18 November Monday

മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ് കെട്ടിടം തകർച്ചയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

പാലക്കാട്‌ മുനിസിപ്പൽ ബസ്‌ സ്റ്റാൻഡിന്റെ സീലിങ്്‌ അടർന്ന് വീഴാറായ നിലയിൽ

പാലക്കാട് 
മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം അടച്ചിട്ട‌് ഒരുവർഷം തികയാനിരിക്കെ സ‌്റ്റാൻഡിലെ കെട്ടിടം പൊളിച്ചുമാറ്റൽ ഫയലിൽതന്നെ. കൗൺസിലുകൾ പതിവായി മുടങ്ങുന്നതും നഗരസഭ ഭരണനേതൃത്വത്തിന്റെ അനവാസ്ഥയുമാണ‌് കെട്ടിടംപൊളിച്ച‌് നീക്കൽ വൈകാൻ കാരണം. വിവിധ വകുപ്പുകൾ സ്റ്റാൻഡ‌ിൽ സംയുക്ത പരിശോധന നടത്തി  റിപ്പോർട്ട് സമർപ്പിച്ചത‌് സെപ്തംബറിലാണ‌്.
ടെൻഡർ നടപടി പൂർത്തിയാക്കി. വൈകിയെങ്കിലും കൗൺസിൽ അംഗീകാരവും നൽകി. എന്നാൽ ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ചയാണ് ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റുന്നത് വൈകിക്കുന്നത‌്. ചെയർപേഴ്സണോ വൈസ് ചെയർമാനോ ഇടപെടുന്നില്ലെന്ന‌ാണ‌് കൗൺസിലർമാരുടെ ആക്ഷേപം.  
1974ൽ നിർമിച്ച കെട്ടിടത്തിൽ ഹെൽത്ത് ഓഫീസ്, സപ്ലൈ ഓഫീസ്, ലോഡ്ജ്, 32 കടമുറികൾ എന്നിവ പ്രവർത്തിച്ചിരുന്നു. ഏറെനാളത്തെ ബസ്സുടമകളുമായുള്ള ചർച്ചകൾക്കൊടുവിൽ ചിലസർവീസുകൾ സ്റ്റാൻഡിൽ നിന്ന് പുനരാരംഭിച്ചു. യാത്രക്കാർക്കും ബസ്ജീവനക്കാർക്കും വേണ്ട സൗകര്യങ്ങളും ഇവിടെയില്ല. 
ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ‌്  കെട്ടിടം. ആഗസ‌്തിൽ സമീപത്തെ സ്വകാര്യ വ്യക്തിയുടെ മൂന്നുനില കെട്ടിടം തകർന്നപ്പോഴാണ് നഗരസഭാ ഭരണസമിതിക്ക‌് ചൂടുപിടിച്ചത്. കോൺക്രീറ്റ് പാളികൾ ഇളകിവീണ് യാത്രികർക്ക‌് പരിക്കും ബസിന് കേടുപാടും സ്ഥിരം സംഭവമായതോടെ കെട്ടിടത്തിന്റെ ഒരു ഭാഗം കെട്ടിയടച്ചതുമാത്രമാണ് ആകെയുണ്ടായത‌്.  കെട്ടിടത്തിന്റെ തൂണുകൾ പലതും കമ്പി പുറത്തു വന്ന സ്ഥിതിയിലാണ്. 
കാലപ്പഴക്കംചെന്ന പതിനാറ് കെട്ടിടങ്ങൾകൂടി പൊളിച്ചുനീക്കുന്നതിന‌് റിപ്പോർട്ട‌് നൽകുകയും  ഉടമകളുമായി നിരവധി ഹിയറിങ് നടത്തുകയും ചെയ്തിരുന്നു. നിരന്തരമായി കൗൺസിൽ മുടങ്ങുന്നത‌് നിർണായക പ്രശ‌്നങ്ങൾക്ക‌് നഗരസഭ വിലനൽകിയില്ല. മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുകയാണ് നഗരസഭാ നേതൃത്വം. എന്നാൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ‌് കെട്ടിടം പൊളിയ്ക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്നും മഴയ്ക്കുമുമ്പ‌് നടപടികൾ ആരംഭിക്കുമെന്നും നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ അബ്ദുൾ സുക്കൂർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top