26 February Wednesday

‘അക്ഷരാർഥ’ത്തിൽ ഒരാൾ

ജിഷ അഭിനയUpdated: Monday Jan 20, 2020
 
‘മേഷേ’ എന്നൊരു വിളിയിൽ ഒരു ലോകം തന്നെയുണ്ട്‌ കൂടെ. അങ്ങനെ വിളിക്കാൻ ഏറെപ്പേരുള്ളത്‌ കനപ്പെട്ട സമ്പാദ്യം. ആ സമ്പന്നതയ്‌ക്ക്‌ ഉടയോനാണ്‌ അക്ഷരങ്ങളുടെ പ്രിയതോഴൻ എം കാസിം. പാലക്കാട്ടെ സാമൂഹ്യ–-സാംസ്‌കാരിക രംഗങ്ങളിലും വായനശാലാ പ്രവർത്തനങ്ങളിലും മുൻനിരയിൽ അറുപത്തെട്ടിലും യുവപ്രസരിപ്പോടെ  പ്രവർത്തിക്കുന്നയാൾ.  
 ‘മലപ്പുറം ചെമ്പ്രശേരിയിലാണ്‌ ജനിച്ചതെങ്കിലും ഇന്ന്‌ ഞാൻ പാലക്കാട്ടുകാരൻ’ –- കാസിം മാഷ്‌ ഓർമത്താളുകൾ മറിച്ചു. 
പത്താം ക്ലാസിനുശേഷം ദാരിദ്ര്യം കാരണം പഠനം നിർത്തി. പിന്നീട്‌ നാട്ടുകാരുടെ സഹായത്തോടെ അരീക്കോട്‌ സുല്ലമുസലാം കോളേജിൽ അറബിക്‌ പഠനം. പഠനം പൂർത്തിയാകുംമുമ്പ്‌ പോത്തുകല്ല് എയ്‌ഡഡ്‌ സ്‌കൂളിൽ ജോലി. 1975ൽ പിഎസ്‌സി പരീക്ഷയെഴുതി അകിലാണം സ്‌കൂളിൽ അധ്യാപകനായി എത്തി. പിന്നീട്‌ കോങ്ങാട്‌. അവിടെനിന്ന്‌ മുണ്ടൂർ ജിഎൽപിഎസിൽ. 2007ൽ വിരമിച്ചു.  
ഞാൻ ഞാനായ കാലം
1973ലെ ഐതിഹാസിക അധ്യാപക സമരകാലം. അരീക്കോട്‌ ബീഡിത്തൊഴിലാളികളുടെ വൈഎംസിഎ ക്ലബ്ബിനരികിൽ സമരത്തിലുള്ള അധ്യാപകർക്ക്‌ കഞ്ഞി പകരാൻ പോയി. ആ സമരമുഖങ്ങളിൽനിന്ന്‌ പലതും പഠിച്ചു. യാഥാസ്ഥിതിക കുടുംബത്തിൽ വളർന്ന എനിക്ക്‌ ഇടതുപക്ഷചിന്തകളിലേക്ക്‌ ദിശാബോധം പകരാൻ ഈ സമരത്തിനായി. 
അന്നുവരെ എംഎസ്‌എഫ്‌ മാത്രമുണ്ടായിരുന്ന സുല്ലമുസലാം കോളേജിൽ എസ്‌എഫ്‌ഐ രൂപീകരിച്ചതിന്റെ പേരിൽ കാസിം ഉൾപ്പെടെ അഞ്ചുപേരെ പുറത്താക്കി.  ബാക്കിയുള്ളവർ മാപ്പപേക്ഷിച്ച്‌ തിരികെ കയറി. ഞാൻ തയ്യാറായില്ല. നിലപാടുകളോട്‌ യോജിക്കുന്നതല്ല ആ മാപ്പപേക്ഷ. അക്കാരണത്താൽ മാപ്പെഴുതിയില്ല. പക്ഷേ അന്ന്‌ ബീഡിത്തൊഴിലാളികൾ കോളേജ്‌ അധികൃതരിൽ സമ്മർദം ചെലുത്തി. എന്നെ വീണ്ടും കോളേജിൽ പ്രവേശിപ്പിച്ചു. കെജിപിടിഎ, കെജിടിഎ, കെഎസ്‌ടിഎ സബ്‌ജില്ലാ സെക്രട്ടറി, ജില്ലാ ജോയിന്റ്‌ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്‌, എന്നീ ചുമതലകൾ വഹിച്ചു. 1977ൽ സിപിഐ എം അംഗത്വം ലഭിച്ചു. 
മുണ്ടൂരിലെ രണ്ട്‌ നക്ഷത്രങ്ങൾ
1984ൽ മുണ്ടൂർ യുവപ്രഭാത്‌ വായനശാലയിൽ അംഗമായി. അവിടെ രണ്ട്‌ നക്ഷത്രങ്ങളെ കണ്ടുമുട്ടി. മുണ്ടൂർ സേതുമാധവൻ, മുണ്ടൂർ കൃഷ്‌ണൻകുട്ടി എന്നിവരായിരുന്നു അത്‌. നിരന്തര വായനയും ചർച്ചയും നിറഞ്ഞ കാലം. യുവപ്രഭാതിന്റെ പ്രതിനിധിയായാണ്‌ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്‌. പത്തുവർഷം മുമ്പ്‌ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയാകുമ്പോൾ ജില്ലയിൽ 327 വായനാശാലകൾ മാത്രം. ഇന്നത്‌ 507ൽ എത്തിനിൽക്കുന്നു. 
