27 February Thursday

ഇവിടെ ‘സമോവർ’ ആണ്‌ താരം

എം സനോജ്‌Updated: Wednesday Jan 22, 2020

 

ഒറ്റപ്പാലം 
പഴയകാലത്തെ ചായക്കടയിലെ ചായയുടെ രുചി നുകരണമോ? വരൂ ചന്ദ്രേട്ടന്റെ കടയിലേക്ക്‌. ആ രുചി ഇന്നും ചന്ദ്രേട്ടന്റെ ചായക്കടയിൽ സുലഭം. ഇതാണ്‌ ഈ ‘ചായപ്പെരുമ’യ്‌ക്കു കാരണം. 
ഒറ്റപ്പാലം തെന്നടി ബസാറിൽ ഉപ്പാമൂച്ചിക്കൽ ചന്ദ്രന്റെ (61) ‘ലക്ഷ്മി’ ചായക്കടയിലാണ് ഈ പഴയരീതിയുടെ രുചിഭേദം. 50 വർഷമായി ഈ ചായക്കട പ്രവർത്തിക്കുന്നു. പണ്ട് മലയാളിയുടെ പ്രഭാതങ്ങൾ പൊട്ടിവിടർന്നിരുന്നത്‌ നാട്ടിൻപുറങ്ങളിലെ ചായക്കടകളിലായിരുന്നു. റേഡിയോ വാർത്തയും പത്രവായനയും രാഷ്ട്രീയചർച്ചയും കാലിച്ചായയുടെ രുചിയോടെയാണ് ആരംഭിച്ചിരുന്നത്. ബെഞ്ചും ഡസ്‌ക്കും മുറിബീഡിയും ചായസഞ്ചിയും സമോവർ എന്ന ചായപ്പാത്രവുമാണ് അന്നത്തെ  ചായക്കട കഥാപാത്രങ്ങൾ. ഇന്ന്‌ സമോവർ പഴങ്കഥയായി. 
ചന്ദ്രന്റെ സമോവറിൽ പാരുന്ന ചായ കുടിക്കാൻ നിരവധി പേർ എത്തുന്നു. അത്രയ്‌ക്ക്‌ സ്വാദാണ്‌ സമോവർ ചായയ്‌ക്ക്‌. അച്ഛൻ ദാമോദരനാണ്‌ 50 വർഷംമുമ്പ്‌ ചായക്കട തുടങ്ങിയത്. ഇദ്ദേഹത്തിന്റെ മരണശേഷം ചന്ദ്രൻ ഏറ്റെടുത്തു. ദിവസവും ആറു ലിറ്റർ പാലിനുള്ള ചായ ചെലവാകും. 
ദോശ, ഇഡ്ഡലി, വെള്ളയപ്പം, എണ്ണക്കടികൾ തുടങ്ങിയവും ഇവിടത്തെ രുചിഭേദങ്ങളാണ്‌. 
ഇന്നത്തെ ചായക്കടകളിൽ പാചകവാതകത്തിലാണ്‌ വെള്ളവും പാലും തേയിലസഞ്ചിയും ചൂടാക്കുന്നത്. സമോവറിൽ വെള്ളം തിളപ്പിക്കുന്നത്‌ കരിയിലാണ്. ഇതിന്റെ മേൽമൂടി തുറന്ന് വെള്ളം നിറയ്‌ക്കും. അതേ ഭാഗത്തുകൂടി തന്നെ ഇന്ധനമായ കരിയും നിക്ഷേപിക്കും. മുകളിൽതന്നെ ചായപ്പൊടി നിറച്ച സഞ്ചിയും പാൽ തിളപ്പിക്കാൻ പാത്രവുമുണ്ട്. ഒരു ചാക്ക് കരിക്ക് അന്നത്തെ വില 30 രൂപയായിരുന്നത്‌ ഇന്ന് 1500 രൂപയായി. ഇവിടെയെത്തുന്ന ജനങ്ങൾക്ക് രുചിയുള്ള ചായ കൊടുക്കുകയാണ് ലക്ഷ്യമെന്ന്‌ ചന്ദ്രന്റെ സാക്ഷ്യപ്പെടുത്തൽ. ചായ കുടിച്ചവർ വീണ്ടും വീണ്ടും വരുന്ന സാഹചര്യമാണിപ്പോൾ. ചായയ്‌ക്കുപുറമെ നാടൻ ഭക്ഷണങ്ങളും ഇവിടെ സുലഭം.
പ്രധാന വാർത്തകൾ
 Top