01 March Monday

ജില്ലയിൽ 2 സീറ്റ്‌ അവകാശവാദവുമായി ലീഗ്‌

●സ്വന്തം ലേഖകൻUpdated: Tuesday Jan 19, 2021
 
 
 
 
പാലക്കാട്‌
നിയമസഭാതെരഞ്ഞെടുപ്പിൽ ജില്ലയിൽ ഒരു സീറ്റുകൂടി വേണമെന്ന‌ ആവശ്യവുമായി മുസ്ലിംലീഗ്‌ നേതൃത്വം. യുഡിഎഫിൽ നിലവിൽ ഏറ്റവും വലിയ പാർടി മുസ്ലിംലീഗാണെന്നും അതിനാൽ ഒന്നിൽകൂടുതൽ സീറ്റിന്‌ അർഹതയുണ്ടെന്നുമാണ്‌ ലീഗ്‌ സംസ്ഥാന നേതൃത്വത്തിന്റെ വാദം. മണ്ണാർക്കാടിനു പുറമെ ഒറ്റപ്പാലം, പട്ടാമ്പി ഇവയിൽ ഏതെങ്കിലുമൊരു സീറ്റ്‌കൂടി നിർബന്ധമായും വേണമെന്നാണ്‌ കെപിസിസി നേതൃത്വത്തോട്‌ ലീഗ്‌ ആവശ്യപ്പെട്ടത്‌. 
പാലക്കാട്‌ ജില്ലാപഞ്ചായത്തിൽ യുഡിഎഫിന്‌ ആകെയുള്ള മൂന്ന്‌ സീറ്റിൽ രണ്ടെണ്ണം ലീഗിനാണ്‌. ജില്ലാ പഞ്ചായത്തിലെ പ്രധാന പ്രതിപക്ഷവും മുസ്ലിംലീഗാണ്‌. ആകെയുള്ള 13 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ രണ്ടെണ്ണമേ യുഡിഎഫിനുള്ളൂ –- പട്ടാമ്പിയും മണ്ണാർക്കാടും.  രണ്ടിലും പ്രസിഡന്റുമാർ ലീഗുകാരാണ്‌. ഏഴ്‌ നഗരസഭകളിൽ മണ്ണാർക്കാട്‌ മാത്രമാണ്‌ യുഡിഎഫിനുള്ളത്‌. അതിലും മുസ്ലിംലീഗിൽ നിന്നാണ്‌ ചെയർമാൻ. ഗ്രാമപഞ്ചായത്തുകളിൽ മുസ്ലിംലീഗിന്‌ സ്വാധീനമുള്ള മേഖലകളിലാണ്‌ യുഡിഎഫിന്‌ ഭരണം ലഭിച്ചത്‌. അതിനാൽ മുസ്ലിംലീഗിന്റെ ആവശ്യം ന്യായമാണെന്നും കെപിസിസി നേതൃത്വത്തിന്‌മുന്നിൽവച്ച നിബന്ധനകളിലുണ്ട്‌. 
ഒറ്റപ്പാലം, പട്ടാമ്പി മണ്ഡലങ്ങളിൽ കോൺഗ്രസാണ്‌ മത്സരിച്ചിരുന്നത്‌. പട്ടാമ്പി മണ്ഡലത്തിൽ തുടർച്ചയായി മൂന്ന്‌തവണ കോൺഗ്രസിലെ സി പി മുഹമ്മദ്‌ ജയിച്ചതാണ്‌. കഴിഞ്ഞ തവണ എൽഡിഎഫിലെ മുഹമ്മദ്‌ മുഹ്‌സിൻ‌ സി പി മുഹമ്മദിനെ തോൽപ്പിച്ചു‌. ഒറ്റപ്പാലം തുടർച്ചയായി എൽഡിഎഫ്‌ വിജയിക്കുന്ന മണ്ഡലമാണ്‌. സംസ്ഥാനത്താകെ 30 മണ്ഡലങ്ങളിൽ മത്സരിക്കാനാണ്‌ ലീഗ്‌ നേതൃത്വത്തിന്റെ തീരുമാനം‌. അതിൽ പാലക്കാട്‌ ജില്ലയിൽ രണ്ട്‌ മണ്ഡലങ്ങൾ ഉൾപ്പെടും. 
മണ്ണാർക്കാടിനുപുറമെ ഏത്‌ മണ്ഡലം നൽകണമെന്ന്‌ കോൺഗ്രസാണ്‌ തീരുമാനിക്കേണ്ടത്‌. പട്ടാമ്പി മണ്ഡലം വിട്ടുകൊടുക്കാൻ കെപിസിസി അനുകൂലനിലപാട്‌ സ്വീകരിച്ചെങ്കിലും ജില്ലയിലെ കോൺഗ്രസ്‌നേതൃത്വം എതിരാണ്‌. നിലവിൽ മുസ്ലിംലീഗ്‌ മത്സരിക്കുന്ന സിറ്റിങ്‌ സീറ്റായ മണ്ണാർക്കാട്‌ മണ്ഡലം ലീഗിന്‌ നൽകരുതെന്ന്‌ ആവശ്യപ്പെട്ട്‌ യൂത്ത്‌കോൺഗ്രസ്‌ കെപിസിസിക്ക്‌ കത്ത്‌ നൽകി.  
പട്ടാമ്പി, ഒറ്റപ്പാലം മണ്ഡലങ്ങളിൽ സ്ഥാനാർഥിമോഹവുമായി കോൺഗ്രസിലെ നിരവധിപേർ രംഗത്തുണ്ട്‌. കോൺഗ്രസിലെ അഭിപ്രായഭിന്നത പരിഹരിക്കുകയെന്നത് നേതൃത്വത്തിന് കടുത്ത തലവേദനയാകും. മണ്ഡലരൂപീകരണം മുതൽ പട്ടാമ്പിയിലും ഒറ്റപ്പാലത്തും കോൺഗ്രസാണ്‌ മത്സരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top