26 August Monday
പാലക്കാട‌് നഗരത്തിൽ ട്രാഫിക‌് സിഗ്നൽ തകരാറിൽ, സീബ്രാലൈൻ മാഞ്ഞു

സ‌്കൂൾ തുറക്കുന്നു; നഗരത്തിൽ അപകടസാധ്യതയേറി

ശരത‌് കൽപ്പാത്തിUpdated: Wednesday May 22, 2019

സിഗ്നൽ തകരാറിലായ ഗവ. വിക്ടോറിയ കോളേജ്‌ ജങ്്‌ഷൻ

പാലക്കാട് 
നഗരത്തിൽ പ്രധാനസ്ഥലങ്ങളിലൊന്നും സീബ്രാ ലൈനില്ല. ഒപ്പം ട്രാഫിക് സംവിധാനങ്ങളും പ്രവർത്തിക്കുന്നില്ല. സ‌്കൂൾ തുറക്കുന്നതോടെ നഗരത്തിൽ തിരക്കേറുമ്പോൾ അപകടസാധ്യതയുമേറും. ഏറ്റവും തിരക്കേറിയ താരേക്കാട് മോയൻസ് സ്കൂൾ ജങ്‌ഷനിൽ മാസങ്ങൾക്കുമുമ്പ് വരച്ച ത്രീഡി സീബ്രാലൈനുകൾ മാഞ്ഞുതുടങ്ങി. നാലായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിനുമുന്നിൽ സ്കൂൾ തുറന്നാൽ രാവിലെ ഏഴരമുതൽ വൈകിട്ട് അഞ്ചുവരെ തിരക്കാണ്. പൊലീസ് ഉണ്ടാകുമെങ്കിലും ട്രാഫിക് സംവിധാനങ്ങളുടെ അപര്യാപ്തത പ്രതിസന്ധിയാകും. 
ഗവ. വിക്ടോറിയ കോളേജിനുമുന്നിലെ സിഗ്നൽ കണ്ണുചിമ്മിയിട്ട് ആഴ്ചകളായി. കുറച്ചുദിവസങ്ങളായി ട്രാഫിക് പൊലീസുമില്ല. തോന്നിയ പോലെയാണ് വാഹനങ്ങൾ കടന്നുപോവുന്നത്. 2014 ൽ വിക്ടോറിയ കോളേജിലെ വിദ്യാർഥിനി വിനിതയുടെ അപകടമരണത്തോടെയാണ് ഇവിടെ സിഗ്നൽ വന്നത്. ഇപ്പോൾ ഇൻഡോർ സ്റ്റേഡിയത്തിൽ പുസ്തകമേള നടക്കുന്നതിനാൽ ഈ പ്രദേശത്ത് വൻതിരക്കാണ്. പിഎംജി ഹയർസെക്കൻഡറി സ്കൂളിന‌് മുന്നിലെയും മിഷൻ സ്കൂൾ ജങ‌്ഷനിലെയും സീബ്രാലൈനും മാഞ്ഞുതുടങ്ങി. 
ടൗൺ ബസ് സ്റ്റാൻഡ‌് ഇറക്കത്തിലെ രണ്ടു ഹമ്പുകളിൽ മുന്നറിയിപ്പ് മാർക്കുകളില്ലാത്തത് ഇരുചക്രവാഹങ്ങൾക്കും ചെറുകാറുകൾക്കും അപകടമാകുന്നു. ജില്ലാ ആശുപത്രിയിലേക്ക് റോഡ് മുറിച്ചുകടക്കുമ്പോൾ സൂക്ഷിച്ചില്ലേൽ അപകടം ഉറപ്പ‌്. നിയമങ്ങളൊന്നും പാലിക്കാതെ ആശുപത്രികൾക്ക് മുന്നിലൂടെ ഹോൺ മുഴക്കി ചീറിപ്പാഞ്ഞാണ് വാഹനങ്ങൾ പായുന്നത്. ഇതിനിടയിലൂടെ മാഞ്ഞുപോയ വെള്ള വരകൾ കണ്ടുപിടിക്കുക ശ്രമകരമാണ‌്. കൈക്കുഞ്ഞുങ്ങളുമായെത്തുന്നവരും പ്രായമായവരുമാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. റോഡ‌് മുറിച്ചുകടക്കാൻ വാഹനങ്ങൾ നിർത്തിക്കൊടുക്കാറുമില്ല. ആളുകളുടെമേൽ വാഹനം തട്ടുന്നതും തർക്കത്തിലാകുന്നതും പതിവ് കാഴ്ചയാണ്. ഓട്ടോ ഗേറ്റിനുമുന്നിൽ നിർത്തി ആളുകളെ കയറ്റുന്നത‌് ബുദ്ധിമുട്ടാകുന്നു. 
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗമാണ് റോബിൻസൺ റോഡും ജില്ലാ ആശുപത്രി പരിസരവും. സുൽത്താൻപേട്ടയിൽനിന്ന് കോർട്ട റോഡിലൂടെ വരുന്ന വാഹനങ്ങൾ എത്തുന്നതോടെ പലപ്പോഴും ബ്ലോക്കുണ്ടാകുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങൾക്ക് നൂറുമീറ്റർ താണ്ടാൻ പതിനഞ്ചുമിനിറ്റെങ്കിലും വേണം.
പ്രധാന വാർത്തകൾ
 Top