22 October Thursday

ഷാഫി പറമ്പിലിനെതിരെ കോൺഗ്രസിലും അമർഷം

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
പാലക്കാട്‌
ഗവ. മോയൻസ്‌ മോഡൽ ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ ഡിജിറ്റലൈസേഷൻ  അഴിമതിയിൽ ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കെതിരെ കോൺഗ്രസിലും അമർഷം. മുൻ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഷാഫി നടത്തിയ ഇടപെടലുകളാണ്‌ എതിർഗ്രൂപ്പ്‌ ചർച്ചയാക്കുന്നത്‌. 
പാലക്കാട്‌ മെഡിക്കൽ കോളേജ്‌ ഗ്രൗണ്ടിൽ അഞ്ച്‌ കോടി രൂപ ചെലവിൽ സിന്തറ്റിക്‌ ട്രാക്ക്‌ നിർമിച്ചതിൽ വ്യാപക ക്രമക്കേടും അഴിമതിയും നടന്നുവെന്ന്‌ അന്നുതന്നെ ആരോപണമുയർന്നു. ട്രാക്ക് ഇപ്പോഴും‌ ഉപയോഗിക്കാനാവുന്നില്ല. 
കായികതാരങ്ങൾ ഏറെയുള്ള പാലക്കാട്‌ ജില്ലയിൽ അവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ്‌ സിന്തറ്റിക്‌ ട്രാക്ക്‌ നിർമിച്ചതെന്നാണ്‌ എംഎൽഎയുടെ അവകാശവാദം. നിലവാരമില്ലാത്ത ട്രാക്കിൽ ജമ്പിങ്‌പിറ്റും റൺവേയിലെ തറനിരപ്പും വ്യത്യാസമായതിനാൽ ഉപയോഗിക്കാനാവില്ല. ടേക്‌ ഓഫ്‌ ലൈനും ഇല്ല.
 ശുചിമുറിയോഅടിസ്ഥാന സൗകര്യങ്ങളോ ഇല്ല. വിശ്രമിക്കാനും വസ്‌ത്രം മാറാനുള്ള മുറിയും ഇല്ല. അതിനാൽ 2017ൽ പാലക്കാടിന്‌ അനുവദിച്ച സംസ്ഥാന സ്‌കൂൾ മീറ്റ്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റേണ്ടിവന്നു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ പാലക്കാട്‌ മെഡിക്കൽ കോളേജിൽ ജീവനക്കാരെ നിയമിച്ചതിൽ ഇടപെട്ടു എന്ന ആരോപണവും എംഎൽഎയ്‌ക്കെതിരെ ഉയർന്നിരുന്നു. അന്ന്‌ മുഖ്യമന്ത്രിയെ സ്വാധീനിച്ച്‌ ഐഎംജി എന്ന സർക്കാർ ഏജൻസിയെയാണ്‌ നിയമനച്ചുമതല ഏൽപ്പിച്ചത്‌. ഈ നിയമനം ക്രമവിരുദ്ധവും വേണ്ടത്ര യോഗ്യതയില്ലാത്തതുമാണെന്ന പരാതിയിൽ യുഡിഎഫ്‌ സർക്കാർ തന്നെ വിജിലൻസ്‌ അന്വേഷണത്തിന്‌ ശുപാർശ ചെയ്‌തു. നിയമനത്തിൽ ക്രമക്കേടുണ്ടായെന്ന്‌ പാലക്കാട്‌ വിജിലൻസ്‌ ഡിവൈസ്‌എസ്‌പിയുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. മുഴുവൻ നിയമനവും റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിജിലൻസ്‌ റിപ്പോർട്ട്‌ നൽകി. 
അന്തരിച്ച ഫുട്‌ബോൾ താരം ധൻരാജിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ നൂറണി ഫുട്‌ബോൾ ഗ്രൗണ്ടിൽ നടത്തിയ മത്സരത്തിൽ പരിധിയിൽ കൂടുതൽ പേർക്ക്‌ ടിക്കറ്റ്‌ നൽകി പങ്കെടുപ്പിച്ചതിനാൽ ഗാലറി തകർന്നുവീണു. ഈ വർഷം ജനുവരി 19ന്‌ ഉണ്ടായ ദുരന്തത്തിൽ 60 പേർക്ക്‌ പരിക്കേറ്റു. പലർക്കും ഇപ്പോൾ പരസഹായമില്ലാതെ നടക്കാനാവില്ല.
 ചികിത്സാ സഹായം നൽകുമെന്ന്‌ എംഎൽഎ ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ലെന്ന്‌ ആരോപണവുമുണ്ട്‌. സുരക്ഷയും ഇൻഷുറൻസ്‌ പരിരക്ഷയും ഒരുക്കാതെയാണ്‌ മത്സരം സംഘടിപ്പിച്ചത്‌. ദുരന്തത്തിന്റെ ഉത്തരവാദിത്തം താൽക്കാലിക ഗാലറി നിർമിച്ച കരാറുകാരന്റെ തലയിലിട്ട്‌ രക്ഷപ്പെടുകയായിരുന്നു എംഎൽഎ.
 
മോയൻ ഡിജിറ്റലൈസേഷൻ ഷാഫി പറമ്പിൽ രാജിവയ്ക്കണം: ഡിവൈഎഫ്ഐ
പാലക്കാട് 
ഗവ. മോയൻ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഡിജിറ്റലൈസേഷന്റെ പേരിൽ കുട്ടികളെ വഞ്ചിച്ച ഷാഫി പറമ്പിൽ എംഎൽഎ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
 എംഎൽഎ വിദ്യാർഥികളോടും രക്ഷിതാക്കളോടും പൊതുസമൂഹത്തോടും മാപ്പുപറയണമെന്നാവശ്യപ്പെട്ട് സ്കൂളിനുമുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധ ജ്വാല തെളിയിച്ചു.
 ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ ശിവദാസ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ജിഞ്ചു ജോസ് സ്വാഗതവും മുഹമ്മദ് ഷെബിൻ നന്ദിയും പറഞ്ഞു. 
പഠനത്തിലും കലാ–-കായിക രംഗത്തും മികവ് പുലർത്തുന്ന സ്കൂളിലെ വിദ്യാർഥികളെ ഷാഫി പറമ്പിൽ എംഎൽഎ വഞ്ചിച്ചു. ഡിജിറ്റലൈസേഷന്റെ പേരിൽ അഴിമതി നടന്നിട്ടുണ്ട്. 
വിജിലൻസ്‌ അഴിമതി സമഗ്രമായി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top