23 January Thursday

തസ്രാക്ക‌് എന്ന സ്വപ്‌നഭൂമി

കെ പി പ്രവീഷ‌്Updated: Wednesday Jun 19, 2019

തസ്രാക്കിലെ ഒ വി വിജയൻ സ്‌മാരകം

 

ഒരു നോവലിൽ ജീവിച്ചുമരിച്ച കഥാപാത്രങ്ങൾ അവശേഷിപ്പിച്ച ഓർമകളെ പൊടിതട്ടിയെടുക്കുക... കഥാസന്ദർഭങ്ങളിലൂടെ നടന്നുപോകാൻ കഴിയുക..കഥാകാരൻ നടന്നുപോയ വഴിയിലെ മണ്ണുകളിൽ കാൽപ്പാദം അമർത്തുക.... കരിമ്പനപ്പട്ടകളിൽ കാറ്റുപിടിക്കുന്നത‌് നേരിൽ കാണാനാകുക.. ഖസാക്കിന്റെ ഇതിഹാസം പിറന്ന തസ്രാക്ക‌് ഒരു സ്വപ്നഭൂമിയാണ‌്. വായനക്കാരന‌് നോവലിലെ കഥാപാത്രങ്ങൾ ഒക്കെയും മുന്നിൽ എവിടെയോ അദൃശ്യരൂപികളായി നിൽക്കുന്ന തോന്നലുണ്ടാക്കുന്ന ഭൂമിക. 
ഇനിയും ഇതിഹാസത്തെ അറിയാത്തവരുണ്ടെങ്കിൽ ഖസാക്കിലേക്ക‌് അധികം ദൂരമില്ല. പാലക്കാട്ടുനിന്ന‌് 10 കിലോമീറ്റർ യാത്ര. ഓർമത്തെറ്റുപോലെ മണ്ണിൽ വീണുപോയ സ്ഥലരാശി. ഉഴുതുമറിച്ച നിലങ്ങളിൽനിന്ന് കരിമ്പനത്തലപ്പുകളിലേക്ക് കയറിവരുന്ന പൊടി പുരണ്ട കാറ്റ്. കാറ്റിന് കാതോർക്കുന്ന തെങ്ങുകൾ, പറന്നിറങ്ങുന്ന വയൽക്കൊറ്റികൾ. പച്ചപ്പുനിറഞ്ഞ വയലുകൾക്കും ഗ്രാമത്തിലെ കുഞ്ഞുകൂരകൾക്കും ഇടയിൽ ഇതിഹാസം രചിച്ച ഒ വി വിജയന്റെ സ്മരണയ്ക്കായി പണി കഴിപ്പിച്ച സ്മാരകം തലയുയർത്തി നിൽക്കുന്നുണ്ട‌്. ഖസാക്കിലെ രവി പഠിപ്പിച്ച ഏകാധ്യാപക വിദ്യാലയം സ്മാരകത്തിന്റെ ഒരു വളവിനപ്പുറം ഇപ്പോഴുമുണ്ട്‌. വിജയന്റെ സഹോദരി ഒ വി ഉഷ ഏകാധ്യാപക വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്ന സമയത്താണ‌് ഇടയ്ക്ക‌് ഒ വി വിജയൻ ഇവിടെവന്ന‌് താമസിച്ചത‌്. കണ്ടുമുട്ടുന്ന ആൾക്കാരെല്ലാം പിന്നീട‌് കഥാപാത്രങ്ങളായി. രവിയും അപ്പുക്കിളിയും അള്ളാപ്പിച്ച മൊല്ലാക്കയും വഴിയാത്രകളിൽ അദ്ദേഹത്തോട‌് സംസാരിച്ചു. അങ്ങനെയാണ‌് ഇതിഹാസത്തിന്റെ പിറവി. 
