29 February Saturday

ഗുരുതര വീഴ്‌ച

ടി എം സുജിത്‌Updated: Monday Jan 20, 2020
പാലക്കാട്
ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ജില്ലാ ഫുട്‍ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സൗഹൃദ മത്സരത്തിന്റെ സംഘാടനത്തിൽ ​ഗുരുതര വീഴ്‍‍ച. ബലമില്ലാത്ത താൽക്കാലിക ​ഗാലറിയിലേക്ക് ആയിരങ്ങളെ കടത്തിയതോടെ ​അപ്പാടെ തകർന്നു വീഴുകയായിരുന്നു. 
മത്സരത്തിനുമുമ്പ് സ്വീകരിക്കേണ്ട ഒരുക്കം ജില്ലാ ഫുട്‍ബോൾ അസോസിയേഷൻ സെക്രട്ടറികൂടിയായ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചില്ല. ആയിരങ്ങളെത്തുന്ന മത്സരസ്ഥലത്ത് അ​ഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും സാന്നിധ്യം ഉറപ്പിച്ചില്ല. അപകടത്തിനുശേഷമാണ് ഉദ്ഘാ‌ടകനായ  വി കെ ശ്രീകണ്ഠൻ  എംപി  അ​ഗ്നിരക്ഷാസേനയെ അറിയിക്കാൻ സംഘടാകരോട് ആവശ്യപ്പെട്ടത്.  വൈകിട്ട് 6.30ന് തുടങ്ങാൻ നിശ്ചയിച്ച മത്സരം കാണികളെത്തിയിട്ടും മണിക്കൂറുകൾ വൈകി.  ഉദ്ഘാടനം വലിച്ചുനീട്ടിയതോടെ കാണികളും അസ്വസ്ഥരായി. ഇതിനിടെയാണ് ധനരാജിന്റെ കുടുംബത്തെ വീണ്ടും വേദനിപ്പിച്ച് ​ഗാലറി തകർന്നു വീണത്.  കുഞ്ഞുങ്ങളടക്കമുള്ളവർക്ക് അപകടത്തിൽ പരിക്കേറ്റു. അ​ഗ്നിരക്ഷാസേന എത്തുംമുമ്പ് കാണികൾ അവസരോചിതമായി ഇടപെട്ടതിനാൽ വൻ ​ദുരന്തം ഒഴിവായി. അപകടത്തിൽ പരിക്കേറ്റവരെ കാണികളാണ്‌ ആശുപത്രിയിൽ എത്തിച്ചത്. 
ദേശീയ ഫുട്‍ബോൾ താരങ്ങളടക്കം പങ്കെടുക്കേണ്ട മത്സരത്തിനുള്ള ​ഗാലറിയുടെ പണി പൂർത്തിയാക്കിയത് മത്സരത്തിന് മണിക്കൂറുകൾ മുമ്പാണ്. തട്ടിക്കൂട്ടിയ ​ഗാലറിയിലേക്ക് പണം വാങ്ങി ആളുകളെയും കയറ്റി. ഐഎസ്എൽ മത്സരമടക്കം കാണാതെ ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ എത്തിയ ഫുട്‍ബോൾപ്രേമികളാണ് സംഘാടകരുടെ തട്ടിക്കൂട്ടിന്റെ ദുരന്തം അനുഭവിച്ചത്.  ആശുപത്രിയിൽ ആളുകളെ കൂട്ടത്തോടെ എത്തിച്ചതോടെ ജില്ലാ ആശുപത്രിയിലും വലിയ തിരക്ക് അനുഭവപ്പെട്ടു. പരിക്കേറ്റവരെ ന​ഗരത്തിലെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി.
പ്രധാന വാർത്തകൾ
 Top