്   ചേരുമെന്നും  സൊസൈറ്റി ചെയർമാൻ  അറിയിച്ചു. കെ വി വിജയദാസ്‌ എംഎൽഎ, പി എസ്‌ ബാബുരാജ്‌, സി പി ബാബു, എം വി സന്തോഷ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top