20 September Friday

ഒറ്റപ്പാലം ബസ‌്സ‌്റ്റാൻഡ‌് നാറ്റ‌്പാക‌് സംഘം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ നാറ്റ് പാക് സംഘം പരിശോധിക്കുന്നു

 

ഒറ്റപ്പാലം
നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ(നാറ്റ്പാക്) സംഘം നഗരസഭാ ബസ് സ്റ്റാൻഡ‌് പരിശോധിച്ചു. ബസ് സ്റ്റാൻഡിന്റെ വലുപ്പക്കൂടുതലും ട്രാഫിക് നിയമം പാലിക്കാത്തതും അപകടത്തിനിടയാക്കുന്നു. നടത്തിപ്പ‌് അശാസ്ത്രീയമാണെന്നും സംഘം കണ്ടെത്തി. യാത്രക്കാർക്ക് സുരക്ഷയൊരുക്കാനുള്ള പദ്ധതി തയ്യാറാക്കാനാണ‌് നാറ്റ്പാക് സീനിയർ സയന്റിസ്റ്റ് വി എസ് സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ സംഘം എത്തിയത‌്. 
സ്റ്റാൻഡിലേക്ക് ബസുകൾ അമിതവേഗത്തിൽ പ്രവേശിക്കുന്നുണ്ട‌്. പ്രശ‌്നം പരിഹരിക്കാൻ പഠനം നടത്തി പദ്ധതി തയ്യാറാക്കും. ബസ് സ്റ്റാൻഡിന്റെ പ്ലാനും മറ്റു രേഖകളും നഗരസഭ സംഘത്തിനു കൈമാറി. ബസിനും യാത്രക്കാർക്കും പ്രത്യേകം വഴിയുണ്ടാകണം. അധികസമയം സ്റ്റാൻഡിൽ നിർത്തിയിടാത്ത ബസുകൾക്ക് പ്രവേശന കവാടത്തിനടുത്തുതന്നെ ട്രാക്ക് നൽകണം. ഒപ്പം റെയിൽവേ സ്റ്റേഷനെ പ്രയോജനപ്പെടുത്താനുള്ള സാധ്യതകളും പരിശോധിച്ചാകും പുതിയ സുരക്ഷാ പദ്ധതി. നാറ്റ്പാക് സംഘം പദ്ധതിരേഖ തയ്യാറാക്കി ഒറ്റപ്പാലം ജോയിന്റ‌് ആർടിഒയ‌്ക്ക് നൽകും. പിന്നീട് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചേർന്നതിനു ശേഷം നഗരസഭയാണ്‌ പദ്ധതി നടപ്പാക്കുക. 
നാറ്റ്പാക് ടെക്‌നിക്കൽ ഓഫീസർ വി ജി ശശി, പ്രോജക്ട് എൻജിനിയർ അഭിൻ ജോസഫ്, ഒറ്റപ്പാലം നഗരസഭാ ചെയർമാൻ എൻ എം നാരായണൻ നമ്പൂതിരി, ജോയിന്റ‌് ആർടിഒ സി മോഹനൻ, സിഐ പി അബ്ദുൾമുനീർ, എംവിഐ എ കെ രാജീവൻ എന്നിവരും സംഘത്തിലുണ്ടായി.
പ്രധാന വാർത്തകൾ
 Top