19 June Wednesday

ആനപ്പേടിയിൽ യാത്രക്കാരും

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
മലമ്പുഴ
ആനകളുടെ മുമ്പിൽനിന്ന് രക്ഷപ്പെട്ട നടുക്കുന്ന അനുഭവമാണ‌് മലമ്പുഴ കനറാ ബാങ്ക് കലക‌്ഷൻ ഏജന്റ സുന്ദരന്റേത‌്. 
രണ്ട് കാട്ടാനയുടെ മുമ്പിൽനിന്നാണ‌് ഇയാൾ രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി മന്തക്കാട് ഭാഗത്തേക്ക‌് പോകുമ്പോഴാണ് കുളപ്പരത്തി കനാൽ പാലത്തിന് സമീപം രണ്ട് ആനകൾ റോഡരികിൽ നിൽക്കുന്നത‌് കണ്ടത‌്. ഇരുട്ടും റോഡിന്റെ വളവും കാരണം ആനയെ കണ്ടത് തൊട്ടടുത്ത‌് എത്തിയപ്പോൾ. ഈ പ്രദേശത്ത‌് തെരുവുവിളക്കോ, മറ്റ് വെളിച്ചമോ ഇല്ലാത്തത‌ിനാൽ മൃഗങ്ങൾ കൺമുന്നിലെത്തിയാലേ കാണാൻ കഴിയൂ. ഒരു മാസം മുമ്പാണ‌് ഇതിന‌് സമീപം ഓട്ടോ ഡ്രൈവറെ പന്നി കുത്തിക്കൊന്നത്. 
പന്നി റോഡിന് കുറുകെ ചാടി ഓട്ടോ,  ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. കുളപ്പരത്തി കനാൽ പാലത്തിന് സമീപത്ത് ഉടൻ വിളക്ക‌് സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു. ഈ ഭാഗത്ത് രാത്രി കോഴിമാലിന്യമുൾപ്പെടെ തള്ളുന്നതാണ‌് പന്നിക്കൂട്ടങ്ങൾ എത്താൻ കാരണം. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വികസന സമിതി ചെയർമാൻ തോമസ് വാഴപ്പള്ളി പറഞ്ഞു.
രാത്രി അഗ്രികൾച്ചറൽ ഫാമിൽനിന്ന‌് തൊഴിലാളികൾ പടക്കം പൊട്ടിച്ച് തുരത്തുന്ന ആനകൾ മലമ്പുഴ–- പാലക്കാട് റോഡിലിറങ്ങി നിൽക്കുന്നത‌് വാഹനയാത്രക്കാർക്ക‌് ഭീഷണിയാകുന്നു. 
ഗാർഡനിലും മറ്റും എത്തുന്ന യാത്രക്കാർ മടങ്ങുന്ന സമയം ആനകളെ ഭയപ്പെടുത്തുന്നത‌് ഒഴിവാക്കണമെന്നും. സ്ഥിരമായി ആന റോഡ‌് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിൽ വനപാലകരുടെ സാന്നിധ്യമുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
 
പ്രധാന വാർത്തകൾ
 Top