13 July Monday

കൃഷ്ണകുമാറിന്റെ 'അടയ്ക്കാപുത്തൂര്‍ കണ്ണാടി' നിര്‍മാണത്തിന് 25 വയസ്സ്

എം സി അനില്‍കുമാര്‍Updated: Saturday Aug 20, 2016

 

 
ശ്രീകൃഷ്ണപുരം > കൃഷ്ണകുമാറിന്റെ 'അടയ്ക്കാപുത്തൂര്‍ കണ്ണാടി'നിര്‍മാണത്തിന് 25 വയസ്സ് പിന്നിടുന്നു. 'ആറന്മുള കണ്ണാടി'ക്കൊപ്പം വിദേശത്തുപോലും പ്രിയമുള്ളതാണ് അടയ്ക്കാപുത്തൂര്‍ കണ്ണാടി. അടയ്ക്കാപുത്തൂര്‍ പരേതനായ ബാലന്‍മൂശാരിയുടെ ഇളയമകനാണ് കൃഷ്ണകുമാര്‍. കഴിഞ്ഞ 25വര്‍ഷമായി കണ്ണാടി നിര്‍മിക്കുന്നു. 
കുന്തിപ്പുഴയുടെ തീരത്തെ കലാഗ്രാമമായ വെള്ളിനേഴിയിലെ അടയ്ക്കാപുത്തൂര്‍ ഗ്രാമത്തിന് മഹത്വം നേടിക്കൊടുക്കാന്‍ അടയ്ക്കാപുത്തൂര്‍ കണ്ണാടിക്ക് ആയിട്ടുണ്ട്. അടയ്ക്കാപുത്തൂര്‍ കുന്നത്ത് മനയ്ക്കല്‍ രാമന്‍നമ്പൂതിരിയാണ് ബാലന്‍മൂശാരിക്ക് കണ്ണാടി നിര്‍മിക്കാന്‍ പ്രചോദനം നല്‍കിയത്. അതുവരെ ഓട്, പിച്ചള പാത്രങ്ങളും വിഗ്രഹങ്ങളും നിര്‍മിച്ച് ജീവിക്കുകയായിരുന്നു ബാലന്‍മൂശാരി.
കണ്ണാടിനിര്‍മാണം ആരംഭിച്ച് ആദ്യത്തെ അഞ്ചുവര്‍ഷം പരാജയമായിരുന്നു. പരീക്ഷണങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോളും അതില്‍നിന്നു പിന്‍വാങ്ങാന്‍ ബാലന്‍മൂശാരി തയ്യാറായില്ല. ചെമ്പും വെളുത്തീയവും കൂട്ടിച്ചേര്‍ത്ത് നിര്‍മിക്കുന്ന വെള്ളോടിലായിരുന്നു പരീക്ഷണം. ഓരോ പരീക്ഷണവും പരാജയപ്പെട്ടപ്പോഴും നിരാശനാകാതെ ചെമ്പും വെളുത്തീയവും വിവിധ അനുപാതത്തില്‍ ചേര്‍ത്ത് നിര്‍മിച്ചുകൊണ്ടേയിരുന്നു. അവസാനം 1985ല്‍ അടയ്ക്കാപുത്തുര്‍ കണ്ണാടി ജന്മമെടുത്തു. ഈ പാരമ്പര്യം ബാലന്‍മൂശാരി മകന്‍ കൃഷ്ണകുമാറിന് പകര്‍ന്നു നല്‍കി.
ആവശ്യമുള്ള വലുപ്പത്തില്‍ മെഴുകുകൊണ്ട് രൂപമുണ്ടാക്കി അരച്ചെടുത്ത മണ്ണ് മൂന്നുപാളികളിലായി ഇതിനുപുറത്ത് തേച്ചുപിടിപ്പിച്ച് കരു ഉണ്ടാക്കും. ഒരു വശത്തുമാത്രം മെഴുക് പുറത്തേക്ക് വരാനുള്ള തുളയുണ്ടാക്കും. കരു ഉണക്കിയെടുത്ത് ചൂളയില്‍വച്ച് ചൂടാക്കി തുളയിട്ട ഭാഗത്തുകൂടി മെഴുക് ഉരുക്കിക്കളയും. കരുവിന്റെ ഒഴിഞ്ഞ ഭാഗത്ത് ഓട് ഉരുക്കിയൊഴിക്കും. ചൂടാറുമ്പോള്‍ കരു പൊട്ടിച്ചെടുത്ത് ലോഹത്തിന്റെ രൂപം പോളിഷ് ചെയ്താണ് കണ്ണാടി നിര്‍മിക്കുന്നത്. തുടര്‍ന്ന് കരവിരുത് നിറയുന്ന ഫ്രെയിം കൂടിയാവുമ്പോള്‍ ലക്ഷണമൊത്ത വാല്‍ക്കണ്ണാടിയാവും. 
കൃഷ്ണകുമാര്‍ കണ്ണാടി നിര്‍മിക്കുന്നത് വീടിനുസമീപത്തെ ആലയിലാണ്. അച്ഛനോടൊപ്പം സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ തുടങ്ങിയ കണ്ണാടിനിര്‍മാണം 25 വര്‍ഷം പിന്നിട്ടിട്ടും കൃഷ്ണകുമാര്‍ തുടരുന്നു. വിദേശരാജ്യങ്ങളിലേക്ക് ധാരാളം കയറ്റിഅയക്കുന്നു. ചെറിയ കണ്ണാടി നിര്‍മിക്കാന്‍ ആറു ദിവസവും വലിയതിന് 15 മുതല്‍ 25 ദിവസം വരെയും എടുക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. 
 
പ്രധാന വാർത്തകൾ
 Top