18 June Tuesday
ചൂടിനൊപ്പം രോഗമെത്താം

കരുതൽ വേണം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

 പാലക്കാട‌്

ജില്ല അതികഠിനമായ ചൂടിലേക്ക‌് നീങ്ങുകയാണ‌്. മീനമെത്തുംമുമ്പേ താപനില 39 ഡിഗ്രി തൊട്ടു. രാത്രിയിലും ചൂട‌് ഉയർന്നുതന്നെ. പ്രളയം ദുരിതം വിതച്ച ജില്ല വരൾച്ചയേയും അഭിമുഖീകരിക്കുകയാണ‌്. പ്രളയനാളുകളിൽ നിറഞ്ഞുകവിഞ്ഞ അണക്കെട്ടുകളിൽ ജലനിരപ്പ‌് താഴ‌്ന്നു. വരുംനാളുകളിൽ കൃഷിക്കും കുടിക്കാനുമുള്ള വെള്ളത്തിന‌് ക്ഷാമം നേരിടുമെന്ന ആശങ്കയുമുണ്ട‌്. ചൂടിനും വരൾച്ചയ‌്ക്കുമൊപ്പം കടന്നുവരുന്ന ആരോഗ്യപ്രശ‌്നങ്ങളും നിരവധിയാണ‌്.  
സാംക്രമിക രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ആരോഗ്യവകുപ്പ‌് നടപ്പാക്കുന്ന ആരോഗ്യജാഗ്രതാപരിപാടിക്കും ആരോഗ്യസന്ദേശയാത്രയ‌്ക്കും ബുധനാഴ‌്ച തുടക്കമാകും. ജില്ലാതല ഉദ‌്ഘാടനം രാവിലെ 9.30ന‌് ചിറ്റൂർ അണിക്കോട‌് ജങ്ഷനിൽ മന്ത്രി കെ കൃഷ‌്ണൻകുട്ടി നിർവഹിക്കുമെന്ന‌് ജില്ലാ മെഡിക്കൽ ഓഫീസർ കെ പി റീത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരൾച്ചയിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ സാംക്രമികരോഗങ്ങളെ പ്രതിരോധിക്കാൻ മുൻകരുതലെടുക്കുകയാണ‌് പദ്ധതിയിലൂടെ ചെയ്യുക. ഒപ്പം ജനങ്ങൾക്ക‌് ആരോഗ്യബോധവൽക്കരണം നടത്താൻ സന്ദേശയാത്ര ബുധനാഴ‌്ച മുതൽ 25വരെ ജില്ലയിൽ പര്യടനം  നടത്തും. 
തെരഞ്ഞെടുക്കപ്പെട്ട 20 കേന്ദ്രങ്ങളിലാണ‌് യാത്ര എത്തുക. ഇതിന്റെ ഭാഗമായി റാലി, പൊതുസമ്മേളനങ്ങൾ, ഫ‌്ളാഷ‌് മോബ‌്, നാടൻകലാപരിപാടികൾ  എന്നിവയുണ്ടാകും. ജാഗ്രതാ പരിപാടിയുടെ ഭാഗമായി വാർഡ‌്തലത്തിൽ ആരോഗ്യ ശുചിത്വസമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഹെൽത്ത‌് സ‌്ക്വാഡ‌് രൂപീകരണം,  ആരോഗ്യജാഗ്രതാ ഗൃഹസന്ദർശനം, ശുചിത്വമാപ്പിങ്, കർമപദ്ധതി തയ്യാറാക്കൽ, ശുചീകരണം, കൊതുക‌് ഉറവിടനശീകരണം, ഹെൽത്ത‌് ക്യാമ്പയിൻ, പരിമിതകർമസേന, ഡ്രൈഡേ ജലശുദ്ധീകരണ ക്യാമ്പയിൻ എന്നിവ നടക്കും. ഒപ്പം തന്നെ വയറിളക്ക രോഗം നിയന്ത്രണം, എലിപ്പനി, എച്ച‌് വൺ എൻ വൺ, ഡെങ്കിപ്പനി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രതിരോധ–-നിയന്ത്രണ പ്രവർത്തനങ്ങളും ഉണ്ടായിരിക്കും. കൂടാതെ പേവിഷ ബാധക്കെതിരെയുള്ള പ്രവർത്തനങ്ങൾ, ക്ലോറിനേഷൻ ക്യാമ്പയിൻ, മന്തുരോഗ പ്രതിരോധം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ആരോഗ്യജാഗ്രതയുടെ ഭാഗമായി നടന്നുവരുന്നു.
എച്ച‌്–-1 എൻ–-1, ചിക്കൻപോക‌്സ‌്, മഞ്ഞപ്പിത്തം, വയറിളക്കരോഗം, ഡെങ്കിപ്പനി, എലിപ്പനി എന്നിവ മുൻകാലങ്ങളിൽ ജില്ലയിൽ റിപ്പോർട്ട‌് ചെയ‌്തിട്ടുണ്ട‌്‌. കഴിഞ്ഞ വർഷം എച്ച‌്–-1, എൻ–-1 ബാധിച്ച‌് അഞ്ചുപേർ മരിച്ചിരുന്നു. ഏഴുപേർക്ക‌് എലിപ്പനി സ്ഥിരീകരിച്ചു. പ്രളയത്തെത്തുടർന്ന‌് ചിക്കൻപോക‌്സ‌് പടർന്നുവെങ്കിലും നിയന്ത്രണവിധേയമാക്കി. മഞ്ഞപ്പിത്തവും വയറിളക്കരോഗങ്ങളും ജില്ലയിൽ വ്യാപകമായി കണ്ടുവരുന്നു. ഉപയോഗിക്കുന്ന വെള്ളത്തിൽനിന്നാണ‌് ഈ രോഗങ്ങൾ പ്രധാനമായും ഉണ്ടാകുന്നത‌്. കിഴക്ക‌്, പടിഞ്ഞാറൻമേഖലകളിൽ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലാണ‌് കുടുതൽ പ്രശ‌്നം. 
ചൂട‌്കൂടിയ സാഹചര്യത്തിൽ  തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. വരും ദിവസങ്ങളിൽ അതീവ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണം അനിവാര്യമാണെന്നും ഡിഎംഒ പറഞ്ഞു. ഡെപ്യൂട്ടി ഡിഎംഒമാരായ കെ എ നാസർ, കെ ആർ ശെൽവരാജ‌്, ജില്ലാ മലേറിയ ഓഫീസർ  കെ എസ‌് രാഘവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top