22 October Thursday
ചികിത്സാനിഷേധം

കോവിഡ് ബാധിച്ച ഗർഭിണികൾക്ക്‌ സ്വകാര്യ ആശുപത്രികളിൽ വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
പാലക്കാട് 
കോവിഡ് പ്രതിരോധത്തിൽ സഹായം ഉറപ്പുനൽകിയ സ്വകാര്യ ആശുപത്രികൾ രോഗബാധിതരായ ഗർഭിണികളെ പ്രവേശിപ്പിക്കാൻ മടിക്കുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് അയക്കുന്നുവെന്നാണ്‌ ആക്ഷേപം. 
പ്രസവത്തിന്റെ അവസാന ഘട്ടത്തിലാണ് ജില്ലാ വനിതാ ശിശു ആശുപത്രിയുടെ കോവിഡ് വാർഡിൽ ഗർഭിണികളെ പ്രവേശിപ്പിക്കുന്നത്‌. ഗുരുതരമായ സാഹചര്യത്തിൽ എത്തുന്നവരെ സിസേറിയന് വിധേയമാക്കേണ്ട സ്ഥിതിയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. 
കോവിഡ് പോസിറ്റീവായ ഗർഭിണികൾക്ക് ചികിത്സ നൽകണമെന്നും അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്‌ അവഗണിച്ചാണ് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നത്‌.
 കോവിഡ് ബാധിതരെ ചികിത്സിക്കാൻ തയ്യാറായ സ്വകാര്യ ആശുപത്രികൾവരെ കോവിഡ് പോസിറ്റീവായ ഗർഭിണികൾക്ക്‌ ചികിത്സ നിഷേധിക്കുന്നു. 
വീടുകളിൽ കഴിയവെ കോവിഡ് ബാധിതരാകുന്ന ഗർഭിണികളെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. സ്വകാര്യ ആശുപത്രികളിൽനിന്ന് കൂടുതൽ പേർ ഇവിടെയെത്തുന്നത് നേഴ്‌സുമാർ ഉൾപ്പടെയുള്ളവരുടെ ജോലിഭാരം ഇരട്ടിയാക്കി. ഈ മാസം 17 വരെ കോവിഡ് ബാധിതരായ 70 ഗർഭിണികളെ ഇവിടെ പ്രവേശിപ്പിച്ചു. 12 പ്രസവം നടന്നു. ഇവർ തുടക്കത്തിൽ ചികിത്സ തേടിയത്‌ സ്വകാര്യ ആശുപത്രികളിലാണ്‌. 
അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മികച്ച ചികിത്സ ജില്ലാ ആശുപത്രിയിൽ ലഭ്യമാക്കുന്നുണ്ട്. കോവിഡ് മുക്തരാവുന്ന അമ്മമാരെയും കുഞ്ഞുങ്ങളെയും കോവിഡ് വാർഡിൽനിന്ന് വനിതാ ശിശു ആശുപത്രിയിലെ എച്ച്ഡിയുവിലേക്ക് മാറ്റും. കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ പ്രവേശിപ്പിക്കാൻ നവജാതശിശുക്കൾക്കുള്ള ഐസിയു തയ്യാറാണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top