25 May Monday

ചൂടും കോവിഡും ഭീഷണി 32,000 മെട്രിക്‌ ടൺ നെല്ല് സംഭരിച്ചു

സ്വന്തം ലേഖികUpdated: Friday Mar 20, 2020

 

 
പാലക്കാട്‌
കോവിഡ്‌–-19 ഭീതിയും കനത്ത ചൂടും നിലനിൽക്കെ ജില്ലയിൽ ഇതേവരെ 32,000 മെട്രിക്‌ ടൺ നെല്ല്‌ സംഭരിച്ചു.  90 കൃഷിഭവനുകൾക്ക്‌ കീഴിൽ സംഭരണം ഊർജിതമായി നടക്കുന്നുണ്ടെന്ന്‌ സപ്ലൈകോ അറിയിച്ചു. 
92 കൃഷിഭവനുകളിലെ 1,380 പാടശേഖര സമിതികളിൽനിന്നാണ്‌ നെല്ലെടുക്കേണ്ടത്‌.രണ്ടാംവിളയ്‌ക്ക്‌ ഒന്നരലക്ഷം മെട്രിക്‌ ടൺ സംഭരണമാണ്‌ ലക്ഷ്യം. കോവിഡ്‌–-19  ആശങ്കയുണ്ടെങ്കിലും സംഭരണത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്‌. എന്നാൽ കടുത്ത ചൂട്‌ സംഭരണത്തിന്‌ ചെറിയ തോതിലെങ്കിലും തിരിച്ചടിയാവുന്നുണ്ട്‌. ഒപ്പം കൃഷിവകുപ്പ്‌ ജീവനക്കാരുടെ കുറവും പ്രതിസന്ധിയാകുന്നു. 
മൂന്ന്‌ കൃഷിഭവനുകളിലെ പാടശേഖരങ്ങൾക്ക്‌ ഒരു കൃഷി അസിസ്‌റ്റന്റ്‌ എന്ന കണക്കിലാണ്‌ ചുമതല. ഇവർ ചാക്കുകൾ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ. ഇതിന്‌ സമയമെടുക്കുന്നുവെന്നാണ്‌ കർഷകരുടെ ആക്ഷേപം. ഇത്‌ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നു. 
എഴുപതിനായിരത്തോളം പേരാണ്‌ ഇത്തവണ രജിസ്‌റ്റർ ചെയ്‌തത്‌. ഏക്കറിന്‌ 2500 മുതൽ 3000 കിലോ വരെയാണ്‌ വിളവ്‌. കൃഷി ഭവനിൽനിന്ന്‌ ക്രോപ്പ്‌ കട്ടിങ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കുന്ന കർഷകരിൽനിന്ന്‌ മുഴുവൻ നെല്ലുമെടുക്കും. 
കലർപ്പുണ്ടെന്ന കാരണത്താൽ ഏജന്റുമാർ നെല്ലെടുക്കാൻ വിമുഖത കാണിക്കുന്നതായി കർഷകർ പറയുന്നുണ്ട്‌. ഇത്തരം പ്രശ്‌നത്തിന്റെ ആവശ്യമില്ലെന്നും കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കലർപ്പുള്ള നെല്ലുമെടുക്കുമെന്ന്‌ സപ്ലൈകോ അറിയിച്ചു. കയറ്റുന്നതിന്‌ അമിത കൂലി ഈടാക്കുന്ന വിഷയത്തിൽ നിരവധി തവണ ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. 
നെല്ലെടുക്കുന്നതിനനുസരിച്ച്‌ കർഷകരുടെ അക്കൗണ്ടിലേക്ക്‌ പണവുമെത്തുന്നുണ്ട്‌. 26.95 രൂപയ്‌ക്കാണ്‌ സപ്ലൈകോ നെല്ലെടുക്കുന്നത്‌. ഉയർന്ന വിലയും പണം വേഗത്തിൽ കിട്ടുന്നതും കൂടുതൽ കർഷകരെ  സപ്ലൈകോ വഴി രജിസ്‌റ്റർ ചെയ്യാൻ പ്രേരിപ്പിക്കുന്നു.
പ്രധാന വാർത്തകൾ
 Top