30 May Saturday
രോഗബാധയില്ല

4110 പേര്‍‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 പാലക്കാട്

കോവിഡ്‌–-19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ 4110 പേർ നിരീക്ഷണത്തിൽ. ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 
വീടുകളിൽ 4089 പേരും ആശുപത്രികളിൽ 21 പേരുമാണ്‌ നിരീക്ഷണത്തിൽ. ഇതിൽ 13 പേർ ജില്ലാ ആശുപത്രിയിലും മൂന്ന് പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും അഞ്ച് പേർ ഒറ്റപ്പാലം താലൂക്ക്  ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 129 സാമ്പിളുകൾ അയച്ചതിൽ 104 ഫലങ്ങളും നെഗറ്റീവാണ്.
നിരീക്ഷണത്തിലുള്ളവർ കറങ്ങിനടന്നാൽ 
പൊലീസിനെ വിളിക്കാം
പാലക്കാട്
കോവിഡ്–- 19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ നേരിട്ട് പരിശോധിക്കാൻ കൺട്രോൾ റൂമും ഫോൺ നമ്പറും സജ്ജമാക്കിയിരിക്കുകയാണ് ജില്ലാ പൊലീസ്. ഹോം കെയർ സമയത്ത് പുറത്തിറങ്ങുന്നവരുടെ വിവരങ്ങൾ ഇനി മുതൽ ആർക്കും പൊലീസിനെ നേരിട്ട് വിളിച്ച് അറിയിക്കാം.9497963100, 112, 0491 2536688  നമ്പറുകളിലാണ്  വിവരങ്ങൾ കൈമാറേണ്ടത്.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ക്ക്‌ സഹായത്തിനായും ഈ നമ്പറുകളിൽ വിളിക്കാം. പലയിടത്തും ഹോം കെയറിൽ കഴിയുന്നവർ കറങ്ങിനടക്കുന്നതായി വിവരം ലഭിച്ചതോടെയാണ് പൊലീസ് നിയന്ത്രണം ഏറ്റെടുത്തുത്‌. 
വാർഡ് അം​ഗങ്ങൾ, കൗൺസിലർമാർ, ആശാ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ജനജാ​ഗ്രതാ സമിതികളാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ വിവരം  ശേഖരിക്കുന്നത്. 
ഇവർ വീടുകളിൽത്തന്നെ തുടരുന്നുണ്ടോ എന്ന് അന്വേഷിച്ചിരുന്നതും ഈ സമിതികളാണ്. ഇവരുടെ നിർദേശം ലംഘിച്ചും ചിലർ പുറത്തിറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ പൊലീസ് നേരിട്ട് പരിശോധന നടത്തുന്നതെന്ന്‌ എസ്‌പി ജി ശിവവിക്രം അറിയിച്ചു. 
ജില്ലയിൽ കോവിഡ് –-19 സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതോടെ ആരോ​ഗ്യവകുപ്പിന്റെ നിരീക്ഷണവും ശക്തമാണ്‌.
അറിയിപ്പുമായി വീടുകളിലേക്ക്
പാലക്കാ‌ട്
കോവിഡ്–-19 വ്യാപനം തടയുന്നതിന്‌ മൈക്ക്‌ പ്രചാരണവുമായി പഞ്ചായത്തുകൾ. 31 വരെ പൊതുപരിപാടികളും ആളുകൾ കൂട്ടം കൂടുന്നതും പൂർണമായി ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് വാഹനങ്ങളിൽ അനൗൺസ്‌മെന്റ്‌ നടത്തുന്നത്‌.  
പഞ്ചായത്തിലെ പ്രാഥമികാരോ​ഗ്യകേന്ദ്രത്തിലെ പ്രതിനിധികളോ പഞ്ചായത്ത് സെക്രട്ടറിയോ നേരിട്ടാണ് അറിയിപ്പ് നൽകുന്നത്. 
ഇതിനൊപ്പം ബോധവൽക്കരണ നോട്ടീസുകളും വിതരണം ചെയ്യുന്നു. ജില്ലയിലെ പല പഞ്ചായത്തുകളും ഇത്തരത്തിലുള്ള അനൗൺസ്‌മെന്റുകൾ തുടങ്ങിയിട്ടുണ്ട്. ഓരോ പഞ്ചായത്തിലെയും എല്ലാ വഴികളിലൂടെയും വാഹനങ്ങൾ എത്തും. 
സർക്കാരിന്റെ അറിയിപ്പുകൾ ഉണ്ടായിട്ടും പല ഒറ്റപ്പെട്ട സ്ഥലത്തും ആഘോഷപരിപാടികൾ നടത്തിയിരുന്നു. കോവിഡ് –-19ന്റെ സമൂഹ വ്യാപനം മുന്നിൽ കണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബോധവൽക്കരണത്തിന് മുന്നിട്ടിറങ്ങുന്നത്.
പ്രധാന വാർത്തകൾ
 Top