15 December Sunday
പ്രളയാനന്തര പുനർനിർമാണം

കൈത്താങ്ങായി കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
പാലക്കാട‌്
ആഗസ‌്തിൽ സംസ്ഥാനത്തുണ്ടായ പ്രളയദുരന്തം അതിജീവിക്കാൻ സർക്കാരിനും പൊതുജനങ്ങൾക്കുമൊപ്പം കുടുംബശ്രീയും കൈകോർത്തു. അയൽക്കൂട്ടം മുതൽ സംസ്ഥാന മിഷൻവരെ സർവതലങ്ങളിലും കുടുംബശ്രീ ജാഗ്രതയോടെ നാടിന‌് താങ്ങായി. രക്ഷാപ്രവർത്തനം, ദുരിതാശ്വാസ ക്യാമ്പുകൾ, ശുചീകരണം എന്നിങ്ങനെ സർവ മേഖലകളിലും കുടുംബശ്രീ ഇടപെട്ടിരുന്നു.  
കഞ്ചിക്കോട‌് അപ്നാ ഘർ ദുരിതാശ്വാസ ക്യാമ്പിൽ 700പേർക്ക് ഭക്ഷണം വിളമ്പിയത് കുടുംബശ്രീ കഫേ ഗ്രൂപ്പുകളാണ്. അട്ടപ്പാടി ആദിവാസി ഊരുകളിലടക്കം ദുരിതബാധിതർക്ക് അവശ്യസാധനങ്ങളെത്തിക്കാൻ  ജില്ലാ മിഷനും ജീവനക്കാരും മുന്നിലുണ്ടായിരുന്നു. 
പ്രളയക്കെടുതിയിൽപ്പെട്ട കുടുംബങ്ങളുടെ വീടും ചുറ്റുപാടുകളും തിരിച്ചുപിടിക്കാൻ മിഷൻ ക്ലീനിങ‌് ചെങ്ങന്നൂരുമായി സന്നദ്ധപ്രവർത്തകരുടെ സംഘം ചെങ്ങന്നൂരിലുമെത്തി. 
അട്ടപ്പാടിയിൽ കമ്യൂണിറ്റി കിച്ചണുകൾ സജീവമാക്കി. മഴക്കെടുതിയിലും ഓണം–-ബക്രീദ‌് വിപണിക്ക‌് താങ്ങായി ജില്ലയിൽ 65 പഞ്ചായത്തുകളിൽ ഓണച്ചന്ത തുടങ്ങി. പ്രളയാനന്തരം വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ‌്കരിച്ചും  മറ്റു വകുപ്പുകളോടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടും സഹകരിച്ചും നവകേരളത്തിനുള്ള ജനകീയ അതിജീവന പ്രവർത്തനങ്ങളിൽ കുടുംബശ്രീ ഇടപെട്ടു.
കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾ, മിഷൻ ജീവനക്കാർ, കുടുംബശ്രീ സംരംഭകർ, ന്യൂട്രിമിക‌്സ‌് കൺസോർഷ്യം തുടങ്ങി വിവിധതലങ്ങളിൽ നിന്ന‌് സ്വരൂപിച്ച 91,51,775രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
പ്രളയത്തിൽ വീടുകൾ നശിച്ചും വീട്ടുപകരണങ്ങൾ നഷ‌്ടപ്പെട്ടതുമായവർക്ക‌് തിരിച്ചടവ് ഉറപ്പുവരുത്തി ഗാർഹിക ഉപകരണങ്ങൾ വാങ്ങാനും ഉപജീവനോപാധികൾ നേടാനുമായി ഒരുലക്ഷംരൂപവരെ വായ്പ നൽകുന്ന റീ സർജന്റ് കേരള ലോൺ സ്കീം നടപ്പാക്കി.  
609 അയൽക്കൂട്ടങ്ങളിലായി 1,697 കുടുംബങ്ങൾക്ക് 15.05 കോടി രൂപ വായ്പയായി നൽകി.
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഉപജീവനമാർഗമൊരുക്കാൻ വിഭാവനം ചെയ്ത ‘എറൈസ്’ പദ്ധതിയിലൂടെ വിവിധ തൊഴിൽമേഖലകളിൽ നൈപുണ്യശേഷി വികസിപ്പിച്ച് വ്യക്തിഗത–-ഗ്രൂപ്പ് സംരഭങ്ങൾ ആരംഭിക്കാൻ പിന്തുണ നൽകി. 28 ബാച്ചുകളിലായി 666പേർ തൊഴിൽപരിശിലനം നേടി. അഞ്ച‌് ബാച്ചുകളിലായി 125പേരുടെ പരിശീലനം പുരോഗമിക്കുകയാണ‌്. 
പ്രളയാനന്തരം പുതിയ കേരളം സൃഷ്ടിക്കാൻ ഫണ്ട് സ്വരൂപിക്കുന്നതിന‌് സർക്കാർ പുറത്തിറക്കിയ നവകേരള ലോട്ടറിയുടെ ജനകീയവിൽപ്പന മികച്ച രീതിയിൽ നടത്തി. ലോട്ടറിപ്രചാരണത്തിനായി കുടുംബശ്രീ തിയ്യറ്റർ ഗ്രൂപ്പായ രംഗശ്രീ തെരുവുനാടകം അവതരിപ്പിച്ചു. ജില്ലയിലെ 96 സിഡിഎസ്സുകളിലൂടെ 30080 ലോട്ടറികൾ വിറ്റു. ലോട്ടറിയിലൂടെ 5844544 രൂപ കുടുംബശ്രീ ജില്ലാമിഷൻ സ്വരൂപിച്ചു നൽകി.
പ്രളയദുരിതം അനുഭവിച്ച പ്രദേശങ്ങളിൽ എസ്ബി ഗ്ലോബൽ നടപ്പാക്കുന്ന വീട‌് നിർമാണപദ്ധതിയിൽ പങ്കാളികളായി. 
അഞ്ചുലക്ഷംരൂപ ചെലവിൽ പരുതൂർ പഞ്ചായത്തിലെ അലവിക്ക‌് വീട‌് നിർമിച്ചു നൽകി. ഒപ്പംതന്നെ പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിന‌് കൺസ‌്ട്രക‌്ഷൻ ഗ്രൂപ്പുകൾ സഹായം നൽകി.
പ്രധാന വാർത്തകൾ
 Top