25 May Monday
അവശ്യ വസ്തുക്കൾ

വില വർധിപ്പിച്ചാൽ നടപടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

പാലക്കാട്‌ സ്റ്റേഡിയം ബസ്‌ സ്റ്റാൻഡിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ശനിയാഴ്‌ച അനുഭവപ്പെട്ട തിരക്ക്‌

പാലക്കാ‌ട്
കോവിഡ് –-19 ന്റെ പശ്ചാത്തലത്തിൽ ആളുകൾ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാ​ഗം ഉദ്യോഗസ്ഥർ. 
കടകൾ അടയ്‍ക്കുമെന്നും സാധനം തീരുമെന്നുമുള്ള വ്യാജസന്ദേശങ്ങളെ തുടർന്നാണ് ആളുകൾ കൂടുതൽ ദിവസത്തേക്കുള്ള സാധനങ്ങൾ വാങ്ങികൂട്ടുന്നത്. എന്നാൽ ഇത് ഒഴിവാക്കണമെന്നും ആവശ്യത്തിന് സാധനങ്ങൾ ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്റെ കൈയിലുണ്ടെന്നും അധികൃതർ അറിയിച്ചു. സാഹചര്യം മുതലാക്കി കച്ചവടക്കാർ പൊതുവിപണിയിൽ വിലവർധിപ്പിക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കും. ഈ നീക്കം ഒഴിവാക്കാൻ കൂടിയാണ് സർക്കാർ സംവിധാനങ്ങൾ കടുത്ത ജാ​ഗ്രതാ നിർദേശങ്ങൾക്കിടയിലും തുറന്ന് പ്രവർത്തിക്കുന്നത്. 
മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്‍തുക്കളും മറ്റ്‌  ഉൽപ്പന്നങ്ങളും സംസ്ഥാനത്ത് ശേഖരിച്ചിട്ടുണ്ട്. നിലവിൽ ആഴ്‍ചകളോളം ചരക്ക് ​ഗതാ​ഗതം നിലച്ചാൽ പോലും സംസ്ഥാനത്തിനോ ജില്ലയ്‌ക്കോ പ്രതിസന്ധിയില്ല. തമിഴ്‍നാട്ടിൽ നിന്നും കർണാടകയിൽ നിന്നും അവശ്യസാധനങ്ങളുടെ വരവിന് ഒരു പ്രശ്‍നവും ഉണ്ടായിട്ടില്ല. ചരക്ക് ​ഗതാ​ഗതവും സു​ഗമമായി നടക്കുന്നു. അതിർത്തികളിൽ പരിശോധന കർശനമാണെങ്കിലും സാധനങ്ങൾ സാധാരണ പോലെ  ജില്ലയിൽ എത്തുന്നുണ്ട്. 
കോവിഡ് ഭീതി പടർന്നതോടെ കൺസ്യൂമർഫെഡ്, സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ റെക്കോഡ് കച്ചവടമാണ് നടക്കുന്നത്. കൺസ്യൂമർഫെ‍ഡ് ഔട്ട്‌ലെറ്റുകളിൽ 70,000 മുതൽ 80,000 രൂപയ്‍ക്ക് വരെ  ദിവസവും കച്ചവടം നടക്കുന്നു. 
ആവശ്യക്കാർ കൂടിയതോടെ സാനിറ്റൈസർ നൽകുന്നതിന് ഔട്ട്‌ലെറ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾ തന്നെ പത്ത്‌ മുതൽ 15 കുപ്പി സാനിറ്റൈസറുകൾ വാങ്ങുന്നതോടെ പല ഔട്ട്‌ലെറ്റുകളിലും ക്ഷാമം നേരി‌ട്ടു. ഇതോടെയാണ് ഒരാൾക്ക് രണ്ടിൽ കൂടുതൽ സാനിറ്റൈസറുകൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. 
അവശ്യസാധനങ്ങൾ സുലഭമാണെന്നിരിക്കേ കൂടുതൽ വാങ്ങിക്കൂട്ടുന്നത് സമൂഹത്തിൽ ഭീതി പടർത്തുമെന്നും ഇത് ഒഴിവാക്കാനുള്ള നടപടി  സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സപ്ലൈകോ, കൺസ്യൂമർഫെ‍ഡ് ഔട്ട്‌ലെറ്റുകളിൽ എല്ലാ മുൻകരുതലുകളും എടുത്താണ് കച്ചവടം നടക്കുന്നത്. ജീവനക്കാർ മാസ്‍ക്കുകളും സാനിറ്റൈസറുകളും ഉപയോ​ഗിക്കുന്നു. 
ഔട്ട്‌ലെറ്റുകളും അണുവിമുക്തമാക്കിയിട്ടുണ്ട്. 
പ്രധാന വാർത്തകൾ
 Top