15 December Sunday
കല്ലടി കോളേജ‌ിൽ ഗ്യാങ്‌ വാഴ‌്ച

വളർത്തുന്നത്‌ എംഎസ്എഫ്‌

വേണു കെ ആലത്തൂർUpdated: Friday Jul 19, 2019
മണ്ണാർക്കാട് (പാലക്കാട്)
മണ്ണാർക്കാട് എംഇഎസ് കോളേജിൽ ഗ്യാങ്ങുകൾ സൃഷ്ടിച്ച് ഗുണ്ടാപടയാക്കി വളർത്തുന്നത് മുസ്ലിംലീഗും എംഎസ‌്എഫും ചേർന്ന‌്. ക്യാമ്പസിൽ വിദ്യാർഥിസംഘടനകൾക്ക് പ്രവർത്തിക്കാൻ അനുവാദമില്ല. എന്നാൽ എംഎസ്എഫിന് എല്ലാ സൗകര്യവുമുണ്ട്. ഗ്യാങ്ങുകളിലൂടെയാണ് എംഎസ്എഫിന്റെ പ്രവർത്തനം. 
ഗ്യാങ്ങുകളുടെ താൽപ്പര്യത്തിനൊത്ത‌് നിന്നില്ലെങ്കിൽ വിദ്യാർഥികൾക്ക് ക്രൂരമർദ്ദനം ഏൽക്കേണ്ടി വരും. മൂപ്പൻസ്, കലിപ്പൻസ്, അസുരൻസ്, ഊക്കൻസ്, അറക്കൻസ്, ബെഡക്കൻസ‌്, ഔട്ട് ലോ, ഹങ്കൻസ്, ബെക്കാഡീസ് എന്നിവയാണ് ഗ്യാങ്ങുകളുടെ പേര്. പെൺകുട്ടികൾക്കായി പോപ്പിൻസ് എന്ന ഗ്യാങ്ങുമുണ്ട‌്. 
സീനിയർവിദ്യാർഥികൾ അംഗങ്ങളായ ഗ്യാങ്ങുകൾ ജൂനിയർവിദ്യാർഥികളെ റാഗ് ചെയ്യുന്നത് പതിവാണ്. ആരെങ്കിലും ചോദ്യം ചെയ്താൽ മർദനം ഉറപ്പ്. മർദനത്തിന് ഇരയാകുന്നവരേറെയും എസ്എഫ്ഐ പ്രവർത്തകരാണ്. 
2014ൽ ഒന്നാംവർഷ ബികോം വിദ്യാർഥിയെ റാഗ് ചെയ്തത് എതിർത്ത മുഹസിൻ എന്ന എസ്എഫ്ഐ പ്രവർത്തകനെ മൂപ്പൻസ് എന്ന ഗ്യാങ്ങിലെ അംഗങ്ങൾ ക്രൂരമായി മർദിച്ചു. കാഴ്ച തകരാറിലായ മുഹ്സിൻ ഇപ്പോഴും ചികിത്സയിലാണ്. റാഗിങ്ങിനെ തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയതും പൊലീസിൽ പരാതി നൽകിയതും മുഹസിനായിരുന്നു. ഇതാണ് മർദനത്തിനു കാരണം. പ്രത്യക്ഷത്തിൽ ഗ്യാങ്ങുകൾക്ക് എംഎസ്എഫുമായി ബന്ധമുണ്ടാകില്ല. ഇത് ലീഗ് നേതൃത്വത്തിന്റെ നിർദേശമാണ്. എന്നാൽ ഗ്യാങ്ങുകൾക്ക് നേതൃത്വം നൽകുന്നവരെല്ലാം യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകരുമായിരിക്കും. യൂത്ത് ലീഗ്, മുസ്ലിംലീഗ് എന്നിവരുടെ പരിപാടികൾക്കെല്ലാം ഇവർ മുൻനിരയിലുണ്ടാകും. രണ്ടുവർഷംമുമ്പ് കോളേജ് യൂണിയൻ എസ്എഫ്ഐ നേടിയപ്പോൾ മാത്രമാണ് റാഗിങ്ങ് ഇല്ലാതായത്. അതിന്ശേഷം 2017,18,19 വർഷങ്ങളിലെല്ലാം റാഗിങ്ങ് നടക്കുകയും വിദ്യാർഥകൾക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് വിദ്യാർഥികൾക്ക് ചെവിക്കും ഒരാൾക്ക് കണ്ണിനുമായിരുന്നു പരിക്ക്.
 
