27 May Wednesday

പരിഭ്രാന്തി അകറ്റാൻ പാവനാടകം

സ്വന്തം ലേഖകൻUpdated: Sunday Mar 22, 2020
 
ഒറ്റപ്പാലം
ലോകം മുഴുവൻ കോവിഡ്‌–-19 പടരുമ്പോൾ പാവനാടകത്തിലൂടെ പരിഭ്രാന്തി അകറ്റുകയാണ്‌ കൂനത്തറ ആലിൻചുവട്ടിലെ രാമചന്ദ്രൻ പുലവരുടെ മകൻ രാജീവ്‌ പുലവർ. ലോക പാവകളി ദിനത്തിൽ നിർമിച്ച പാവനാടകമാണ്‌ കോവിഡ്‌–-19നെ കുറിച്ച്‌ ബോധവൽക്കരിക്കുന്നത്‌. ‘പരിഭ്രാന്തി വേണ്ട ജാഗ്രത മതി’ എന്ന്‌ പറഞ്ഞ്‌ ആരംഭിക്കുന്ന പാവനാടകം സമൂഹമാധ്യമങ്ങളിലും വൈറലായി. 
രോഗലക്ഷണങ്ങളും പടരുന്ന വഴികളും മുൻകരുതലുകളും രോഗനിർണയവും ചികിത്സയുമെല്ലാമാണ്‌ പാവനാടകത്തിന്റെ വീഡിയോവിലുള്ളത്‌. പൊതുയിടങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.  ആരോഗ്യവകുപ്പിന്റെയും സാംസ്കാരിക വകുപ്പിന്റെയും നിർദേശ പ്രകാരമാണ് 3.39 മിനിട്ട്‌ ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കിയത്‌. പാവനാടകത്തിന് നല്ല പ്രതികരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നതെന്ന് രാജീവ് പുലവർ പറയുന്നു.
മലയാളത്തിലാണ് പാവനാടകം ചെയ്തിരിക്കുന്നത്. വിദേശികൾക്കും ഉപകാരപ്രദമാകുന്ന തരത്തിൽ ഇംഗ്ലീഷിലേക്കും തർജമ ചെയ്യാൻ ഒരുങ്ങുകയാണ് രാജീവ്. 
പാവകളി കലാകാരൻമാരായ രാഹൂൽ പുലവർ, എസ് ലക്ഷ്മണൻ, എസ് സുധീഷ്, കെ രജിത, എസ് സഞ്ജു, എം മനോജ്, എസ് രമേഷ് എന്നിവരും പാവനാടകത്തിന്റെ അണിയറയിലുണ്ട്.
 
പ്രധാന വാർത്തകൾ
 Top