31 October Saturday
അപകടങ്ങൾ പതിവ്‌

റോഡുകൾ മഴവെള്ള സംഭരണി: കണ്ണടച്ച്‌ നഗരസഭ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
 
പാലക്കാട് 
മഴ ശക്തമായതോടെ മഴവെള്ള സംഭരണിയായി നഗരത്തിലെ റോഡുകൾ മാറി. വെള്ളം നിറഞ്ഞ കുഴിയിൽ വീണ്‌ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്‌ പതിവായി. മെറ്റലും പാറപ്പൊടിയും ഉപയോഗിച്ച് കുഴിയടച്ചത് മഴവെള്ളത്തിൽ ഒഴുകിപ്പോയി. വെള്ളം കെട്ടിക്കിടന്ന്‌ കുഴികൾ വലുതായി. 
അംബികാപുരം കാരേക്കാട്ടുപറമ്പിൽ കെട്ടിടനിർമാണ സാമഗ്രികളുമായി വന്ന ലോറി മണിക്കൂറുകളോളം കുഴിയിൽപ്പെട്ടു. ജെസിബിയെത്തിയാണ് വാഹനം ഉയർത്തിയത്. അമൃത് പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ച സ്ഥലങ്ങളിൽ റോഡിനുകുറുകെ ചാലുകൾ രൂപപ്പെടുന്നുണ്ട്‌. ഇതിലും വാഹനങ്ങൾ കുടുങ്ങുന്നു. 
നഗരത്തിൽനിന്ന് ഉൾപ്രദേശങ്ങളിലേക്ക് ഓട്ടം വിളിച്ചാൽ ഡ്രൈവർമാർ മടി കാണിക്കുന്നു. റോഡ്‌ തകർന്നതിനാൽ വണ്ടിക്ക് കേടുപറ്റുമെന്ന് പറഞ്ഞ് അമിത തുക ആവശ്യപ്പെട്ടതായും പരാതിയുണ്ട്. ശകുന്തള ജങ്ഷനിൽനിന്ന് ബിഒസി റോഡിലേക്ക് തിരിയുന്നിടത്ത് കോൺക്രീറ്റ് ഇളകി വലിയ ഗട്ടറുകൾ രൂപപ്പെട്ടു. ബിഇഎം സ്കൂ‍ൾ–കെഎസ്ആർടിസി റോഡ്, ഗവ. വിക്ടോറിയ കോളജ് റോഡ്, നൂറടി റോഡ്, മഞ്ഞക്കുളം റോഡ് എന്നിവിടങ്ങളിൽ ശ്രദ്ധിച്ച്‌ വാഹനമോടിച്ചില്ലെങ്കിൽ അപകടമുറപ്പ്. ഇടറോഡുകളും പൂർണമായി തകർന്നു. വലിയപാടം–---മണൽമന്ത റോഡിൽ താൽക്കാലികമായി കുഴിയടച്ചെങ്കിലും മഴയിൽ മെറ്റൽ ഇളകി. റോബിൻസൺ റോഡ്, മാതാകോവിൽ സ്ട്രീറ്റ് റോഡ്, വെണ്ണക്കര, തിരുനെല്ലായി എന്നിവിടങ്ങളിലും റോഡ്‌ തകർന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top