എസ‌്എഫ‌്ഐ നേതാക്കൾ ദിൽഷാദിനെ സന്ദർശിച്ചു
പാലക്കാട‌്
മണ്ണാർക്കാട‌് കല്ലടി എംഇഎസ‌് കോളേജിൽ എംഎസ‌്എഫ‌് പ്രവർത്തകരുടെ റാഗിങ്ങിൽ കർണപടം തകർന്ന മുഹമ്മദ‌് ദിൽഷാദിനെ എസ‌്എഫ‌്ഐ നേതാക്കൾ കൊടക്കാടുള്ള വീട്ടിലെത്തി സന്ദർശിച്ചു. 
സംസ്ഥാന സെക്രട്ടറിയറ്റംഗം പി എം ദിഷ‌്ണപ്രസാദ‌്, സംസ്ഥാന കമ്മിറ്റിയംഗം എ എൻ നീരജ‌്, ജില്ലാ പ്രസിഡന്റ‌് കെ എ പ്രയാൺ, സെക്രട്ടറി പി ദിനനാഥ‌്, മണ്ണാർക്കാട‌് ഏരിയ സെക്രട്ടറി ഷാനിഫ‌് എന്നിവരാണ‌് ദിൽഷാദിനെ സന്ദർശിച്ചത‌്. എസ‌്എഫ‌്ഐയുടെ എല്ലാ പിന്തുണയും അറിയിച്ചാണ‌് നേതാക്കൾ മടങ്ങിയത‌്.
 
