24 July Saturday

ചമയങ്ങളില്ലാത്ത ഉത്സവകാലം

എം സി അനിൽകുമാർUpdated: Sunday Mar 22, 2020
 
ശ്രീകൃഷ്ണപുരം 
ഉച്ചവെയിൽപോലും ഉത്സവച്ചമയങ്ങളണിഞ്ഞ്‌ നിൽക്കുന്ന മാസങ്ങളാണ്‌ കുംഭവും മീനവുമെല്ലാം. ആലവട്ടവും വെഞ്ചാമരവും വർണക്കുടകളുമായി വാനിൽ വർണവൈജാത്യങ്ങളുടെ മിന്നലാട്ടം പകരുന്ന ആനകളും പാലക്കാടൻ ഉത്സവങ്ങളിലെ സ്ഥിരംകാഴ്‌ച. ചന്തത്തിൽ അണിനിരക്കുന്ന ആനകളുള്ള ഉത്സവപ്പറമ്പുകളിലേക്ക്‌ ആവേശത്തിമിർപ്പിൽ പുരുഷാരവും ഒഴുകിയെത്തും. 
കോവിഡ്‌–-19 ലോകം മുഴുവൻ ഭീതി വിതയ്ക്കുമ്പോൾ സുഖജീവിതം നയിക്കുകയാണ്‌ ആനകൾ. രോഗബാധയുടെ പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ്‌ ആനത്താവളത്തിലെ സുഖജീവിതം.  
ആനപ്പെരുമ കൊണ്ടുമാത്രം കേരളത്തിനകത്തും പുറത്തും പ്രശസ്തമായ വള്ളുവനാടൻ ഗ്രാമമായ മംഗലാംകുന്നിൽ ഗജകേസരികൾ ഉത്സവകാലം വിശ്രമകാലമാകുകയാണ്‌. നാല് പതിറ്റാണ്ടിലേറെയായി ആനകളുമായി ബന്ധമുള്ള മംഗലാംകുന്നിലെ അങ്ങാടി വീട്ടിൽ എം എ പരമേശ്വരന്റെയും സഹോദരൻ ഹരിദാസിന്റെയും ആനകളാണിത്‌. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആനകൾ കൈവശമുള്ള കുടുംബമാണിത്. ഇപ്പോൾ ഒമ്പത്‌ ആനകൾ മാത്രമാണുള്ളത്‌.   
മംഗലാംകുന്ന് അയ്യപ്പൻ, കർണൻ, ശരൺ അയ്യപ്പൻ, ഗണേശൻ, ഗജേന്ദ്രൻ, മുകുന്ദൻ, കേശവൻ, രാമചന്ദ്രൻ, രാജൻ എന്നീ ആനകളാണ്‌ ഇവിടെയുള്ളത്‌. സർവ ലക്ഷണങ്ങളുമൊത്ത കൊമ്പന്മാരായ മംഗലാംകുന്ന് അയ്യപ്പൻ, കർണൻ, ശരൺ അയ്യപ്പൻ എന്നീ ആനകൾക്ക് ഒട്ടേറെ ആരാധകരുമുണ്ട്. 
പ്രധാന ആനകൾക്ക് ഡിസംബർ മുതൽ മെയ്‌ വരെയുള്ള ഉത്സവകാലത്ത് 60 മുതൽ 80 എഴുന്നള്ളത്തുകൾ വരെ ലഭിക്കുമ്പോൾ മറ്റുള്ളവയ്ക്ക് 40 മുതൽ 60 വരെ എഴുന്നള്ളത്തുകൾ മാത്രമാണ് ലഭിക്കുക. ഒരു ആനക്ക് പനമ്പട്ട, പുല്ല്, മരുന്ന് എന്നിവ ഉൾപ്പെടെ 5,000 രൂപയിലേറെ ഒരു ദിവസം ചെലവ് വരുമെന്ന് ആനയുടമസ്ഥർ പറയുന്നു. കർക്കടമാസത്തിൽ ഔഷധക്കൂട്ടുൾപ്പെടെയുള്ള സുഖചികിത്സയും ഇവിടെ  ആനകൾക്ക് നൽകുന്നുണ്ട്. വൈകുന്നേരങ്ങളിൽ കരിമ്പുഴപ്പുഴയിൽനിന്ന്‌ ആനകൾ നീരാട്ട്‌ കഴിഞ്ഞുപോകുന്നതും പതിവ്‌ കാഴ്ച.
മുണ്ടൂർ–-പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ മംഗലാംകുന്ന് ജങ്‌ഷനിലെ തറവാട് വീടിന് സമീപത്തുതന്നെയാണ് ആനത്താവളം. 1977 ലാണ് ആദ്യത്തെ ആന അയ്യപ്പൻകുട്ടി ബിഹാറിലെ സോൺപൂരിൽനിന്ന്‌ മംഗലാംകുന്നിലെ അങ്ങാടി വീട്ടിലെത്തുന്നത്. ക്രമേണ ആനത്താവളത്തിൽ 18 ആനകൾ വരെ തലയെടുപ്പോടെ നിന്നിരുന്നു. 
തമിഴ് സിനിമയിൽ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം മുത്തുവിലും ശരത്കുമാറിനൊപ്പം നാട്ടാമ്മയിലും ജയറാമിനൊപ്പം ആനച്ചന്തത്തിലും മംഗലാംകുന്ന് അയ്യപ്പൻ അഭിനയിച്ചിട്ടുണ്ട്. 1992 ലാണ് മോട്ടിശിങ്കാർ എന്ന അയ്യപ്പൻ ബിഹാറിൽനിന്ന്‌  മംഗലാംകുന്നിലെ ആന കുടുംബത്തിലെത്തുന്നത്. 2006 ൽ തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പേന്തി. കർണനാകട്ടെ ഉത്സവ പറമ്പുകളിൽ  തലയെടുപ്പിലും ശാന്തസ്വഭാവത്തിലും ഏറെ  മുന്നിലാണ്. സിനിമയിലും അഭിനയിച്ചിട്ടുണ്ട്.  
മുപ്പതോളം ആനകൾക്കുള്ള ചമയങ്ങളും മംഗലാംകുന്ന് ആന കുടുംബത്തിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top