31 July Saturday
22ന്‌ സിപിഐ എം പ്രക്ഷോഭം

മഴയിൽ മാലിന്യമൊഴുകി; നഗരം ദുരിതമയം

സ്വന്തം ലേഖകൻUpdated: Sunday Jun 20, 2021

ചുണ്ണാമ്പുത്തറ മേൽപ്പാലത്തിന് സമീപത്തെ മാലിന്ന്യം നിറഞ്ഞ വെള്ളക്കെട്ട് ഫോട്ടോ: ബിനുരാജ്

പാലക്കാട്
അമൃത് നഗരമാക്കാനൊരുങ്ങുന്ന പാലക്കാട് നഗരത്തിൽ മൂക്കുപൊത്താതെ വഴിനടക്കാനാവില്ല. മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും പരാജയപ്പെട്ട നഗരസഭ മഴക്കാലപൂർവ ശുചീകരണത്തിലും പരാജയമായതോടെ ന​ഗരം ദുര്‍ഗന്ധ പൂരിതമാണ്. 
മഴക്കാലം ന​ഗരജനതയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്താൽ വീടുകളിലേക്കും മാലിന്യം ഒഴുകിയെത്തുന്നു. 2018ലും 2019ലും ഇതേയവസ്ഥയുണ്ടായിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കിണർ മാലിന്യംകൊണ്ട്‌ നിറഞ്ഞു. 
മേപ്പറമ്പിലും സ്റ്റേഡിയം ഗ്രൗണ്ടിലും മാലിന്യം തള്ളുന്നത്‌ പതിവായി. അവിടെത്തന്നെ കൂട്ടിയിട്ട്‌ കത്തിക്കുന്നതും പരിസരവാസികൾക്ക്‌ തലവേദനയാകുന്നു. കൽമണ്ഡപം----–- കൽപ്പാത്തി ബൈപാസ്, ചുണ്ണാമ്പുത്തറ-–---- പേഴുങ്കര ബൈപാസുകളിൽ പലയിടത്തും മൂക്കുപൊത്താതെ കടന്നുപോകാനാകില്ല. ഒലവക്കോട് റെയിൽവേ മേൽപ്പാലത്തിനു സമീപം ജീവനക്കാർ തന്നെയാണ് മാലിന്യം തള്ളുന്നത്. 
പട്ടിക്കര ബൈപാസിൽ നഗരസഭ വേലി നിർമിച്ച് തടയിടാൻ ശ്രമിച്ചെങ്കിലും കാര്യങ്ങൾ പഴയപടിതന്നെ.   
മാലിന്യക്കൂനകളിൽനിന്ന് റോഡിലേക്ക്‌ ചാടിവീണേക്കാവുന്ന തെരുവുനായ്ക്കളെ പേടിച്ചാണ് ഇരുചക്ര വാഹനയാത്രികർ കടന്നുപോകുന്നത്, കന്നുകാലി ശല്യവുമുണ്ട്‌. നഗരസഭാ പരിധിയിൽ 4,400 മെട്രിക് ടൺ മാലിന്യമാണ് ഒരു വർഷമുണ്ടാകുന്നത് എന്നാണ് ഏജൻസികളുടെ കണ്ടെത്തൽ.  
മാലിന്യം നീക്കം ചെയ്‌ത്‌ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 22ന്‌ 100 കേന്ദ്രങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ സമരം നടക്കും. 
മഴക്കാലപൂർവ 
ശുചീകരണത്തിൽ വീഴ്ച
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി മാലിന്യനീക്കം കാര്യക്ഷമമായി നടന്നില്ല.  പലയിടങ്ങളും വെള്ളം കയറുന്ന മേഖലയാണ്‌. ഇത്തവണയും അതാവർത്തിച്ചാൽ സമീപത്തെ വീടുകളിൽ മാലിന്യമെത്തുന്നതോടൊപ്പം പകർച്ചവ്യാധികൾക്കും കാരണമാകും. വാർഡുതല ശുചിത്വ സമിതിക്ക് പഞ്ചായത്ത് തലത്തിൽ 25,000 രൂപയും നഗരസഭകളിൽ 35,000 രൂപയും ശുചിത്വമിഷൻ അനുവദിച്ചിരുന്നു. 
റെഡ് സ്പോട്ടുകളിൽ 
നിരീക്ഷണമില്ല
പ്രധാന മാലിന്യകേന്ദ്രങ്ങൾ റെഡ് സ്പോട്ടുകളാക്കി ക്യാമറ നിരീക്ഷണം നടത്തുന്നതടക്കം നഗരസഭയുടെ പദ്ധതികൾ പാതിവഴിയിൽ നിലച്ചു. 
പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാവുന്ന നിരവധി റെഡ് സ്പോട്ടുകൾ ശുചിത്വമിഷൻ കണ്ടെത്തിയിരുന്നു. 
രാത്രികാല നിരീക്ഷണ സ്ക്വാഡുകൾ നിർജീവമായതോടെ അറവ് മാലിന്യമുൾപ്പെടെ വഴിയോരങ്ങളിലെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top