27 May Wednesday

കെട്ടിട വാടക ഒഴിവാക്കി വ്യാപാരികൾക്ക്‌ കൈത്താങ്ങായി ചാക്കുണ്ണി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

കൂറ്റനാട്
കോവിഡ്‌–-19 വ്യാപനം മൂലം വ്യാപാര സ്ഥാപനങ്ങൾക്ക്‌ എല്ലാം സാമ്പത്തിക മാന്ദ്യം സംഭവിക്കുമ്പോൾ വ്യാപാരികൾക്കൊപ്പം നിൽക്കുകയാണ്‌ ചാലിശേരി സ്വദേശി ഷെവലിയാർ സി ഇ ചാക്കുണ്ണി. 
തന്റെ വ്യാപാരസ്ഥാപനത്തിന്റെ  മാർച്ച് മാസത്തെ കെട്ടിട വാടക ഒഴിവാക്കി ചാമുണ്ണി കേരളത്തിന്‌ മാതൃകയാവുന്നു. കോവിഡ്‌ വ്യാപനം മൂലം സർക്കാർ നിയന്ത്രണങ്ങൾ വന്നതോടെ കച്ചവടം പലയിടങ്ങളിലും കുറഞ്ഞു. 
ചാലിശേരിയിൽനിന്ന് കോഴിക്കോട് എത്തിയ ചാക്കുണ്ണി കോഴിക്കോടെ മൊയ്തീൻ പള്ളി റോഡ്, ബേബി ബസാർ എന്നിടങ്ങളിലായി 60ഓളം കടമുറി വാടകയ്‌ക്ക് നൽകിയിട്ടുണ്ട്.
ഇതിൽ കുറച്ച് പേർ ദിവസേന വാടക നൽകുന്ന കച്ചവടക്കാരാണ്. കഴിഞ്ഞ ദിവസം വാടക ലഭിക്കാതെ വന്നതോടെയാണ് കച്ചവടക്കാരുടെ കഷ്ടപ്പാട് നേരിൽ അറിഞ്ഞത്. 
മാർച്ച് മാസത്തെ വരുമാനം വേണ്ടന്നറിയിച്ച്‌ കച്ചവടക്കാരനായ ഇദ്ദേഹവും ബന്ധുക്കളും മുന്നോട്ട് വരികയായിരുന്നു. കെട്ടിടത്തിലെ വാടക ഒഴിവാക്കിയ തീരുമാനം വ്യാപരികളെ ആഹ്ലാദത്തിലാക്കി.
 ഇദ്ദേഹത്തിന്റെ മാതൃക പിൻപറ്റി കോഴിക്കോട്‌ തന്നെ അഞ്ചോളം ചെറുകിട കെട്ടിട ഉടമകൾ മാർച്ചിലെ വാടക ഒഴിവാക്കിയതായി അറിയിച്ച്‌ മുന്നോട്ട്‌ വന്നിട്ടുണ്ട്‌. സർക്കാർ, തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ, മേൽവാടകക്ക് നൽകുന്നവർ എന്നിവർ ഇത് മാതൃകയാക്കുമെന്നാണ്  വ്യാപരികളുടെ ഏറെ പ്രതീക്ഷ.  ഓൾ കേരള കൺസ്യൂമർ ഗുഡസ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ്‌ ചാക്കുണ്ണി.
പ്രധാന വാർത്തകൾ
 Top