26 February Wednesday

പാലക്കാട്‌ പൊള്ളിത്തുടങ്ങി

സ്വന്തം ലേഖികUpdated: Wednesday Jan 22, 2020
 
പാലക്കാട്‌
വരാനിരിക്കുന്നത്‌ കടുത്ത ചൂടാണെന്ന സൂചന നൽകി ജില്ലയിൽ ചൂട്‌ ഉയരുന്നു. മുണ്ടൂർ ഐആർടിസിയിൽ രേഖപ്പെടുത്തിയ കണക്കുപ്രകാരം തിങ്കളാഴ്‌ച ചൂട്‌ 38 ഡിഗ്രി സെൽഷ്യസിലെത്തി. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണിത്‌. ചൊവ്വാഴ്‌ച ഒരു ഡിഗ്രി കുറഞ്ഞ്‌ 37 ഡിഗ്രിയായി. കുറഞ്ഞ താപനില 25 ഡിഗ്രിയും. 
ജനുവരി മൂന്ന്‌, 17 തീയതികളിലും ചൂട്‌ 37 ഡിഗ്രിയിലെത്തി. ഏറ്റവും കുറഞ്ഞ ചൂട്‌ രേഖപ്പെടുത്തിയത്‌ ജനുവരി ഒന്നിനാണ്‌. 33 ഡിഗ്രി. എന്നാൽ മലമ്പുഴ അണക്കെട്ട്‌ പരിസരത്ത്‌ ചൊവ്വാഴ്‌ചത്തെ കൂടിയ ചൂട്‌ 32.6 ഡിഗ്രിയാണ്‌. കുറഞ്ഞത്‌ 25.4 ഡിഗ്രിയും. കഴിഞ്ഞ വർഷം ജനുവരിയിൽ ചൂട്‌ 37 ഡിഗ്രിവരെ ഉയർന്നിരുന്നു. ഫെബ്രുവരിയിൽ 40 ഡിഗ്രിയും മാർച്ച്‌ പകുതിയോടെ 41 ഡിഗ്രിയിലുമെത്തി. നിലവിൽ കാറ്റടിക്കുന്നതിനാൽ ചൂടിന്റെ കാഠിന്യം കാര്യമായി അറിയുന്നില്ല. എന്നാൽ വരുംദിവസങ്ങളിൽ വെയിൽ ഇനിയും കനക്കുമെന്നാണ്‌ സൂചന. 
സൂര്യാതപം ഏൽക്കാനുള്ള സാധ്യത കൂടിയ സാഹചര്യത്തിൽ പകൽ സമയത്ത‌് പുറംജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്‌. 
വെയിലുള്ള സ്ഥലത്താണ്‌ ജോലി ചെയ്യുന്നതെങ്കിൽ ഇടയ്ക്ക്‌ തണലിലേക്ക്‌ മാറിനിന്ന്‌ വിശ്രമിക്കണം. ദാഹമില്ലെങ്കിലും നിറയെ വെള്ളം കുടിക്കണം, സൂര്യാതപമേറ്റ്‌ പൊള്ളലേറ്റാൽ എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടണം.
പ്രധാന വാർത്തകൾ
 Top