15 November Friday
ഓപ്പറേഷൻ റേഞ്ചർ ഫലപ്രദം

കുറ്റവാളികൾക്ക്‌ ഇനി രക്ഷയില്ല

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019
 
പാലക്കാട്‌
ക്രിമിനലുകളെ നിയന്ത്രിക്കാൻ പൊലീസ്‌ നടപ്പാക്കിയ ‘ ഓപ്പറേഷൻ റേഞ്ചർ ’ ഫലം കാണുന്നു. പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും സമൂഹത്തിൽ കുറ്റകൃത്യങ്ങൾ ഒഴിവാക്കാനുമാണ്‌ പദ്ധതി തയ്യാറാക്കിയത്‌. സമീപദിവസങ്ങളിലുണ്ടായ അക്രമങ്ങളിലെ പ്രതികളെയെല്ലാം അതിവേഗം പിടികൂടാനായി. ഒരുദിവസത്തെ കോമ്പിങ്‌ ഓപ്പറേഷനിലൂടെ തൃശൂർ റേഞ്ചിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന 92പേരെയും വാറണ്ടുകേസിലെ 384പേരെയും അറസ്‌റ്റ്‌ ചെയ്‌തു.
ഒക്‌ടോബർ ഒന്നിനാണ്‌ പദ്ധതി ആരംഭിച്ചത്‌. നിരവധി വർഷം പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന 198 പേരെയും വാറണ്ടുകേസിലെ 948 പേരെയും 18 ദിവസത്തിനകം അറസ്‌റ്റ്‌ ചെയ്‌തു. 165 പേർക്കെതിരെ കരുതൽനടപടിയും 38പേർക്കെതിരെ ഗുണ്ടാനിയമപ്രകാരവും നടപടിയെടുത്തു.
ജില്ലയിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതും നിലവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുമായവരെ കുറ്റകൃത്യങ്ങൾ അനുസരിച്ച്‌ മൂന്നു വിഭാഗങ്ങളിലാക്കി സ്‌റ്റേഷൻ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കി. 
ഓരോ കുറ്റവാളിയെയും നിരീക്ഷിക്കാൻ ഓരോ പൊലീസ്‌ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. കഞ്ചാവ്‌, മയക്കുമരുന്ന്‌ എന്നിവ യുവാക്കൾക്കും വിദ്യാർഥികൾക്കും എത്തിച്ചുനൽകുന്നവരെ നീരീക്ഷിക്കാൻ ജില്ലാ പൊലീസ്‌ മേധാവിയുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രത്യേക സംവിധാനം ഒരുക്കി. എല്ലാ സ്‌റ്റേഷനുകളിലും രാത്രികാല പട്രോളിങ്ങും ശക്തമാക്കി. 
എല്ലാ സ്‌റ്റേഷൻ പരിധിയിലെയും ഓരോ കുറ്റവാളിയുടെയും പ്രത്യേകം ഫയൽ തയ്യാറാക്കി സൂക്ഷിക്കും. ചുമതലയുള്ള ഉദ്യോഗസ്ഥൻ നിരന്തരം ഇവരെ നിരീക്ഷിച്ച്‌ ഫയൽ പുതുക്കും. സ്‌റ്റേഷനുകളിൽ നിലവിലുള്ള കേസുകളിലെ എല്ലാ പ്രതികളെയും അറസ്‌റ്റ്‌ ചെയ്യാൻ പ്രത്യേക സംഘത്തെയും ഒരുക്കി. കേസിലുൾപ്പെട്ട്‌ ജാമ്യത്തിലിറങ്ങുന്നവരെയും നിരീക്ഷിക്കും. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാനും നടപടിയെടുക്കും. 
അവസാന 10 വർഷത്തിനുള്ളിൽ മയക്ക്‌മരുന്ന്‌,  മണൽ, മദ്യം എന്നിവ കടത്തിയ കേസിൽ ഉൾപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റാ ബാങ്ക്‌ പുതുക്കി സൂക്ഷിക്കും. വർഗീയ–-തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടവരുടെയും അവരുടെ അനുഭാവികളുടെയും പട്ടിക തയ്യാറാക്കുന്നുണ്ട്‌. തൃശൂർ റേഞ്ച്‌ ഐജി സുരേന്ദ്രന്റെ നേതൃത്വത്തിൽ പദ്ധതി വിലയിരുത്താൻ റേഞ്ച്‌ ഓഫീസിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്‌. പദ്ധതി തുടരാനാണ്‌ തീരുമാനം.

 

പ്രധാന വാർത്തകൾ
 Top