17 February Sunday

വരൾച്ച പ്രതിരോധിക്കാൻ തൊഴിലാളി കൂട്ടായ‌്മയില്‍ തടയണ

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019
കൂറ്റനാട‌്
വരൾച്ചയെ പ്രതിരോധിക്കാൻ പട്ടിത്തറ പഞ്ചായത്തിലെ തൊഴിലുറപ്പ‌് തൊഴിലാളികൾ. ഭാരതപ്പുഴ ചിറ്റപ്പുറത്ത് താൽക്കാലിക തടയണ നിർമിക്കുകയാണ‌് കൂട്ടായ‌്മയുടെ ലക്ഷ്യം. വെള്ളിയാങ്കല്ല് പാലത്തിനു പടിഞ്ഞാറാണ‌് പട്ടിത്തറ പഞ്ചായത്തിലെ തൊഴിലാളികൾ തടയണ നിർമിക്കുന്നത്.
 തൃത്താല ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി ഭാരതപ്പുഴയുടെ തീരത്തെ ചിറ്റപ്പുറം പമ്പ് ഹൗസിൽ 10 എച്ച്പിയുടെ മൂന്ന് മോട്ടോറുകൾ  കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. പ്രളയത്തിൽ മുങ്ങി പമ്പ് ഹൗസിന്റെ മൂന്ന് മോട്ടോറുകൾ നശിച്ചതിനെ തുടർന്നാണ് പുതിയവ സ്ഥാപിച്ചത്. തടയണ നിർമിക്കുന്നതോടെ ഇതിനു സമീപത്തേക്ക് വെള്ളമെത്തിക്കാനാകും. 
ചിറ്റപ്പുറം, ആലൂർ, കാശാമുക്ക്, കക്കാട്ടിരി, ധർമഗിരി, മല, വട്ടേനാട് ഭാഗങ്ങളിലെ നൂറ് ഹെക്ടറിലധികം കൃഷിയിടങ്ങളിലേക്ക് ഇതുവഴി വെള്ളം ലഭിക്കും.  തൃത്താല പഞ്ചായത്തിലെ കിഴക്ക്പാടം പ്രദേശം ഉൾപ്പടെ ഏക്കർകണക്കിന് കൃഷിയിടങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 
വെള്ളിയാങ്കല്ല് തടയണയിൽ വേനലിന് കരുതലായി ജലസംഭരണം ആരംഭിച്ചാൽ തടയണക്ക് പടിഞ്ഞാറ് ഭാഗങ്ങളിലെ പുഴ വറ്റുന്നത് പതിവായിരുന്നു. 
അമ്പതോളം വനിതകളാണ് തടയണ നിർമാണരംഗത്തുള്ളത്. സിമന്റ്ചാക്കുകളിൽ മണൽ നിറച്ച് ഒന്നിനുമുകളിൽ അടുക്കിവച്ചാണ് താൽക്കാലിക തടയണ നിർമാണം. 
പുഴയുടെ നീരൊഴുക്ക് കൂടുതലുള്ള ഭാഗത്ത് നൂറുമീറ്ററോളം നീളത്തിലാണ് തടയണ നിർമിക്കുന്നത്.  മണൽ നിറച്ച രണ്ടായിരത്തോളം ചാക്കുകൾ നിർമാണത്തിന് ആവശ്യമാണെന്നും തൊഴിലാളികൾ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top