30 November Monday
ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

പോത്തുണ്ടി, മംഗലംഡാം ഉദ്യാനങ്ങൾ നാളെ തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

പോത്തുണ്ടിയിലെ സ്‌കൈ സൈക്കിളിങ്

പാലക്കാട്‌> ജില്ലയുടെ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ പുത്തൻ ഉണർവ്‌ പകർന്ന്‌ നവീകരിച്ച പോത്തുണ്ടി, മംഗലംഡാം ഉദ്യാനങ്ങളുടെ ഉദ്‌ഘാടനം വ്യാഴാഴ്‌ച നടക്കും. പകൽ 11ന്‌ ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യാനങ്ങൾ നാടിന്‌ സമർപ്പിക്കുമെന്ന്‌ കെ ബാബു എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 
മംഗലം ഡാം ഉദ്യാനത്തിന്‌ 4.76 കോടി രൂപയും പോത്തുണ്ടി‌ക്ക്‌ നാലുകോടി രൂപയുമാണ്‌ ചെലവിട്ടത്‌. ഉദ്‌ഘാടന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. മന്ത്രി കെ കൃഷ്‌ണൻകുട്ടി മുഖ്യാതിഥിയാകും.  ഡിടിപിസി സെക്രട്ടറി കെ ജി അജേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മംഗലംഡാം വടക്കാഞ്ചേരി

 പ്രകൃതി സൗന്ദര്യത്തിന്റെ വൈവിധ്യം കൊണ്ട്‌ സമ്പന്നമാണ്‌ മംഗലംഡാം‌. ഡാം ഉദ്യാനത്തിന്റെ നവീകരണത്തിനും -വികസനത്തിനും 2017ലാണ്‌ സംസ്ഥാന ടൂറിസം വകുപ്പ്‌ 4.76 കോടി രൂപ അനുവദിച്ചത്‌. കെ ഡി പ്രസേനൻ എംഎൽഎയുടെ ശ്രമഫലം കൂടിയാണ്‌ പദ്ധതി. മംഗലംഡാമിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം സാഹസിക ടൂറിസത്തിനും ഇവിടെ അവസരമുണ്ട്‌. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം സൗകര്യം ഒരുക്കി.

 
ഉദ്യാനകവാട നവീകരണം, വാച്ച് മാൻ കാബിൻ, ലൈറ്റുകൾ  എന്നിവയും ഒരുക്കി. കുട്ടികളുടെ പാർക്കിൽ സംസ്ഥാനത്ത് അപൂർവമായി കാണാറുള്ള യന്ത്രസംവിധാനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. വരുംദിവസം കൂടുതൽ സൗകര്യം ഒരുക്കും. സിസിടിവി, ദ്വീപുകൾ നവീകരിച്ച് ബോട്ട് സർവീസ് തുടങ്ങുക എന്നീ പദ്ധതികളും ആരംഭിക്കും. 
 
പോത്തുണ്ടി കൊല്ലങ്കോട്‌
നെല്ലിയാമ്പതിയുടെ പ്രവേശനകവാടമായ പോത്തുണ്ടി അണക്കെട്ടിനോട്‌ ചേർന്ന 4.5 ഏക്കറിലാണ്‌‌‌  ഉദ്യാനം ഒരുക്കിയത്‌. നാലുകോടിയാണ്‌ ടൂറിസം വകുപ്പ്‌ അനുവദിച്ചത്‌‌. കെ ബാബു എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ്‌ പദ്ധതി. ‌സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടെ ഒരുക്കിയ സ്‌കൈ സൈക്കിളിങ് ശ്രദ്ധേയമാണ്‌. ഉദ്യാനത്തിൽ‌ 80 മീറ്റർ ദൂരം‌ ആകാശത്തിലൂടെ സൈക്കിളിങ് നടത്താം. 18 പുതിയ തരം സാഹസിക റൈഡുകളും സ്ഥാപിച്ചിട്ടുണ്ട്‌. 
 
മുതിർന്നവർക്കുള്ള ഓപ്പൺ ജിം, കുട്ടികൾക്കായുള്ള വിവിധ കളിയുപകരണങ്ങൾ, ഷൂട്ടിങ് പോയിന്റ്, ക്വാഡ് ബൈക്കിങ്, നാലായിരം പേർക്ക് ഒന്നിച്ച് കാണാനാവുന്ന ഓപ്പൺ സ്‌റ്റേജ്, 1400 മീറ്റർ നടപ്പാത, ശുചിമുറികൾ എന്നിവ നവീകരണത്തിന്റെ ഭാഗമാണ്‌. നെല്ലിയാമ്പതിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ ഇടത്താവളമാണ്‌ പോത്തുണ്ടി ഡാം ഉദ്യാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top