23 January Sunday
കോൺഗ്രസ് പ്രതിഷേധജ്വാല

മുൻസിപ്പൽ സ്‌റ്റേഡിയം ചെളിക്കുളമാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021
പാലക്കാട്
ആഴ്ചകളെടുത്ത് കായിക പ്രേമികൾ നന്നാക്കിയ ഇന്ദിരാ​ഗാന്ധി മുനിസിപ്പൽ സ്‌റ്റേഡിയം കോൺ​ഗ്രസ് സമ്മേളനത്തോടെ കുളമായി. സമ്മേളനത്തിനെത്തിയവരുടെ വാഹനങ്ങൾ അനുമതിയില്ലാതെ സ്‌റ്റേഡിയത്തിനകത്ത് കയറ്റിയതോടെയാണ് സ്ഥലം നാശമായത്‌. 
ഇന്ധന വിലവർധനയ്‌ക്കെതിരെ ഡിസിസി നേതൃത്വത്തിൽ കോട്ടമൈതാനത്താണ് പ്രതിഷേധ ജ്വാല നടത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ ഉദ്‌ഘാടനം ചെയ്‌ത സമരമാണ് കായിക പ്രേമികൾക്ക് തീരാസങ്കടം സമ്മാനിച്ചത്. 
കോവിഡിനുശേഷം സ്‌റ്റേഡിയം നന്നാക്കി പരിശീലനവും കളികളും തുടങ്ങിയിട്ട് ആഴ്ചകൾ മാത്രമേ ആയുള്ളൂ. ക്രിക്കറ്റ്, ഫുട്ബോൾ പിച്ചുകൾ നശിക്കാതിരിക്കാൻ വാഹനങ്ങൾ സ്‌റ്റേഡിയത്തിനകത്ത് കയറുന്നത് വിലക്കിയിരുന്നു. പൊതുജനങ്ങളുടെ വാഹനങ്ങൾ അകത്ത് കയറ്റരുതെന്ന് പൊലീസ് നേരത്തെ നിർദേശം നൽകിയിരുന്നു. ഇത് തടയാൻ സ്‌റ്റേഡിയത്തിന് മുന്നിൽ ചെറിയ ​ഗേറ്റും വച്ചിരുന്നു. ഇതെല്ലാം മാറ്റിയാണ് കോൺഗ്രസ് പ്രവർത്തകർ വാഹനം അകത്ത് കയറ്റിയത്. 
കാടുപിടിച്ച സ്‌റ്റേഡിയം നന്നാക്കാൻ നഗരസഭ തയ്യാറാകാത്തതിനെത്തുടർന്ന് 11ന്‌ പാലക്കാട് ഫൽകോൺ ഫുട്ബോൾ അക്കാദമി പ്രവർത്തകരാണ്  നന്നാക്കിയത്. പുല്ലുവെട്ടി പിച്ചും ഒരുക്കി. ചുറ്റുമതിൽ പലഭാഗത്തും തകർന്ന നിലയിലായിരുന്നു. ന​ഗരസഭ തിരിഞ്ഞുനോക്കാത്തതിനാൽ കോവി‍ഡ് കാലത്ത് സ്‌റ്റേഡിയം കുറ്റിക്കാടായി. ഇഴജന്തുക്കളടക്കം ഭീഷണിയായതോടെ കളിക്കാരും കൈവിട്ടു.  
മൈതാനം വൃത്തിയാക്കിയശേഷം ഫുട്‌ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചിരുന്നു. നശിപ്പിച്ച സ്‌റ്റേഡിയം കോൺ​ഗ്രസ് പ്രവർത്തകർ നന്നാക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം. 
ബിജെപി ന​ഗരസഭാ ഭരണം തുടങ്ങിയത് മുതൽ മൈതാനത്തെ പൂർണമായി അവ​ഗണിക്കുകയാണ്. ഓരോ തവണയും ആളുകളുടെ കണ്ണിൽ പൊടിയിടാൻ കാടു വെട്ടൽ മാത്രമാണ് ന​ഗരസഭ ചെയ്യുന്നത്. ഇത്തവണ അതും ഉണ്ടായില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top