17 February Sunday
കേരള ബാങ്ക‌് രൂപീകരണം

ജില്ലാ വികസനത്തിന‌് 8,500കോടി ലഭ്യമാകും

വേണു കെ ആലത്തൂർUpdated: Sunday Jan 20, 2019
പാലക്കാട്
പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കാൻ ഗുണമാകുന്ന ഘടകമാകും കേരള ബാങ്കിന്റെ രൂപീകരണം‌. 30,000കോടി രൂപയുടെ നഷ്ടമുണ്ടായ കേരളത്തിന‌് വൻ വികസനപദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കാനുള്ള സാമ്പത്തികശേഷിയാണ‌് ഇതിലൂടെ കൈവരിക. 
സംസ്ഥാനത്ത‌് സഹകരണമേഖലയിലുള്ള ഒന്നരലക്ഷംകോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്ക‌് വിനിയോഗിക്കാനാവുന്ന സംവിധാനമാണ‌് കേരള ബാങ്കിലൂടെ സർക്കാരിന‌് ലഭിക്കുന്നത‌്. ജില്ലയിൽ പ്രാഥമിക സഹകരണസംഘങ്ങളുടെ 7,000 കോടി രൂപയുടെയും അർബർ സഹകരണ സംഘങ്ങളുടെ 1,500 കോടി രൂപയുടെ നിക്ഷേപവും വികസനത്തിന‌് വിനിയോഗിക്കാം. ‘കിഫ‌്ബി’യിലേക്കും സ്വന്തമായി കൺസോർഷ്യം രൂപീകരിച്ച‌് വികസനപ്രവർത്തനങ്ങൾക്ക‌് പണം നൽകാനാകും. 
നിലവിൽ പ്രാഥമിക സഹകരണസംഘങ്ങൾ, അർബൻ സഹകരണസംഘങ്ങൾ എന്നിവയ‌്ക്ക‌് അവരുടെ പ്രവർത്തനപരിധിയിൽ മാത്രമേ നിക്ഷേപം നടത്താനാകൂ. അതിന‌് നിയന്ത്രണവുമുണ്ട‌്. കൂടുതൽ തുക മുടക്കി പദ്ധതികൾ നടപ്പാക്കാൻ പ്രാഥമിക സഹകരണ സംഘങ്ങൾക്ക‌് അനുവാദമില്ല. കേരള ബാങ്ക‌് വന്നാൽ അത്തരം പ്രശ‌്നങ്ങൾക്ക‌് പരിഹാരമാകും. ഓരോ പ്രദേശത്തിന്റെയും വികസനത്തിന‌് ആവശ്യമായ വലിയ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കാൻ തടസ്സമുണ്ടാകില്ല.  
പ്രളയത്തിൽ വീട‌് തകർന്നവർക്ക‌് സഹകരണ വകുപ്പ‌് കെയർ ഹോം പദ്ധതി പ്രകാരം വീട‌് നിർമിച്ചു നൽകുന്നുണ്ട‌്. പദ്ധതി പ്രകാരം ജില്ലയിൽ 206 വീടുകൾ നിർമിച്ചു തുടങ്ങി. സംസ്ഥാനത്ത‌് ഒന്നാംഘട്ടത്തിൽ 2,000 വീടുകൾ നിർമിക്കും. രണ്ടാംഘട്ടത്തിൽ 4,000 വീടുകൾ നിർമിക്കാൻ പദ്ധതിയുണ്ട‌്. ഓരോ വീടിനും അഞ്ച‌് ലക്ഷംരൂപ വീതമാണ‌് സഹകരണസംഘങ്ങൾ രൂപീകരിച്ച കൺസോർഷ്യം അനുവദിച്ചത‌്.  ഇത്തരത്തിൽ വൻ വികസനപദ്ധതികൾ ഏറ്റെടുക്കാൻ കേരള ബാങ്ക‌ിനു കഴിയും. 
നിക്ഷേപങ്ങൾ പുനരുൽപ്പാദനത്തിന‌്  ഉപയോഗിക്കാനാകാതെ നിരവധി പ്രാഥമിക സഹകരണസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട‌്. ഇവരുടെ നിക്ഷേപം കേരള ബാങ്കിലേക്ക‌് മാറ്റുമ്പോൾ അത‌് വികസനപ്രവർത്തനങ്ങൾക്കും വിനിയോഗിക്കാം. പ്രളയപുനർനിർമാണത്തിനാണ‌് ഏറ്റവും വലിയ ആശ്വാസമാകുക.  കുറഞ്ഞ പലിശനിരക്കിൽ സർക്കാരിനും ജനങ്ങൾക്കും വായ‌്പ ലഭ്യമാക്കാനും ഇതിലൂടെയാകും. ‘മുറ്റത്തെ മുല്ല’ പദ്ധതിപ്രകാരം കുടുംബശ്രീ അംഗങ്ങൾക്ക‌് ചുരുങ്ങിയ പലിശനിരക്കിൽ വായ‌്പ നൽകുന്നുണ്ട‌്. ഇത‌് പാലക്കാട‌് ജില്ലയിൽമാത്രമാണ‌് നടപ്പാക്കിയത‌്. ഇത്തരം ചെറുകിട വായ‌്പാപദ്ധതികൾ സംസ്ഥാനത്ത‌് വ്യാപിപ്പിച്ച‌് വട്ടിപ്പലിശക്കാരിൽനിന്ന‌് പാവങ്ങളെ രക്ഷിക്കാനും കേരള ബാങ്കിനു കഴിയും. പ്രളയത്തിൽ വീട‌് മുങ്ങിയവർക്കും വീട്ടുപകരണങ്ങൾ നഷ്ടമായവർക്കും കുറഞ്ഞ പലിശനിരക്കിൽ കുടുംബശ്രീ മുഖേന വായ‌്പ നൽകുന്നുണ്ട‌്. ഇത്തരം വായ‌്പകളുടെ പലിശ വീണ്ടും കുറയ‌്ക്കാനും കേരള ബാങ്കി‌നു സാധിക്കും. സഹകരണ ബാങ്കുകളിലെ ഇടപാടുകൾ കൂടുതൽ എളുപ്പവും ആധുനികവുമാകുന്നതോടെ നിക്ഷേപം വർധിക്കും. 
 
പ്രധാന വാർത്തകൾ
 Top