27 May Wednesday

50 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

പട്ടിക്കര ബൈപ്പാസിലെ ഗോഡൗണിൽനിന്ന്‌ പിടികൂടിയ ലഹരി വസ്തുക്കൾ

പാലക്കാട്
പട്ടിക്കര ബൈപ്പാസിലെ ഗോഡൗണിൽനിന്ന്‌ 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൽ പിടികൂടി. 1,16,000 പാക്കറ്റ് ഹാൻസ്‌, കൂൾ ലിപ്, ഗുഡ്ക എന്നീ ലഹരി പദാർഥങ്ങളാണ് നാർകോട്ടിക് സ്‍ക്വാഡും നോർത്ത് പൊലീസും ചേർന്ന് പിടികൂടിയത്. പിരായിരി സാറാ മൻസിലിൽ സിറാജിന്റെ (30) ഉടമസ്ഥതയിലുള്ള ​ഗോഡൗണിൽനിന്നാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.  അന്വേഷണം ഊർജിതമാക്കിതായി പൊലീസ് അറിയിച്ചു. 
പൊള്ളാച്ചിയിൽനിന്ന് പെട്ടി ഓട്ടോയിൽ കടത്തുന്ന ലഹരി വസ്‍തുക്കൾ ​ഗോഡൗണിൽ സൂക്ഷിക്കുകയും പിന്നീട് ചില്ലറ വിപണിയിലേക്ക് നൽകുകയുമാണ് ചെയ്യുന്നത്. മലമ്പുഴ ഡാമിന് സമീപം സ്റ്റേഷനറിക്കട നടത്തുന്ന സിറാജ് ലഹരി വസ്‍തുക്കൾ വിറ്റതിന്‌ അഞ്ചുതവണ പിടിയിലായിട്ടുണ്ട്. പാക്കറ്റിന്‌ പത്ത്‌ രൂപയ്‍ക്ക് പൊള്ളാച്ചിയിൽനിന്ന്‌ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ജില്ലയിൽ 20 രൂപയ്‍ക്കാണ് സിറാജ് വിൽക്കുന്നത്. ​ഗോഡൗണിൽനിന്ന് ചാക്കുകളിൽ കണ്ടെത്തിയ വസ്‍തുക്കൾക്ക് 50 ലക്ഷം രൂപ വിലവരുമെന്ന്‌ പൊലീസ് പറഞ്ഞു. സ്‍കൂൾ, കോളേജ് പരിസരങ്ങളിലെ കടകൾക്കാണ് ഇയാൾ കൂടുതൽ ലഹരി വിൽക്കുന്നത്‌. 
നാർകോട്ടിക് സെൽ ഡിവൈഎസ്‍പി ബാബു കെ തോമസ്, ടൗൺ നോർത്ത് ഇൻസ്‌പെക്ടർ ഷിജു കെ എബ്രഹാം, ഗ്രേഡ് എസ്‍ഐ സതീഷ്, നാർകോട്ടിക് സ്‍ക്വാഡ് അംഗങ്ങളായ ആർ കിഷോർ, എസ് ഷനോസ്, ആർ രാജീദ് എന്നിവരടങ്ങിയ സംഘമാണ് ലഹരി പിടികൂടിയത്.
പ്രധാന വാർത്തകൾ
 Top