30 November Monday

നെല്ല് സംഭരണം തുടങ്ങി 23 സംഘങ്ങൾ കരാറൊപ്പിട്ടു

സ്വന്തം ലേഖികUpdated: Wednesday Oct 21, 2020

പാലക്കാട്‌ താലൂക്കിലെ നെല്ല് സംഭരണം മുണ്ടൂരിൽ കേരളകർഷക സംഘം ജില്ലാ പ്രസിഡന്റ്‌ കെ വി വിജയദാസ്‌ എംഎൽഎ നിർവഹിക്കുന്നു

പാലക്കാട്
സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ നെല്ലുസംഭരണം ആരംഭിച്ചു. സപ്ലൈകോയുമായി തിങ്കളാഴ്‌ച കരാറിലെത്തിയ മൂന്ന്‌ സംഘങ്ങളാണ്‌ നെല്ലെടുത്ത്‌ തുടങ്ങിയത്‌. ആലത്തൂർ സർവീസ്‌ സഹകരണബാങ്ക്‌, മുണ്ടൂർ സർവീസ്‌ സഹകരണ ബാങ്ക്‌, നല്ലേപ്പിള്ളി സർവീസ്‌ സഹകരണബാങ്ക്‌ എന്നിവയാണ്‌ നെല്ലെടുത്ത്‌ തുടങ്ങിയത്‌.
ചൊവ്വാഴ്‌ച 20 സംഘങ്ങൾ കൂടി കരാറൊപ്പിട്ടു. ഇവകൂടി  എത്തുന്നതോടെ നെല്ലെടുപ്പ്‌ സജീവമാകും. സംഘങ്ങൾക്ക്‌ അതത്‌ സ്ഥലങ്ങളുള്ള പാടശേഖരങ്ങൾതന്നെ അനുവദിക്കും. എടുക്കുന്ന നെല്ലിന്റെ തുക അതത്‌ സംഘങ്ങൾതന്നെ എത്രയും വേഗം കർഷകർക്ക്‌ വിതരണം ചെയ്യും. 
അടുത്ത മഴയെത്തുന്നതിനുമുമ്പ്‌ പരമാവധി വേഗത്തിൽ നെല്ലെടുക്കുകയാണ്‌ ലക്ഷ്യം. ജില്ലയിൽ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ കൊയ്‌ത്ത്‌ സജീവമായി. ഒന്നാംവിളയ്‌ക്ക്‌ 1.25 ലക്ഷം മെട്രിക്‌ ടൺ നെല്ല് സംഭരിക്കാനാണ്‌‌ സപ്ലൈകോ ലക്ഷ്യമിടുന്നത്‌.
കഴിഞ്ഞ ഒന്നാംവിളയ്‌ക്ക്‌ 1.26 ലക്ഷം മെട്രിക്‌ ടൺ നെല്ല് സംഭരിച്ചിരുന്നു. രണ്ടാംവിളയ്‌ക്ക്‌ 1.7 ലക്ഷം മെട്രിക്‌ ടണ്ണും നെല്ലെടുത്തു. 
ഇത്തവണ സുഭിക്ഷ കേരളത്തിലൂടെ തരിശുഭൂമിയിൽകൂടി കൃഷിയിറക്കിയതോടെ കൂടുതൽ വിളവ്‌ ലഭിക്കും. ആലത്തൂർ, പാലക്കാട്‌ താലൂക്കിൽ മുണ്ടൂർ, ചിറ്റൂർ താലൂക്കിലെ നല്ലേപ്പിള്ളി എന്നിവിടങ്ങളിലാണ്‌‌ സംഘങ്ങൾ മുഖേന സംഭരണം ആരംഭിച്ചത്‌. 
ആലത്തൂർ താലൂക്കുതല ഉദ്ഘാടനം ആലത്തൂർ സർവീസ് സഹകരണ ബാങ്കിനുവേണ്ടി നെല്ല് ഏറ്റുവാങ്ങി കെ ഡി പ്രസേനൻ എംഎൽഎ നിർവഹിച്ചു ബാങ്ക് പ്രസിഡന്റ്‌ പി കെ മോഹനൻ അധ്യക്ഷനായി.
ചിറ്റൂർ താലൂക്ക്തല ഉദ്ഘാടനം നല്ലേപ്പിള്ളി പഞ്ചായത്തിലെ കല്ലായി കൊളമ്പിൽ മലബാർ സിമന്റ്സ് ഡയറക്ടർ ഇ എൻ സുരേഷ് ബാബു, കർഷകനായ റാഫൂ റഹീമിൽനിന്ന്‌ നെല്ല് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ സുരേന്ദ്രൻ അധ്യക്ഷനായി. 
പാലക്കാട്‌ താലൂക്കിൽ മുണ്ടൂരിൽ കെ വി വിജയദാസ്‌ എംഎൽഎ  ഉദ്ഘാടനം ചെയ്തു. മുണ്ടൂർ സർവീസ്‌ സഹകരണ ബാങ്ക് പ്രസിഡന്റ്‌ ടി കെ രാമദാസ്‌ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top