29 February Saturday

കേരളീയ വിഭവങ്ങൾ ഒഴിവാക്കിയും റെയിൽവേയുടെ പകപോക്കൽ

സ്വന്തം ലേഖികUpdated: Tuesday Jan 21, 2020
പാലക്കാട്‌
വില ഇരട്ടിയാക്കിയതിനുപിന്നാലെ റെയിൽവേയുടെ പുതുക്കിയ ഭക്ഷ്യവിഭവ ലിസ്റ്റില്‍ നിന്നും  കേരളത്തിന്റെ സ്വന്തം വിഭവങ്ങളും പുറത്തായി. അതോടൊപ്പം   ഉത്തരേന്ത്യൻ വിഭവങ്ങൾ അടിച്ചേൽപ്പിക്കുകയുമാണ്. 
മലയാളിയുടെ ഭക്ഷണശീലത്തിന്‌ വിരുദ്ധമായ ഭക്ഷണം അടിച്ചേൽപ്പിക്കാനുള്ള റെയിൽവേയുടെ നീക്കത്തിൽ ശക്തമായ പ്രതിഷേധമുണ്ട്‌. അപ്പം, മുട്ടക്കറി, ദോശ, പൊറോട്ട, ചപ്പാത്തി, പുട്ട്‌, കടല, പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ എന്നിവയാണ്‌ മെനുവിൽനിന്ന്‌ പുറത്തായത്‌. പകരം പാനി പൂരിയും ബട്ടൂരയും പാവ്‌ബജിയും കിച്ചടിയും പൊങ്കലും മസാല സമൂസ എന്നിവ കഴിക്കേണ്ടിവരും. പരിപ്പുവടയും ഉഴുന്നുവടയും മെനുവിലുണ്ട്‌. എന്നാൽ ഇതിന്‌ രണ്ടിനും 15 രൂപ വീതമാണ്‌ വില. 
ദീർഘദൂര ട്രെയിനുകളിലാണ്‌ നിലവിൽ പാൻട്രിയുള്ളത്‌. എന്നാൽ പാൻട്രിയിലെ ഭക്ഷണത്തെക്കുറിച്ച്‌ യാത്രക്കാർക്ക്‌ പൊതുവേ വലിയ മതിപ്പില്ല. സ്‌റ്റേഷനുകളിലെ കേന്ദ്രങ്ങളിൽനിന്ന്‌ ട്രെയിനിൽ എത്തിക്കുന്ന ഭക്ഷണമാണ്‌ യാത്രക്കാർ പൊതുവേ വാങ്ങുക. എന്നാൽ ഈ ഭക്ഷണവും ഇഷ്ടത്തിന്‌ അനുസരിച്ച്‌ കിട്ടാതെ വരുന്ന അവസ്ഥയാണ്‌. ഒപ്പം വലിയ വിലയും. 
വിശന്നുവലയുന്നവർ എന്തുവിലകൊടുത്തും കിട്ടുന്നത്‌ വാങ്ങുമെന്ന റെയിൽവേയുടെ കണക്കുകൂട്ടലാണ്‌ ഇത്തരം നടപടികൾക്കുപിന്നിൽ. യാത്രക്കാരെയും തൊഴിലാളികളെയും ബാധിക്കുന്ന റെയിൽവേയുടെ നടപടിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ റെയിൽവേ കോൺട്രാക്ട്‌ കാറ്ററിങ് ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അച്യുതൻ പറഞ്ഞു. 
ഈ മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന്‌ തൊഴിലാളികളുടെ ജീവിതത്തെ ഇത്‌ ബാധിക്കും. 
വില കൂട്ടുകയും വിഭവങ്ങൾ ഒഴിവാക്കുകയും ചെയ്‌തതോടെ കച്ചവടം വൻതോതിൽ ഇടിയും. ഇത്‌ തൊഴിലാളികളെയും വൻ തുകയ്‌ക്ക്‌  കരാറെടുത്തവരെയും ബാധിക്കും. 
വലിയ നഷ്ടം സഹിക്കേണ്ടി വന്നാൽ അടച്ചു പൂട്ടുകയേ മാർഗമുള്ളൂ. ദിവസം 30,000 മുതൽ 40,000 രൂപവരെ വാടക നൽകിയാണ്‌ ഭക്ഷ്യശാലകൾ നടത്തുന്നത്‌. 
കച്ചവടം കുറഞ്ഞാൽ പിടിച്ചുനിൽക്കുക അസാധ്യമാകും. 2008ൽ ലാലു പ്രസാദ്‌ യാദവ്‌ റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഇഡ്ഡലിയും ദോശയുമൊക്കെ ഒഴിവാക്കി വടാപാവ്‌ കൊണ്ടുവന്നിരുന്നു. എന്നാൽ ഇതിനെതിരെ കാറ്ററിങ് തൊഴിലാളികൾ ശക്തമായി രംഗത്തുവന്നതോടെ സർക്കാരിന്‌ പിൻവലിക്കേണ്ടി വന്നു. യാത്രക്കാരുടെകൂടി സഹകരണത്തോടെ ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ യൂണിയൻ തീരുമാനം.
 
പ്രധാന വാർത്തകൾ
 Top