23 November Saturday

കുതിരാൻ കുരുക്കിൽ തന്നെ നവം.1 മുതൽ ബസ്‌ ഓടിക്കില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
തൃശൂർ
നവംബർ ഒന്നുമുതൽ തൃശൂർ–-പാലക്കാട്‌ റൂട്ടിൽ സ്വകാര്യബസുകൾ സർവീസ്‌ നിർത്താൻ ജില്ലയിലെ സ്വകാര്യ ബസ്‌ ഉടമസ്ഥസംഘടനകളുടെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്ത യോഗം തീരുമാനിച്ചു. 
കുതിരാൻ വഴി പോകുന്ന മുഴുവൻ ബസുകളും സർവീസ്‌ നിർത്തിവയ്‌ക്കും. റോഡുകൾ തകർന്നിട്ട്‌ മാസങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്ത സാഹചര്യത്തിലാണിത്‌. 
യോഗത്തിൽ എം എസ്‌ പ്രേംകുമാർ അധ്യക്ഷനായി. തൃശൂർ ഡിസ്‌ട്രിക്ട്‌ റോഡ്‌ ട്രാൻസ്പോർട്ട്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) പ്രസിഡന്റ്‌ കെ വി ഹരിദാസ്‌, എം കെ ഉണ്ണികൃഷ്‌ണൻ (ബിഎംഎസ്‌), ആന്റോ ഫ്രാൻസിസ്‌, ബിബിൻ ആലപ്പാട്ട്‌, വി എസ്‌ പ്രദീപ്‌, കെ പി സണ്ണി (സിഐടിയു), ജോസ്‌ കുഴുപ്പിൽ, കൃഷ്‌ണകിഷോർ, കെ ആർ അനന്തൻ, എൻ എസ്‌ പവനൻ, പി എസ്‌ രാജേഷ്‌ എന്നിവർ സംസാരിച്ചു.
രാപ്പകൽ സമരം അവസാനിച്ചു 
വടക്കഞ്ചേരി 
കുതിരാനിലെ കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള രാപ്പകൽ സമരം അവസാനിച്ചു.  
വടക്കഞ്ചേരി - –-മണ്ണുത്തി ദേശീയപാത കുതിരാനിലെ കുരുക്കിന് പരിഹാരം കാണാൻ റോഡിൽ രൂപംകൊണ്ട വൻ കുഴികൾ അടയ്‌ക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തിയത്. ഞായറാഴ്ച രാവിലെ 9ന് ആരംഭിച്ച സമരം തിങ്കളാഴ്ച രാവിലെ 9ന് സമാപിച്ചു. 
സമാപന യോഗം ബസ്‌ ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വിഷ്ണുരവീന്ദ്രൻ അധ്യക്ഷനായി. എൻ സി രാഹുൽ, ഐ വി സാംജി, ബിബിൻ ആലപ്പാട്, ജോയ് പൂവത്തിങ്കൽ, വിദ്യാധരൻ, ബോബൻജോർജ്, ലിമോ, ബൈജു കൊമ്പഴ, നിഹാസ് മേലേടത്ത്, സി സുധാകരൻ എന്നിവർ സംസാരിച്ചു. രാപ്പകൽ സമരം അവസാനിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മുതൽ റിലേ നിരാഹാരസമരം ആരംഭിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു. കുതിരാനിലെ കുഴികൾ അടയ്‌ക്കുന്നതുവരെ സമരം തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു. കുതിരാനിലെ ഗതാഗതപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നവംബർ ഒന്നുമുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഇതിനിടെ മഴ കനത്തതോടെ വൻകുഴികളാണ് കുതിരാനിൽ രൂപപ്പെട്ടിരിക്കുന്നത്. കുതിരാന് പുറമെ ദേശീയപാതയിൽ മിക്കയിടങ്ങളിലും വൻ കുഴികളുണ്ട്. 
 
രോഗിയുമായിപ്പോയ ആംബുലൻസ് കുടുങ്ങി
വടക്കഞ്ചേരി
കുതിരാനിലെ ഗതാഗതക്കുരുക്കിൽ രോഗിയുമായിപ്പോയ ആംബുലൻസ് കുടുങ്ങി. തിങ്കളാഴ്ച വൈകിട്ട്‌ പാലക്കാട്ടുനിന്ന് തൃശൂരിലേക്ക് രോഗിയുമായിപ്പോയ ആംബുലൻസാണ് കുടുങ്ങിയത്. ഒരു മണിക്കൂറോളം കുരുക്കിൽപ്പെട്ട ആംബുലൻസിനെ ഹൈവേ പൊലീസ് വഴിയൊരുക്കി കടത്തിവിട്ടു. 
തിങ്കളാഴ്ച വൈകിട്ട്‌ പെയ്‌ത കനത്ത മഴയെത്തുടർന്നാണ്‌ ഗതാഗതക്കുരുക്കുണ്ടായത്‌. 
ഞായറാഴ്ചയും തിങ്കളാഴ്ച പകലും കുരുക്കിന് ചെറിയ കുറവുണ്ടായെങ്കിലും പിന്നീട് രൂക്ഷമായി. തിങ്കളാഴ്ച രാത്രിയും ഗതാഗതക്കുരുക്ക് തുടരുകയാണ്.

 

പ്രധാന വാർത്തകൾ
 Top