20 November Wednesday
അർഹർ 3,695

പ്രളയം: 3.15കോടി ധനസഹായം

സ്വന്തം ലേഖകൻUpdated: Friday Oct 18, 2019
 
പാലക്കാട്‌
ഈ വർഷത്തെ പ്രളയത്തിൽ നഷ്‌ടമുണ്ടായവർക്കുള്ള ധനസഹായ വിതരണം 85 ശതമാനം പൂർത്തിയായി. വീടുകളിൽ വെള്ളം കയറി ദുരിതാശ്വാസക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞവർക്കാണ്‌ സഹായം നൽകുന്നത്‌. അപേക്ഷകളിൽ നടത്തിയ പരിശോധനയിൽ 3,695 പേരെയാണ്‌ അർഹരായി കണ്ടെത്തിയത്‌. 
ഇവരിൽ 3150 പേർക്ക്‌ 10,000 രൂപവീതം നൽകി. വില്ലേജ്‌ ഓഫീസറും പഞ്ചായത്ത്‌ സെക്രട്ടറിയും ഉൾപ്പെട്ട സംഘമാണ്‌ പരിശോധിച്ചത്‌. ദുരിതാശ്വാസ ക്യാമ്പുകൾ പിരിഞ്ഞ്‌ രണ്ടുമാസം തികയുംമുമ്പേ ഭൂരിഭാഗം പേരുടെയും അക്കൗണ്ടിൽ 10,000 രൂപയെത്തി. തിരുവനന്തപുരം ലാൻഡ്‌ റവന്യൂ കമീഷണറേറ്റിൽനിന്ന്‌ ദുരിതബാധിതരുടെ ബാങ്ക്‌ അക്കൗണ്ടിലേക്കാണ്‌ പണം നൽകിയത്‌. പരിശോധന പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ബാക്കിയുള്ളവർക്കും നൽകും. പൂർണമായി വീട്‌ തകർന്നത്‌, കൃഷിനാശം തുടങ്ങിയവയുടെ കണക്കെടുപ്പ്‌ പൂർത്തിയാകുന്നതോടെ അതിനുള്ള സഹായവും നൽകും.  
നൂറ്റാണ്ടിലൊരിക്കൽ സംഭവിച്ചതെന്ന്‌ കരുതിയ പ്രളയത്തിന്റെ ഒരുവർഷം തികയുമ്പോഴാണ്‌ വീണ്ടുമൊരു പ്രളയമെത്തിയത്‌. സർക്കാരിന്റെയും ജനകീയ കൂട്ടായ്‌മകളുടെയും സഹായത്തോടെയും സ്വപ്രയത്‌നത്തിലൂടെയും നിറമുള്ള ജീവിതം സ്വപ്‌നം കണ്ടുതുടങ്ങിയവരാണ്‌ വീണ്ടും ക്യാമ്പിലെത്തിയത്‌.
കുന്നുംപുറത്ത്‌ കുമാരസ്വാമി കോളനി, സുന്ദരം കോളനി, ശംഖുവാരത്തോട്‌, കൽപ്പാത്തി തോട്ടുപാലം, കാവിൽപ്പാട്‌, മുണ്ടൂർ കാഞ്ഞിക്കുളം ആണ്ടിമഠത്തിലെ വിശ്വനാഥൻ നഗർ, റിവർ റോഡ്‌, തൃത്താല, കൂടല്ലൂർ, പട്ടിത്തറ, ആനക്കര, പട്ടാമ്പി, ഒറ്റപ്പാലം കണ്ണിയംപുറം, റെയിൽവേ സ്റ്റേഷൻ പരിസരം, മണ്ണാർക്കാട്‌ കരിമ്പ മൂന്നേക്കർ, കരടിയോട്‌, കുന്തിപ്പുഴ, നെല്ലിപ്പുഴ എന്നിവിടങ്ങളിലുള്ളവർ രണ്ടുപ്രളയത്തിലും ക്യാമ്പിൽ കഴിയേണ്ടിവന്നു. 
പട്ടാമ്പി, തൃത്താല, മണ്ണാർക്കാട്‌, ചിറ്റൂർ, ഒറ്റപ്പാലം, കൽപ്പാത്തി, ശേഖരീപുരം, അട്ടപ്പാടി തുടങ്ങിയ മേഖലകളെല്ലാം വെള്ളത്തിൽ മുങ്ങി. ജില്ലയിൽ വിവിധ മേഖലകളിലായി 81 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2,335 കുടുംബങ്ങളിലെ 8,269 പേർ ക്യാമ്പുകളിൽ കഴിഞ്ഞു. കുറച്ചുപേർ ബന്ധുവീടുകളിൽ അഭയം തേടി.
 
പ്രധാന വാർത്തകൾ
 Top