കൂമൻകാവും ഖസാഖും അതിനോടുചേർന്നുള്ള ചിതലിമലയും ഒരിക്കലും മായാത്തവിധമാണ‌് കഥാകാരൻ ഇതിഹാസത്തിൽ വാക്കുകൾകൊണ്ട‌് കൊത്തിവച്ചത‌്. നോവൽ ആരംഭിക്കുന്നതും അവസാനിക്കുന്നതും രവിയിലൂടെയാണ‌്. രവി കൂമൻകാവിലെത്തുന്നതോടെയാണ‌് ഇതിഹാസത്തിന്റെ ആരംഭം.  അയാൾ തിരിച്ചുപോകുന്നു എന്ന പ്രതീകാത്മകതയിൽ അത‌് അവസാനിക്കുകയും ചെയ്യുന്നു. ഏറുമാടങ്ങളും മാവുകളുമാണ‌് രവിയെ കൂമൻകാവിൽ സ്വാഗതം ചെയ്തത‌്. കൂമൻകാവും ചിതലിമലയും ഖസാക്കും ഒന്നും രവിക്ക‌് അപരിചിതമായിരുന്നില്ല. നോവലിൽ ഒരു ഭാഗത്തും രവി ഒന്നിനോടും അപരിചിതത്വം കാണിക്കുന്നുമില്ല.
 ചരിത്രം, അല്ലെങ്കിൽ മിത്തുകൾ എന്നു വിളിക്കാവുന്ന നിരവധി കഥകൾ ഉറങ്ങുന്ന ഭൂമികയാണ‌് ഖസാക്ക‌്. സെയ്ദ‌് മിയാൻ ഷേയ്ഖിന്റെ ആയിരം വെള്ള ക്കുതിരമേൽ ഏറിവരുന്ന പട, ഷേയ്ഖ‌് സഞ്ചരിച്ചുവന്ന മുടന്തനായ പാണ്ടൻകുതിരയുടെ അന്ത്യശുശ്രൂഷയ്ക്കായി ഖസാക്കിൽ തമ്പടിക്കുകയും അത‌് മരണപ്പെട്ടപ്പോൾ ദുഃഖിതനായ ഷേയ്ഖ‌് തന്റെ പ്രിയപ്പെട്ട കുതിരയെ ഭൂമിയിൽ കബറടക്കുകയും ശിഷ്ടകാലം തന്റെ പടയുമായി അവിടെതന്നെ കഴിഞ്ഞുകൂടുകയുംചെയ്തു. അവരിലൂടെയാണ‌് ഖസാക്കിന്റെ പുതുതലമുറയുണ്ടായതെന്നാണ‌് പറയപ്പെടുന്നത‌്. ഖസാക്കിലെ സാധാരണ മനുഷ്യരുടെ ജീവിതത്തിൽ നേരിട്ടും അല്ലാതെയും രവി നടത്തുന്ന ഇടപെടലുകളാണ‌് നോവലിന്റെ ഇതിവൃത്തം. 
മലയാള നോവൽ ചരിത്രത്തെ ഖസാക്കിന‌് മുമ്പും പിമ്പുമെന്നും അടയാളപ്പെടുത്തുമ്പോൾ അതിലേറ്റവും പരാമർശമായ സവിശേഷത ഖസാക്ക‌് എന്ന മലയടിവാര ഗ്രാമമാണ‌്. പാലക്കാടിന്റെ നാട്ടിൻപുറ ഭംഗിയിൽ കരിമ്പനകൾ നിറഞ്ഞ ഖസാക്ക‌് ഒരു കേരള ഗ്രാമത്തിന്റെ എല്ലാ ശാലീനതകളും പേറുന്നുണ്ട‌്. 
ഒപ്പം നോവലിലെ കഥാപാത്രങ്ങളുടെ മുഖങ്ങളും തസ്രാക്കിലെ നിരത്തുകളിൽ എവിടെയൊക്കെയോ മറഞ്ഞിരിപ്പുമുണ്ട‌്. ഒരു ഗ്രാമം കഥാപാത്രമായി മാറിയ തസ്രാക്കിലേക്കുള്ള യാത്ര വായനയിലേക്കുള്ള മടങ്ങിപ്പോക്കുകൂടിയാണ‌്.
പ്രധാന വാർത്തകൾ
 Top