Deshabhimani

പ്രതിഷേധവുമായി
എൽഡിഎഫ്‌

വെബ് ഡെസ്ക്

Published on Nov 18, 2024, 11:48 PM | 0 min read

പാലക്കാട്‌

വ്യാജവോട്ടുകൾ ചേർത്ത്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും നീക്കത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തി. ആയിരങ്ങൾ പങ്കെടുത്ത പ്രകടനം ജില്ലാ പഞ്ചായത്ത്‌ ഓഫീസിന്‌ സമീപത്തുനിന്ന്‌ തുടങ്ങി സിവിൽ സ്‌റ്റേഷനുമുന്നിൽ സമാപിച്ചു. 
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ്‌ അധ്യക്ഷനായി. പാലക്കാട്‌ മണ്ഡലം സെക്രട്ടറി കെ കൃഷ്‌ണൻകുട്ടി സ്വാഗതം പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ രാജേന്ദ്രൻ, കെ എസ്‌ സലീഖ, എംഎൽഎമാരായ കെ ഡി പ്രസേനൻ, കെ പ്രേംകുമാർ, പി പി സുമോദ്‌, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ, എൽഡിഎഫ്‌ നേതാക്കളായ നൈസ്‌ മാത്യു, കെ ആർ ഗോപിനാഥ്‌, ഷെനിൻ മന്ദിരാട്‌ തുടങ്ങിയവർ പങ്കെടുത്തു.
കലക്ടർക്ക്‌ പരാതി നൽകി
പാലക്കാട് 
പാലക്കാട്‌ നിയമസഭാ മണ്ഡലം  ഉപതെരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കാനുള്ള ബിജെപി, കോൺഗ്രസ്‌ ശ്രമം ചെറുക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ ഇടപെടണം എന്നാവശ്യപ്പെട്ട്‌ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറായ കലക്ടർക്ക്‌ പരാതി നൽകി. എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന്റെ ചീഫ്‌ ഇലക്ഷൻ ഏജന്റ്‌ ടി കെ നൗഷാദാണ്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു എന്നിവർക്കൊപ്പമെത്തി  പരാതി നൽകിയത്‌.
പാലക്കാട്‌ നിയമസഭ മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്ത്‌  പ്രദേശത്ത് സ്ഥിരതാമസമില്ലാത്ത നിരവധിപേരെ കോൺഗ്രസ്,  ബിജെപി പാർടിക്കാർ വോട്ടർപട്ടികയിൽ അനധികൃതമായി ചേർത്തിട്ടുണ്ടെന്ന്‌  പരാതിയിൽ പറഞ്ഞു. അന്തിമ വോട്ടർ പട്ടിക വരാൻ വൈകിയത് മുതലെടുത്ത് ബിഎൽഒമാരെ സ്വാധീനിച്ചാണ്‌ വോട്ട്‌ ചേർത്തത്‌. 
പാലക്കാട് നഗരസഭ, കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളിൽ സ്ഥിരതാമസമില്ലാത്ത മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരെയാണ്  ചേർത്തിട്ടുള്ളത്. ഇവർ 2024 ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലും അതിനുമുമ്പും മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരും ഇപ്പോഴും അവിടെ സ്ഥിരതാമസക്കാരുമാണ്‌.  
മണ്ഡലത്തിലെ ചില ബൂത്തുകളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വ്യാജ വോട്ടർമാരുടെ പട്ടികയും പരാതിക്കൊപ്പം  സമർപ്പിച്ചു. പതിനായിരത്തോളം വ്യാജ വോട്ടർമാരെ കണ്ടെത്തിയിട്ടുണ്ട്‌.


deshabhimani section

Related News

0 comments
Sort by

Home