21 March Thursday
രണ്ട‌് വർഷംകൊണ്ട‌് 46,000 സ‌്കൂളുകൾ ഡിജിറ്റൽ സംവിധാനത്തിലായി. 2.5 ലക്ഷം വിദ്യാർഥികൾ പുതുതായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക‌് വന്നു

സ്വകാര്യ സ‌്കൂളിലെ പഠനരീതി മാറ്റണം: കെ എൻ ഗണേഷ‌്

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019
പാലക്കാട‌്
പഠന രീതിയുടെ പൊതുസ്വഭാവത്തിലേക്ക‌് ‌സ്വകാര്യ സ‌്കൂളുകളേയും ഉൾപ്പെടുത്തിയെങ്കിലേ പൊതുവിദ്യാഭ്യാസം പൂർണമായി വിജയിക്കൂവെന്ന്‌ ഡോ. കെ എൻ ഗണേഷ‌്. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ "പൊതുവിദ്യാഭ്യാസം ഇന്ന‌് നാളെ'  ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ ചട്ടക്കൂടിനുള്ളിലാകണം സ‌്കൂ‌ളുകൾ എന്ന‌് നിർബന്ധബുദ്ധിയുള്ള മാനേജ‌്മെന്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട‌്. അധ്യാപകരുടെ വസ‌്ത്ര ധാരണത്തിൽപോലും മതനിഷ‌്ഠ നോക്കുന്നു. ഇതിന‌് മാറ്റം വരണം. 
കേരളം ആർജിച്ചെടുത്ത മതേതര മൂല്യങ്ങളും ലിംഗ സമത്വവും പ്രാവർത്തികമാക്കുന്ന കരിക്കുലത്തിലേക്ക‌് സ്വകാര്യ സ‌്കൂളുകളെക്കൂടി ഉൾപ്പെടുത്തണം. കേരളത്തിലെ പൊതുവിദ്യാഭ്യാസം ദിശാമാറ്റത്തിലാണ‌്. രണ്ട‌് വർഷംകൊണ്ട‌് 46,000 സ‌്കൂളുകൾ ഡിജിറ്റൽ സംവിധാനത്തിലായി.  2.5 ലക്ഷം വിദ്യാർഥികൾ പുതുതായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക‌് വന്നതും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രകടമായ വിജയമാണ‌്. 
ഇതുവരെയുള്ള കേന്ദ്രസർക്കാരുകൾ പൊതുവിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കി. ആന്ധ്രയിൽ ഉൾപ്പെടെ ആയിരക്കണക്കിന‌് സർക്കാർ സ‌്കൂളുകൾ സ്വകാര്യലോബിക്ക‌് പാട്ടത്തിന‌് നൽകി. എന്നാൽ പൊതുവിദ്യാഭ്യാസ രംഗത്തെ തകർച്ചയിൽ നിന്നും കേരളം കുതിച്ചുയർന്നതാണ‌് നിലവിലെ സാഹചര്യം. പൊതുവിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം ഉയർന്നതാണ‌് വിദ്യാർഥികളുടെ എണ്ണംകൂടാൻ കാരണം. 
പ്രീ–-പ്രൈമറി മുതൽ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസത്തിന‌് അനുരൂപമായി ഉന്നതവിദ്യാഭ്യാസവും രൂപകൽപ്പന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 
ജില്ലാ പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌് ടി കെ നാരായണദാസ‌് അധ്യക്ഷനായി. ഡോ. സി പി ചിത്രഭാനു, പ്രൊഫ. പി എ വാസുദേവൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്ലാനിങ്‌ ഓഫീസർ ഏലിയാമ്മ നൈനാൻ സ്വാഗതവും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക‌്ടർ പി യു പ്രസന്നകുമാരി നന്ദിയും പറഞ്ഞു. 
വൈകിട്ട‌് പാലക്കാട‌്  കൈരളി കളരി സംഘത്തിന്റെ കളരിപ്പയറ്റ‌്, ലെക്കിടി കുഞ്ചൻ നമ്പ്യാർ സ‌്മാരകം അവതരിപ്പിച്ച ഓട്ടൻതുള്ളൽ, എം കെ സുരേഷ‌് സംവിധാനം ചെയ‌്ത വൈക്കം മുഹമ്മദ‌് ബഷീറിന്റെ നീതിന്യായം എന്ന നാടകവും അരങ്ങേറി.
പ്രധാന വാർത്തകൾ
 Top