കണ്ണും കാതും അടിച്ചുടയ്‌ക്കൽ സ്ഥിരവിനോദം 
ബിജോ ടോമി
പാലക്കാട്‌ 
മണ്ണാർക്കാട് എംഇഎസ് കോളേജിൽ എംഎസ്എഫ് നിയന്ത്രണത്തിലുള്ള ഗ്യാങ്ങുകൾക്ക‌് റാഗിങ‌് സ്ഥിരവിനോദം. 
കോളേജിൽ ആന്റി റാഗിങ‌് സ‌്ക്വാഡ‌് ഉണ്ടെങ്കിലും അതൊന്നും ഇവരെ ബാധിക്കുന്നില്ല. പരാതിയുമായി എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും പതിവാണ‌്. അതിനാൽ ആരും പരാതി പറയാൻ ധൈര്യപ്പെടുന്നില്ല. എംഎസ‌്എഫ‌് ഗ്യാങ്ങിന്റെ റാഗിങ്ങിന‌് ഇരയായ ഒടുവിലത്തെ വിദ്യാർഥിയാണ‌് മുഹമ്മദ‌് ദിൽഷാദ‌്. 
വിദ്യാർഥികളുടെ കണ്ണും കാതും അടിച്ചുടയ‌്ക്കുക എന്നതാണ‌് ഇവരുടെ വിനോദം.  കൈകൾ പിന്നിലേക്ക‌് ചേർത്തുപിടിച്ച‌് മുഖത്തടിക്കുകയാണ‌് രീതി. തടയാൻ വരുന്നവരേയും ഭീകരമായി മർദിക്കും. ഇസ്ലാമിക്‌ ഹിസ്റ്ററി ഒന്നാംവർഷ ബിരുദ വിദ്യാർഥിയായ മുഹമ്മദ്‌ ദിൽഷാദ‌് ഒരാഴ‌്ച മുമ്പാണ‌് കോളേജിൽ ചേർന്നത‌്. 2015ൽ വിഷ്ണു എന്ന വിദ്യാർഥിയുടെ കർണപടം ‘കലിപ്പൻസ്’ എന്ന ഗ്യാങ്ങിലുള്ളവർ അടിച്ചുതകർത്തു. കോ–-ഓപ്പറേറ്റീവ‌് കോളേജിലെ വിദ്യാർഥിയായിരുന്ന വിഷ്ണു പരീക്ഷ എഴുതുന്നതിനാണ‌് കോളേജിൽ എത്തിയത‌്.  
കലിപ്പൻസ് ഗ്യാങ് അംഗങ്ങളുടെ യൂണിഫോമിന്റെ അതേ നിറമുള്ള വസ്ത്രമാണ് വിഷ്ണു ധരിച്ചിരുന്നത്. ഇത് ഇഷ്ടപ്പെടാതിരുന്ന ഗ്യാങ് അംഗങ്ങൾ കോളജിന‌് പുറത്തുപോയി വസ്ത്രം മാറണമെന്ന് ആവശ്യപ്പെട്ട‌് മർദിക്കുകയായിരുന്നു. രണ്ടു കേസുകളിലും നേതാക്കൾ ഇടപെട്ടു. പിന്നീട് ഒത്തുതീർപ്പാക്കി.
2017ൽ കോളേജ് യൂണിയൻ ഉദ‌്ഘാടന സമയത്ത‌് ഡാൻസ് കളിച്ചതിന‌് ഫഹീം എന്ന വിദ്യാർഥിയുടെ മൂക്കിടിച്ച‌് തകർത്തു. ‘ഹുങ്കൻസ്’ എന്ന ‘ഗ്യാങ്’ ആയിരുന്നു ആക്രമണത്തിനുപിന്നിൽ. ഈ സംഭവത്തിൽ ഫഹീം കേസുമായി മുന്നോട്ടുപോയതോടെ സർഫാസ് എന്ന വിദ്യാർഥിയെ പ്രതിയാക്കി കേസ് എടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. 
എസ്എഫ്ഐ പ്രവർത്തകർക്കുനേരേ പതിവായി ഇത്തരം ഗ്യാങ്ങുകളുടെ ആക്രമണം ഉണ്ടാകാറുണ്ടെന്ന‌് കോളേജിലെ വിദ്യാർഥികൾ പറഞ്ഞു. ഭൂരിഭാഗം അധ്യാപകരും ഗ്യാങ്ങുകൾക്ക‌് സഹായം ചെയ്യുന്നു. 2017ൽ എസ്എഫ്ഐ കോളേജ‌് യൂണിയൻ നേടിയപ്പോൾ അഭിവാദ്യമർപ്പിച്ച‌് സ്ഥാപിച്ച ഫ്ലക്സ് കോളേജിലെ അധ്യാപകർ രാത്രി നീക്കം ചെയ്തത് വിവാദമായിരുന്നു. 
സിസിടിവി പരിശോധിച്ചപ്പോഴാണ് അധ്യാപകർ തന്നെയാണ് ഇത‌് നീക്കംചെയ്തതെന്ന് തെളിഞ്ഞത്. തുടർന്ന‌് വിദ്യാർഥികളുമായി ബന്ധമുള്ള എല്ലാ ചുമതലകളിൽനിന്നും അധ്യാപകരെ ഒഴിവാക്കി.
 
പ്രതികൾക്കെതിരെ കർശന നടപടി വേണം: എസ‌്‌എഫ‌്ഐ
പാലക്കാട‌്
മണ്ണാർക്കാട‌് എംഇഎസ‌് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ‌് ദിൽഷാദിനെ മർദിച്ച‌് കർണപടം തകർത്ത കേസിലെ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന‌് എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
കോളേജുകളിൽ റാഗിങ‌് ഒരുതരത്തിലും അനുവദിക്കാനാവില്ല. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദ്യാർഥികളെ മാതൃകാപരമായി ശിക്ഷിക്കണം. 
പ്രതികളെ സംരക്ഷിക്കുന്ന നിലപാട‌് അംഗീകരിക്കാനാവില്ല. ക്യാമ്പസുകൾ വിദ്യാർഥി സൗഹൃദമാകണമെന്നും എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌് കെ എ പ്രയാൺ, സെക്രട്ടറി പി ദിനനാഥ‌്എന്നിവർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top