12 September Thursday

വാഹനാപകടങ്ങളിൽ 
മരണം കുറഞ്ഞു

സ്വന്തം ലേഖകൻUpdated: Tuesday Sep 19, 2023
പാലക്കാട്‌
നിരത്തിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ നിർമിതബുദ്ധി കാമറകൾ (എഐ) സ്ഥാപിച്ചതും നിയമം കർശനമാക്കിയതും വാഹനാപകടങ്ങളിലെ മരണനിരക്ക്‌ കുറച്ചു. 11 ശതമാനമാണ്‌ കുറവ്‌. ഈ വർഷം ജനുവരിമുതൽ ആഗസ്‌തുവരെ 206 പേരാണ്‌ വിവിധ വാഹനാപകടങ്ങളിൽ മരിച്ചത്‌. കഴിഞ്ഞവർഷം ഈ കാലയളവിൽ 232 പേരുടെ ജീവൻ റോഡുകളിൽ പൊലിഞ്ഞിരുന്നു. 
   അപകടങ്ങൾ കൂടുതലായി റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌ മണ്ണാർക്കാട്‌ താലൂക്കിലാണ്‌. 37 ശതമാനം. 260 വാഹനാപകടം ഇവിടെയുണ്ടായി. അപകടനിരക്ക്‌ ശതമാനാടിസ്ഥാനത്തിൽ കുറവ്‌ ഒറ്റപ്പാലം താലൂക്കിലാണ്‌. ഒരുശതമാനം മാത്രം. ഗുരുതര പരിക്കേറ്റവരുള്ളത്‌ പാലക്കാട്‌ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നടന്ന അപകടങ്ങളിലാണ്‌. 347 പേർക്ക്‌ ഗുരുതര പരിക്കേറ്റിട്ടുണ്ട്‌. ജില്ലയിൽ 47 നിർമിതബുദ്ധി കാമറകളാണ്‌ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്‌.
രക്ഷകൻ ഹെൽമെറ്റ്‌
കഴിഞ്ഞ വർഷത്തേക്കാൾ നിരത്തിലിറങ്ങിയ വാഹനങ്ങളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക്‌ 13 ശതമാനമായി കുറഞ്ഞു. ആഗസ്‌തിൽ വിവിധ അപകടങ്ങളിൽ 20 പേരുടെ ജീവൻ നഷ്‌ടപ്പെട്ടു. 2022 ആഗസ്‌തിൽ 23 പേരും മരിച്ചു. എന്നാൽ, ഗുരുതര പരിക്കേറ്റവരുടെ എണ്ണം കൂടുതലാണ്‌. ഹെൽമെറ്റും സീറ്റ്‌ ബെൽറ്റും കർശനമാക്കിയതാണ്‌ മരണസംഖ്യ താഴാൻ ഇടയാക്കിയത്‌. അപകടങ്ങളും മരണവും കൂടുതലും രാവിലെ ആറുമുതൽ ഒമ്പതു​വരെയും വൈകിട്ട് ആറുമുതൽ ഒമ്പതു​വരെയുമാണ്‌. 
മോട്ടോർവാഹനവകുപ്പ്‌ അപകടം നടന്ന റോഡുകൾ, സ്ഥലം, സമയം അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ, മരണം, പരിക്കേറ്റവർ, അപകടങ്ങൾ ആവർത്തിക്കുന്ന മേഖലകൾ, അപകടം കൂടുതൽ നടക്കുന്ന റോഡുകൾ എന്നിവ കണ്ടെത്തി പ്രാഥമിക റോഡ് ഓഡിറ്റിങ്​ നടത്തുകയും അപകടമേഖല ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌.
ഇലക്‌ട്രിക്‌ 
വാഹനങ്ങളും നിരീക്ഷിക്കും
ലൈസൻസ്‌ വേണ്ടാത്തതിനാൽ 30 കിലോമീറ്റർ വേഗപരിധിയുള്ള ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളിൽ 18 വയസ്സിന്‌ താഴെയുള്ളവർ ധാരാളമായി നിരത്തിലിറങ്ങുന്നുണ്ട്‌. അതിനാൽ അപകടങ്ങളും ഉണ്ടാകുന്നുണ്ട്‌. പ്രഖ്യാപിത വേഗത്തിനുപുറത്ത്‌ വാഹനത്തിന്‌ വേഗം നൽകുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇത്‌ കണ്ടെത്താനായി ഐഐടിയുമായി സഹകരിച്ച്‌ ഉപകരണം കണ്ടെത്തുമെന്നും മോട്ടോർ വാഹനവകുപ്പ്‌ അധികൃതർ പറഞ്ഞു.
 
ആഗസ്‌തിൽ താലൂക്ക്‌ അടിസ്ഥാനത്തിൽ വാഹനാപകടങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കണക്ക്‌
താലൂക്ക്‌          മരണനിരക്ക്‌ (2022)       മരണനിരക്ക്‌ (2023) 
ആലത്തൂർ            3                                         0
ചിറ്റൂർ                     7                                         8
മണ്ണാർക്കാട്‌        4                                         1
ഒറ്റപ്പാലം              4                                         4
പാലക്കാട്‌           5                                         7
പട്ടാമ്പി                0                                         0
ആകെ                23                                       20

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top