17 September Tuesday
ചിറ്റൂർ ആശുപത്രിയിൽ

7 നില കെട്ടിടം

സ്വന്തം ലേഖകൻUpdated: Thursday Aug 22, 2019

ചിറ്റൂർ താലൂക്ക്‌ ആശുപത്രി

പാലക്കാട്‌
കിഴക്കൻ മേഖലയാകെ ആശ്രയിക്കുന്ന ചിറ്റൂർ താലൂക്ക്‌ ആശുപത്രിയുടെ വികസനത്തിന്‌ എൽഡിഎഫ്‌ സർക്കാർ കിഫ്‌ബിയിൽനിന്ന്‌ 50 കോടി രൂപ അനുവദിച്ചതോടെ ഏഴുനില കെട്ടിടം ഉയരും. ഇതോടെ പരാധീനതകളിൽനിന്ന്‌ ആശുപത്രിക്ക്‌ മോചനമാകും. 
പൊലീസ്‌ സ്‌റ്റേഷന്‌ മുൻവശത്ത്‌ ആശുപത്രി വളപ്പിൽ വനിത ക്യാന്റീൻ പ്രവർത്തിക്കുന്ന സ്ഥലത്താണ്‌ പുതിയ കെട്ടിടം ഉയരുക. 11000 ചതുരശ്ര അടി വിസ്‌തൃതിയിൽ ഉയരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒപി വിഭാഗവും അത്യാഹിതവിഭാഗവും പ്രവർത്തിക്കും. മറ്റ്‌ നിലകളിൽ വാർഡുകൾ, ഓഫീസ്‌, സ്‌പെഷ്യൽ മുറികൾ എന്നിവയാകും. ആറാം നിലയിലാണ്‌ ഓപ്പറേഷൻ തിയേറ്ററുകൾ. അഞ്ച്‌ ഓപ്പറേഷൻ തിയേറ്ററുകൾ പുതുതായി നിർമിക്കും. ഇതിൽ പോസ്‌റ്റ്‌ ഓപ്പറേഷൻ വാർഡ്‌, പ്രീ ഓപ്പറേഷൻ വാർഡ്‌ എന്നിവയും സജ്ജമാക്കും. ഗ്യാസ്‌ മെഡിക്കൽ പ്ലാന്റും സജ്ജമാക്കും.  സ്ഥലപരിമിതി കാരണം  നിലവിൽ പൂർണസമയ ഒ പി പ്രവർത്തിക്കുന്നില്ല. രാവിലെ ഒപിയും ശേഷം അത്യാഹിതവിഭാഗത്തിലുമാണ്‌ പരിശോധന.  പുതിയ കെട്ടിടം വന്നാൽ പൂർണസമയ ഒപി പ്രവർത്തിപ്പിക്കാം. 
നിലവിൽ താലുക്ക്‌ ആശുപത്രി വളപ്പിൽ  പലഭാഗത്തായി പ്രവർത്തിക്കുന്ന വാർഡുകൾ ഒരു കെട്ടിടത്തിലേക്ക്‌ വരുന്നതോടെ  നേഴ്‌സുമാർക്കും  രോഗികളുടെ കൂട്ടിരിപ്പുകാർക്കും ആശ്വാസമാകും. നിലവിൽ രോഗികളെ പരിചരിക്കാൻ വരുന്ന നേഴ്‌സുമാർക്ക്‌ രാത്രികാലങ്ങളിൽ ഒറ്റയ്‌ക്ക്‌ വാർഡുകളിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്‌. 
കെട്ടിടങ്ങൾ നിറഞ്ഞതിനാൽ സ്ഥലപരിമിതിയും ഉണ്ട്‌. പത്ത്‌വർഷം മുമ്പാണ്‌ ഇവിടെ നിർമാണ പ്രവർത്തനം നടന്നത്‌. കിട്ടുന്ന തുകയ്‌ക്ക്‌ ചെറിയ കെട്ടിടങ്ങൾ നിർമിക്കുകയാണ്‌ പതിവ്‌. ഇത്‌ പൂർണമായും പ്രവർത്തന സജ്ജമല്ല.  പാർക്കിങ്ങും വലിയ പ്രതിസന്ധിയാണ്‌. ബഹുനില കെട്ടിടം വരുന്നതോടെ ഇതിനൊക്കെ പരിഹാരമാകുമെന്നാണ്‌ വിലയിരുത്തുന്നത്‌.
പ്രധാന വാർത്തകൾ
 Top