22 October Tuesday
സമ്പൂർണ സാക്ഷരതാപ്രഖ്യാപനം ഏപ്രിൽ 18ന്‌

അട്ടപ്പാടിക്ക്‌ അക്ഷരവെളിച്ചം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019
പാലക്കാട്‌
നിരക്ഷരരില്ലാത്ത അട്ടപ്പാടി എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയുടെ പൂർത്തീകരണം അടുത്തവർഷം ഏപ്രിൽ 18 ന്‌ നടക്കും. സമ്പൂർണ സാക്ഷരതാ പ്രവർത്തനത്തിന്റെ മൂന്നാംഘട്ടം 27 ന്‌ മന്ത്രി സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്യും. അട്ടപ്പാടിയിലെ 195 ഊരുകളിൽ 156 എണ്ണത്തിലും മുന്നാംഘട്ടം തുടങ്ങി. 
36 ഊരുകളിൽ ഏപ്രിൽ 18 നകം മുഴുവൻപേരെയും സാക്ഷരരാക്കും. 2016 ലാണ്‌ അട്ടപ്പാടിയിൽ  സാക്ഷരതാ പ്രവർത്തനം തുടങ്ങിയത്‌. 2017 ൽ രണ്ടാം ഘട്ടവും തുടങ്ങി. ആദ്യഘട്ടം സർവേ നടത്തുകയും നിരക്ഷരരെ കണ്ടെത്തുകയും ചെയ്‌തു. 
5031 പേരാണ്‌ അക്ഷരഭ്യാസമില്ലാത്തവരായി കണ്ടത്‌. ഇവരിൽ 3670 പേരെ സാക്ഷരരാക്കി. ബാക്കിയുള്ളവർക്ക്‌ മൂന്നാംഘട്ടത്തിൽ പരിശീലനം നൽകും. ഒന്നും രണ്ടും ഘട്ടത്തിൽ അക്ഷരം പഠിച്ചവർക്ക്‌ വായന തുടരാത്തതിനാൽ അക്ഷരം മറന്നുപോകുന്നുവെന്ന പരാതിയും ഉയർന്നു. അവരേയും മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തും. മൂന്നുമാസം ഊർജിത സാക്ഷരതായജ്ഞമായി പദ്ധതി നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ സാക്ഷരത മിഷൻ അസിസ്‌റ്റന്റ്‌ കോ–-ഓഡിനേറ്റർ എം മുഹമ്മദ്‌ ബഷീർ പറഞ്ഞു. 
ഊരുകളിൽതങ്ങി സാക്ഷരതാ പ്രവർത്തനം നടത്തുന്നതിന്‌ 156 ഇൻസ്‌ട്രക്ടർമാരെയാണ്‌ തെരഞ്ഞെടുത്തത്‌. ഇവർ അതത്‌ ഊരുകളിൽ പത്താം ക്ലാസും അതിന്‌ മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്‌. ഇവർക്ക്‌   സാക്ഷരത മിഷൻ പരിശീലനം  നൽകിയിരുന്നു.  ഊരുകളിൽ ആഴ്‌ചയിൽ രണ്ടുദിവസം വൈകുന്നേരങ്ങളിലാണ്‌  ക്ലാസ്‌ നടത്തുന്നത്‌.  ഒന്ന്‌, രണ്ട്‌ ഘട്ടത്തിൽ സാക്ഷരത നേടിയവരിൽ 576 പേർ തുല്യതാപരീക്ഷയെഴുതിയതിൽ 339 പേർ വിജയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top