മുറ്റത്തടർന്ന കണ്ണീർ
അന്ന്‌ പ്രഭാതത്തിൽ ഒരു നിലവിളി കേട്ടാണ്‌ കാസിം ഉണർന്നത്‌.  മുണ്ടൂർ ജിഎൽപി സ്‌കൂൾ പ്രധാനാധ്യാപകൻ കെ രാജവിശ്വനാഥൻ വീടിനുമുന്നിൽനിന്ന്‌ നിലവിളിക്കുന്നു. കാര്യമന്വേഷിച്ചു. തലേന്ന്‌ രാത്രിയിലെ മഴയിൽ, 400 ഓളം കുട്ടികൾ പഠിക്കുന്ന സ്‌കൂൾ കെട്ടിടം തകർന്നുവീണു. 250 രൂപ വാടകക്കെട്ടിടത്തിലാണ്‌ സ്‌കൂൾ പ്രവർത്തിച്ചിരുന്നത്‌.  സർക്കാർ സ്‌കൂൾ ഏറ്റെടുക്കണമെന്ന്‌ അഭ്യർഥിച്ചിരുന്നെങ്കിലും നടപ്പായില്ല. അന്നത്തെ മന്ത്രി ടി  ശിവദാസമേനോന്റെയും മറ്റും ഇടപെടലുണ്ടായി. സ്‌കൂൾ ഏറ്റെടുക്കാമെന്നായി. 
ഞങ്ങൾ 12 അധ്യാപകർ ചേർന്ന്‌ ഒരുമാസത്തെ ശമ്പളം ഉപയോഗിച്ച്‌ സ്‌കൂളിനോടുചേർന്ന്‌ 57 സെന്റ്‌ സ്ഥലം വാങ്ങി കെട്ടിടം പണിതു. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ആദ്യചുവടായി അത്‌ ചരിത്രത്തിൽ ഇടം കണ്ടു. ഇന്നും ആ സ്‌കൂൾ മുറ്റത്തുനിൽക്കുമ്പോൾ ഓർമകളാൽ ഹൃദയം തുടികൊട്ടുമെന്ന്‌ കാസിം മാഷിന്റെ സാക്ഷ്യപ്പെടുത്തൽ.
ഇന്ന്‌ കുട്ടിയെ പഠിക്കലില്ല, കുട്ടിയെ പഠിപ്പിക്കൽ മാത്രമാണെന്ന സങ്കടവും കാസിം പങ്കുവച്ചു. ഫിലിം ക്ലബ്ബുകൾ, നാടകക്കളരി, ഇ ‐ വിജ്‌ഞാന സേവനകേന്ദ്രങ്ങൾ, ഗുരുശിഷ്യ സംഗമം, വനിതാ വയോജന പുസ്‌തക വിതരണം എന്നിവയൊക്കെ സ്വപ്‌നപദ്ധതികളായി മാഷിന്റെ മനസ്സിൽ കേളികൊട്ടുന്നു. 
എക്‌സൈസ്‌ വകുപ്പുമായി ചേർന്ന്‌ മദ്യവിമുക്തി ബോധവൽക്കരണം, അനർട്ടുമായി ചേർന്ന്‌ ഊർജസംരക്ഷണ പരിപാടികൾ, പ്രസ്‌ക്ലബുമായി ചേർന്ന്‌ ഫിലിം ഫെസ്‌റ്റിവൽ, ഷോർട്ട്‌ഫിലിം ഫെസ്‌റ്റിവൽ, ചങ്ങമ്പുഴ സ്‌മൃതി, ഒഎൻവി സ്‌മൃതി എന്നിങ്ങനെ നിരവധി പരിപാടികളുടെ സംഘാടകനായി.  ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി, സിപിഐ എം മുണ്ടൂർ ലോക്കൽ കമ്മിറ്റിയംഗം, സാഹിത്യസംഘം ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം, ബാലസംഘം ഏരിയ രക്ഷാധികാരി സമിതിയംഗം, കേരള കർഷക സംഘം വില്ലേജ്‌ പ്രസിഡന്റ്‌,  മുണ്ടൂർ പഞ്ചായത്ത്‌, പാലക്കാട്‌ ബ്ലോക്ക്‌ കർമസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ‘തായാട്ട്‌ ഒരു ഓർമപുസ്‌തകം’ എഡിറ്റ്‌ ചെയ്‌തു. 
ഭാര്യ: കദീജ (റിട്ട. അധ്യാപിക). മക്കൾ: ഷബാന, ഷബിൻ ബാബു.സാക്ഷരതാപ്രവർത്തനങ്ങളിലും സജീവമായിരുന്നു കാസിം മാഷ്‌. മുണ്ടൂരിലെ 90ന്‌ മുകളിൽ പ്രായമുള്ള സരോജനി അന്നാദ്യം പേരെഴുതിയപ്പോൾ പറഞ്ഞു:  ‘എഴുതാൻ പറ്റാന്ന്‌ വെച്ചാ അപ്പോ അത്രേം വല്യകാര്യാലേ.......’ അക്ഷരവഴികളിൽ വെളിച്ചം പകർന്നയാൾക്ക്‌ പുറകിൽ അന്നും ഉയർന്നു ആ വിളി: ‘മേഷേ.... ’
പ്രധാന വാർത്തകൾ
 Top