18 November Monday

"കൃഷ്ണപ്രസാദ'ത്തിന് തിരിതെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

പല്ലശന പഴയകാവ്‌ ക്ഷേത്രമൈതാനത്ത്‌ പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം

 

കൊല്ലങ്കോട്    
ക്ഷേത്ര വാദ്യകലാകാരൻമാരായ കലാമണ്ഡലം കൃഷ്ണദാസ്‌, കോട്ടയ്‌ക്കൽ പ്രസാദ് എന്നിവരെ  ആദരിക്കുന്നതിന്‌  ‘കൃഷ്‌ണപ്രസാദം’ പരിപാടി പല്ലശന പഴയകാവ്‌ മൈതാനിയിൽ ആരംഭിച്ചു. കഥകളിച്ചെണ്ട കലാകാരൻ ചന്ദ്ര മന്നാടിയാരുടെ ഭാര്യ കല്യാണിക്കുട്ടി അമ്മ, കലാമണ്ഡലം അപ്പുണ്ണി പൊതുവാളിന്റെ ഭാര്യ സരോജം പൊതുവാളസ്യാർ , കൃഷ്ണദാസിന്റ അമ്മ സൈന്ധവിയമ്മ, കോട്ടയ്‌ക്കൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ തങ്കമണി, ചന്ദ്ര മന്നാടിയാരുടെ ശിഷ്യൻ സദനം വാസുദേവൻ, പഴയകാവ് ദേവസ്വം ട്രസ്റ്റി പി ശിവശങ്കര മന്നാടിയാർ എന്നിവർ തിരി തെളിയിച്ചു. ഏലൂർ ബിജു അഷ്ടപദി അവതരിപ്പിച്ചു.
കല്ലൂർ രാമൻകുട്ടിമാരാരും സംഘവും അവതരിപ്പിച്ച പഞ്ച തായമ്പകയ്‌ക്ക്‌ ശേഷം വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. ഷാഫിപറമ്പിൽ എംഎൽഎ അധ്യക്ഷനായി, പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കോട്ടയ്‌ക്കൽ മധു, സി ശശിധരൻ, ടി ചക്രപാണി എന്നിവർ സംസാരിച്ചു. 
പകൽ രണ്ടിന് പെരുവനം കുട്ടൻമാരാരും സംഘവും പഞ്ചാരിമേളം അവതരിപ്പിച്ചു. വൈകിട്ട് നാലിന് കണ്യാർകളിയും പാരീസ് ലക്ഷ്മിയുടെ ഭരതനാട്യവുമുണ്ടായി. രാത്രി കുചേലവൃത്തം, സുഭദ്രാഹരണം കഥകളിയും അരങ്ങേറി.  
ഞായറാഴ്‌ച രാവിലെ 9.30ന് കേളിയും പകൽ 11ന്‌ സുഹൃത് സമ്മേളനവും നടക്കും. പകൽ രണ്ടിന് തൃത്തായമ്പക നടക്കും. വൈകിട്ട് ആറിന് സമാപന സമ്മേളനം മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും.
പത്മശ്രീ കലാമണ്ഡലം ഗോപി കലാമണ്ഡലം കൃഷ്ണദാസിനും കോട്ടയ്‌ക്കൽ പ്രസാദിനും വീരശൃംഗല അണിയിക്കും. തമിഴ്നാട് മന്ത്രി ഉഡുമലൈ രാധാകൃഷ്ണൻ, രമ്യ ഹരിദാസ് എംപി എന്നിവർ അംഗവസ്ത്രം അണിയിക്കും. 
നെടുമുടി വേണു, എസ് ശ്രീനിവാസൻ എന്നിവർ കീർത്തി ഫലകവും ഡോ. പി ബാലചന്ദ്ര വാര്യർ, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവർ ബഹുമതിപത്രവും സമർപ്പിക്കും. രാത്രി കർണശപഥം, ലവണാസുരവധം കഥകളി നടക്കും.
പ്രധാന വാർത്തകൾ
 Top